ബര്‍മിംഘാം: ഇടയ്ക്കിടെ പെയ്ത മഴക്കും ഇന്ത്യയുടെ വിജയക്കുതിപ്പ് തടയാന്‍ കഴിഞ്ഞില്ല. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെയും ഇന്ത്യ ഗംഭീര വിജയം സ്വന്തമാക്കി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ ഗംഭീര വിജയമാണ് ഇന്ത്യ അയല്‍ക്കാരും ചിരവൈരികളുമായ പാക്കിസ്ഥാനെതിരെ സ്വന്തമാക്കിയത്. സ്കോര്‍ പാക്കിസ്ഥാന് 39.4 ഓവറില്‍ 165ന് ഓള് ഔട്ട്. ഇന്ത്യ 19.1 ഓവറില്‍ രണ്ട് വിക്കറ്റിന് 102 (മഴനിയമപ്രകാരം) പാക്കിസ്ഥാനെതിരെ നടന്ന 125 ഏകദിനങ്ങളില്‍ ഇന്ത്യയുടെ 50-ാം വിജയമാണിത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ആദ്യ വിജയമാണിത്. ഗ്രൂപ്പ് ബിയില്‍ നിന്ന് ഇന്ത്യക്കൊപ്പം ദക്ഷിണാഫ്രിക്കയാണ് സെമിയില്‍ പ്രവേശിച്ചത്. ഭുവനേശ്വര്‍ കുമാറാണ് മാന്‍ ഓഫ് ദി മാച്ച്.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 39.4 ഓവറില്‍ 165 റണ്‍സിന് ഓള് ഔട്ടായി. മഴമൂലം മത്സരം 40 ഓവറാക്കി ചുരുക്കിയിരുന്നു. 41 റണ്‍സെടുത്ത ആസാദ് ഷഫീഖാണ് ടോപ് സ്കോറര്‍. ഉമര്‍ അമീന് 27 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മുഹമ്മദ് ഹഫീസ് 27ഉം മിസ്ബ ഉള് ഹഖ് 22ഉം കമ്രാന്‍ അക്മല്‍ 21ഉം റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വര്‍ കുമാറും ഇഷാന്ത് ശര്‍മ്മയും അശ്വിനും ജഡേജയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
തുടര്‍ന്ന് ഇന്ത്യയുടെ വിജയലക്ഷ്യം 168 റണ്‍സായി പുനര്‍നിര്‍ണയിച്ചു. എന്നാല്‍ ഇന്ത്യന്‍ സ്കോര്‍ 8.1 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 45-ല്‍ എത്തിയപ്പോള്‍ വീണ്ടും മഴയെത്തി. പിന്നീട് മഴ മാറി മത്സരം വീണ്ടും പുനരാരംഭിച്ചെങ്കിലും 11.3 ഓവറില്‍ ഒന്നിന് 63 റണ്‍സ് എന്ന നിലയില്‍ നില്‍ക്കേ മഴ വീണ്ടും വില്ലനായി. 18 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെയാണ് ഇന്ത്യക്ക് നഷ്ടമായത്. സയീദ് അജ്മലിന്റെ പന്തില്‍ മിസ്ബ ഉള് ഹഖിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്. വീണ്ടും മഴമാറി മത്സരം പുനരാരംഭിച്ചപ്പോള്‍ ഇന്ത്യയുടെ വിജയലക്ഷ്യം 22 ഓവറില്‍ 102 റണ്‍സായി നിശ്ചയിച്ചു. ഇന്ത്യക്ക് വേണ്ടി 48 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ടോപ് സ്കോറര്‍. ദക്ഷിണാഫ്രിക്കക്കെതിരെയും വിന്‍ഡീസിനെതിരെയും സെഞ്ച്വറി നേടിയ ധവാന് പാക്കിസ്ഥാനെതിരെയും ഇന്ത്യന്‍ ടോപ്സ്കോററായി. 14.3 ഓവറില്‍ സ്കോര്‍ 78-ല്‍ എത്തിയപ്പോള്‍ ധവാനും മടങ്ങി. 41 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയടക്കം 48 റണ്‍സെടുത്ത ധവാനെ വാഹിബ് റിയാസിന്റെ പന്തില്‍ ബൗണ്ടറിലൈനിനരികില്‍ വച്ച് നാസിര്‍ ജംഷാദ് പിടികൂടുകയായിരുന്നു. ടൂര്‍ണമെന്റിലാദ്യമായി വിക്കറ്റ് നഷ്ടപ്പെടുത്തിയ ധവാന് മൂന്ന് മത്സരങ്ങളില്‍നിന്ന് 264 റണ്‍സായി. തുടര്‍ന്ന് ഒത്തുചേര്‍ന്ന വിരാട് കോഹ്ലിയും (22) ദിനേശ് കാര്‍ത്തികും (11) ചേര്‍ന്ന് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
സ്കോര്‍ബോര്‍ഡ്
പാക്കിസ്ഥാന്: ജംഷേദ് സി റെയ്ന ബി ഭുവനേശ്വര്‍ 2, കനമ്രാന്‍ അക്മല്‍ സി കോലി ബി അശ്വിന് 21, ഹഫീസ് സി ധോനി ബി ഭുവനേശ്വര്‍ 27, ഷഫീഖ് സി ധോനി ബി ഇഷാന്ത് 41, മിസ്ബാ ബി ജഡേജ 22, മാലിക് എല്‍ബിഡബ്ല്യു ജഡേജ 17, അമീന് നോട്ടൗട്ട് 27, റിയാസ് ബി അശ്വിന് 0, അജ്മല്‍ സി രോഹിത് ബി ഇഷാന്ത് 5, ജുനൈദ് ഖാന് റണ്ണൗട്ട് 0, ഇര്ഫാന് റണ്ണൗട്ട് 0, എക്സ്ട്രാസ് 3, ആകെ 39.4 ഓവറില്‍ 165ന് പുറത്ത്.
വിക്കറ്റുവീഴ്ച: 1-4, 2-50, 3-56, 4-110, 5-131, 6-139, 7-140, 8-159, 9-159, 10-165.
ബൗളിങ്: ഭുവനേശ്വര്‍ കുമാര്‍ 6-2-19-2, ഉമേഷ് യാദവ് 6.4-0-29-0, ഇഷാന്ത് ശര്‍മ 7-0-40-2, അശ്വിന് 8-0-35-2, കോലി 2-0-11-0, ജഡേജ 8-1-30-2.
ഇന്ത്യ: രോഹിത് ശര്‍മ സി മിസ്ബ ബി അജ്മല്‍ 18, ശിഖര്‍ ധവാന് സി ജംഷേദ് ബി റിയാസ് 48, വിരാട് കോലി നോട്ടൗട്ട് 22, കാര്‍ത്തിക് നോട്ടൗട്ട് 11, എക്സ്ട്രാസ് 3, ആകെ 19.1 ഓവറില്‍ രണ്ടിന് 102.
വിക്കറ്റ് വീഴ്ച: 1-58, 2-78.
ബൗളിങ്: മുഹമ്മദ് ഇര്ഫാന് 4-0-24-0, ജുനൈദ് ഖാന് 4-0-21-0, അജ്മല്‍ 5-0-29-1, ഹഫീസ് 2.1-0-8-0, റിയാസ് 4-0-20-1
പ്രതികരിക്കാൻ ഇവിടെ എഴുതുക: