ഫോംപെന്: കംബോഡിയയില്‍ മധ്യകാലഘട്ടത്തിലെ മഹാക്ഷേത്രം കണ്ടെത്തി. കീഴ്ക്കാന്‍ തൂക്കായ മലനിരകള്‍ ഉള്‍പ്പെട്ട വനത്തിനുള്ളിലാണ് ഹിന്ദു ക്ഷേത്രം സ്ഥിതി ചെയ്യുന്നതായി കണ്ടെത്തിയത്.
1,200 വര്‍ഷം മുന്‍പ് അപ്രത്യക്ഷമായെന്നു കരുതുന്ന നഗരത്തിന്റെ ഭാഗമായ ക്ഷേത്രമാണ് പുരാവസ്തു ഗവേഷകരുടെ കണ്ണില്‍പ്പെട്ടത്. മനുഷ്യര്‍ക്ക് ചെന്നെത്താന്‍ പ്രയാസമുള്ള കാട്ടിനുള്ളിലെ പുരാതന നഗരത്തെ അത്യാധുനിക വിമാനങ്ങളില്‍ ലേസര്‍ സാങ്കേതിക വിദ്യ ഘടിപ്പിച്ചാണ് കണ്ടുപിടിച്ചത്.
ഫ്രാന്‍സില്‍ ജനിച്ച അര്ക്കിയോളജിസ്റ്റിന്റെ നേതൃത്വത്തില്‍ ഒരു പത്രപ്രവര്ത്തകന്, ഫോട്ടോഗ്രാഫര്‍, തുടങ്ങിയവരാണ് ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം തേടി സാഹസികയാത്ര നടത്തിയത്.
ലൈടര്‍ എന്ന ഉപകരണത്തിന്റെ സഹായത്തോടെ യാത്രക്ക് ആവശ്യമായ സാധനങ്ങളും വഴികാട്ടാനായി ആങ്കര്‍ വൈഡ് ഏരിയ നെറ്റ് വര്‍ക്കും ഹെലികോപ്റ്ററില്‍ ഘടിപ്പിച്ചിരുന്നു. പത്തു ലക്ഷത്തോളം ലേസര്‍ പള്സ്സിന്റെ സഹായത്തോടെ ഗവേഷകര്‍ കാടാല്‍ മൂടപ്പെട്ട നഗരത്തിന്റെ ഭൂപടം നിര്‍മ്മിക്കുകയായിരുന്നു.
പൂര്‍ണ്ണമായതും കുറ്റമറ്റതുമായ ഭൂപടം നിര്‍മ്മിക്കാന്‍ സാധിച്ചില്ലെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ പഠനത്തിനു വിധേയമാകുമ്പോള്‍ കൂടുതല്‍ അതിശയിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമെന്നാണ് അര്ക്കിയോളജിസ്റ്റുമാരുടെയും ശാസ്ത്രജ്ഞന്മാരുടെയും പ്രതീക്ഷ. എ ഡി 802 കാലഘട്ടില്‍ നിര്‍മ്മിക്കപ്പെട്ട നഗരമാണ് ഇതെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്.
നിലവില്‍ ഇവിടെ രണ്ടു ഹിന്ദു ക്ഷേത്രങ്ങള്‍ നിലനിന്നിരുന്നതായി കരുതപ്പെടുന്നു. സേറ്റ് ലൈറ്റ് നാവിഗേഷന്റെ സഹായത്തോടെ റോഡ്, ഓടകള്‍, ചെറുഡാം എന്നിവ ഉള്ളതായി കണ്ടെത്തി. നഗരത്തിന്റെ പേര് മഹേന്ദ്രപര്‍വതം എന്നാണ്.
ക്ഷേത്രാവശിഷ്ടങ്ങളില്‍ ഹിന്ദു ദേവീ ദേവന്മാരുടെ ചിത്രങ്ങള്‍ കല്ലില്‍ കൊത്തിയിയിരിക്കുന്നു. പൂജക്ക് ഉപയോഗിക്കുന്ന സാധനങ്ങളും കണ്ടെത്തി. അനേകം ദശാബ്ദങ്ങളായി നടത്തിവന്ന അന്വേഷണത്തില്‍ തെളിയിക്കാന്‍ കഴിയാത്തവയാണ് ആധുനിക സാങ്കേതിക വിദ്യയിലൂടെ കണ്ടെത്തിയത്.
ഇന്നു നിലനില്ക്കുന്നതിനേക്കാള് കൃത്യമായ പദ്ധതിയാല്‍ ആവിഷ്കരിക്കപ്പെട്ട മനോഹര നഗരമാണെന്നും ബഹുനിലകെട്ടിടങ്ങളും നടപ്പാതകളും ജലം സുക്ഷിക്കുന്നതിനായി ഡാമുകളും മതിലുകളും കൃഷിയിടങ്ങളും ഉള്ളതായി മോര്‍ണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യു എസിലെ നാഷണല്‍ അക്കാഡമി ഓഫ് സയന്‍സിലൂടെ കണ്ടുപിടുത്തത്തിന്റെ മറ്റു വിശദാംശങ്ങള്‍ ലോകത്തെ അറിയിക്കാന്‍ തയ്യാറെടുക്കുകയാണ് ഗവേഷകര്‍. ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമാണ് കംബോഡിയില്‍ കണ്ടെത്തിയതെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.
തങ്ങളുടെ സംസ്കാരത്തിന്റെ തുടക്കമാണ് കണ്ടെത്തിയ നഗരമെന്നും അതിനാല്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും കംബോഡിയ സാംസ്കാരിക മന്ത്രി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: