ആറ്റിങ്ങല്‍ : ആറ്റിങ്ങലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുഖംമൂടിധാരികളായ മൂന്നംഗസംഘം അതിക്രമിച്ച് കയറി ജീവനക്കാരെ കെട്ടിയിട്ട് പണവും ആഭരണങ്ങളും കൊള്ളയടിച്ചു. ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം. കോടതിക്ക് സമീപമുള്ള പോപ്പുലര്‍ ഫൈനാന്‍സിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
രാവിലെ സ്ഥാപനത്തിലെ ജീവനക്കാരിയായ ആറ്റിങ്ങല്‍ സ്വദേശി ഓമന (41) വന്ന് സ്ഥാപനം തുറന്ന് വൃത്തിയാക്കുന്നതിനിടയില്‍ അപരിചിതനായ ഒരാള്‍ അകത്തു പ്രവേശിക്കുകയും ഇവരുമായി സംസാരിക്കുകയും ചെയ്തു. ഈ സമയം മറ്റ് രണ്ടു മുഖംമൂടി ധാരികള്‍ കൂടി ഉള്ളില്‍ പ്രവേശിക്കുകയും ജീവനക്കാരിയെ മൂവരും ചേര്‍ന്ന് ബന്ധിയാക്കുകയുമായിരുന്നു. മറ്റു ജീവനക്കാരെത്തുന്ന മുറയ്ക്ക് ഓരോരുത്തരേയും ബന്ദിയാക്കി.
മാനേജര്‍ കൊല്ലം സ്വദേശി സാജന് (60), ആറ്റിങ്ങല്‍ സ്വദേശികളായ മായ (33), ദിവ്യ (33) എന്നിവരുടെ കൈയും കാലും ബന്ദിച്ച് വായില്‍ പ്ലാസ്റ്ററൊട്ടിച്ച് കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി സ്ട്രോങ്ങ് റൂമിന്റെ താക്കോല്‍ കൈവശപ്പെടുത്തിയ തസ്കരസംഘം ലോക്കറില്‍ സൂക്ഷിച്ചിരുന്ന രണ്ട് കിലോയോളം സ്വര്‍ണാഭരണങ്ങളും അഞ്ചരലക്ഷം രൂപയും അപഹരിച്ചു. കൂടാതെ ജീവനക്കാരെ മര്‍ദ്ദിച്ച് അവരുടെ ദേഹത്തുണ്ടായിരുന്ന എട്ടുപവനോളം ആഭരണങ്ങള്‍ പൊട്ടിച്ചെടുത്തു. അവരുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന മൂവായിരത്തോളം രൂപയും കൈക്കലാക്കിയാണ് സംഘം സ്ഥലംവിട്ടത്. പരിക്കേറ്റ ജീവനക്കാര്‍ക്ക് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രഥമു ശുശ്രൂഷ നല്കി.
ആക്ഷന്‍ സിനിമയെ വെല്ലുന്ന രീതിയില്‍ പട്ടാപ്പകല്‍ ജനത്തിരക്കേറിയ ആറ്റിങ്ങലില്‍ നടന്ന കവര്‍ച്ചയില്‍ വ്യാപാരികളും നാട്ടുകാരും നടുങ്ങിയിരിക്കുകയാണ്. അക്രമികള്‍ ഉപേക്ഷിച്ച കത്തി ഇഴഞ്ഞു നീങ്ങി എടുത്താണ് മറ്റു ജീവനക്കാരുടെ സഹായത്തോടെ മാനേജര്‍ ബന്ധനത്തില്‍ നിന്ന് മോചിതനായത്. ഇയാള്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പോലീസാണ് മറ്റ് ജീവനക്കാരെ മോചിപ്പിച്ചത്.
ആറ്റിങ്ങല്‍ ഡിവൈഎസ്പി പ്രതാപന്‍നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥാപനത്തില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകള്‍ വിശദമായി പരിശോധിച്ചതില്‍ നിന്നു മോഷ്ടാക്കങ്ങളില് ഒരാളുടെ മുഖം വ്യക്തമായിട്ടുണ്ട്. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണം സംഘം അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങളില്‍ നിന്നു പ്രതികളെക്കുറിച്ചുള്ള സൂചനലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും ഡിവൈഎസ്പി പറഞ്ഞു. തിരുവനന്തപുരത്ത് നിന്നും എത്തിയ ഫിംഗര്‍ പ്രിന്റ് വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലം പരിശോധിച്ചു. പോലീസ് നായ് മണം പിടിച്ച് ബിടിഎസ് റോഡുവരെ ചെന്നുനിന്നു. മോഷ്ടാക്കള്‍ കൈയുറ ധരിച്ചതിനാല്‍ അവ്യക്തമായുള്ള വിരലടയാളങ്ങളേ ലഭ്യമായുള്ളൂവെന്ന് ഫിംഗര്‍പ്രിന്റ് വിദഗ്ധര്‍ പറഞ്ഞു. സംഭവമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് സ്ഥലത്ത് തടിച്ചുകൂടിയത്. കുറെ നേരത്തേക്ക് ഗതാഗതം താറുമാറായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: