ബര്‍മിംഘാം: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ പാക്കിസ്ഥാന് 39.4 ഓവറില്‍ 165 റണ്‍സിന് പുറത്തായി. മഴമൂലം മത്സരം 40 ഓവറായി ചുരുക്കിയിരുന്നു. ടോസ് നേടിയ ഇന്ത്യ പാക്കിസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. 41 റണ്‍സെടുത്ത ആസാദ് ഷഫീഖാണ് ടോപ് സ്കോറര്‍. ഉമര്‍ അമീന് 27 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മുഹമ്മദ് ഹഫീസ് 27ഉം മിസ്ബ ഉള് ഹഖ് 22ഉം കമ്രാന്‍ അക്മല്‍ 21ഉം റണ്‍സെടുത്തു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയതും ഇന്ത്യന്‍ താരങ്ങളുടെ മികച്ച ഫീല്‍ഡിംഗുമാണ് പാക്കിസ്ഥാനെ ചെറിയ സ്കോറില്‍ ഒതുക്കിയത്. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 168 റണ്‍സായി നിര്‍ണയിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മഴമൂലം വീണ്ടും കളിനിര്‍ത്തുമ്പോള്‍ 8.1 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ 47 റണ്‍സെടുത്തിട്ടുണ്ട്. 29 റണ്‍സുമായി ധവാനും 16 റണ്‍സുമായി രോഹിത് ശര്‍മയുമാണ് ക്രീസില്‍.
കഴിഞ്ഞ മത്സരങ്ങളില്‍ നിന്നും വ്യത്യസ്തമായി നസീര്‍ ജംഷാദിനൊപ്പം കമ്രാന്‍ അക്മല്‍ ഓപ്പണിങ്ങിനിറങ്ങിയെങ്കിലും മികച്ച തുക്കം നല്കാന് കഴിഞ്ഞില്ല. സ്കോര്‍ നാലില്‍ എത്തിയപ്പോള്‍ രണ്ട് റണ്‍സെടുത്ത നസിര്‍ ജംഷാദ് ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ റെയ്നക്ക് ക്യാച്ച് നല്കി മടങ്ങി. രണ്ടാം വിക്കറ്റില്‍ അക്മലിനൊപ്പം ചേര്‍ന്ന മുഹമ്മദ് ഹഫീസ് ടീമിനെ മുന്നോട്ട് നയിച്ചെങ്കിലും സ്കോര്‍ 50-ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റും നഷ്ടമായി. 27 റണ്‍സെടുത്ത മുഹമ്മദ് ഹഫീസിനെ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ധോണി പിടികൂടി. ആറ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മൂന്നാം വിക്കറ്റും നഷ്ടമായി. കമ്രാന്‍ അക്മലിനെ അശ്വിന്റെ പന്തില്‍ കോഹ്ലി പിടികൂടുകയായിരുന്നു. പിന്നീട് മിസ്ബയും ആസാദ് ഷഫീഖും ചേര്‍ന്ന് സ്കോര്‍ 110-ല്‍ എത്തിച്ചു. എന്നാല്‍ മിസ്ബയെ ബൗള്‍ഡാക്കി രവീന്ദ്ര ജഡേജ പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കി. സ്കോര്‍ 131-ല്‍ നില്‍ക്കേ ടോപ് സ്കോറര്‍ ആസാദ് ഷഫീഖും മടങ്ങി. ഷഫീഖിനെ ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ ധോണി പിടികൂടി. സ്കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോള്‍ 17 റണ്‍സെടുത്ത ഷൊഐബ് മാലിക്കിനെ ജഡേജ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ 6ന് 139 എന്ന നിലയിലേക്ക് പാക്കിസ്ഥാന് തകര്‍ന്നു. പിന്നീടെത്തിയവരില്‍ ഉമര്‍ അമിന്‍ മാത്രമാണ് ഇന്ത്യന്‍ ബൗളിംഗിനെതിരെ പിടിച്ചുനിന്നത്. വഹാബ് റിയാസ്, സയീദ് അജ്മല്‍, ജുനൈദ് ഖാന് മുഹമ്മദ് ഇര്ഫാന് എന്നിവര്‍ പരാജയമായതോടെ പാക് ഇന്നിംഗ്സ് 165-ല്‍ അവസാനിച്ചു. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വര്‍ കുമാറും ഇഷാന്ത് ശര്‍മ്മയും അശ്വിനും ജഡേജയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: