കാര്‍ഡിഫ്: ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം നിര്‍ണായകമായ മത്സരം ടൈയില്‍ കലാശിച്ചതോടെ മികച്ച റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ വെസ്റ്റിന്‍ഡീസിനെ മറികടന്നാണ് ദക്ഷിണാഫ്രിക്ക സെമിയില്‍ പ്രവേശിച്ചത്.
മഴ തടസ്സപ്പെടുത്തിയ മത്സരം 31 ഓവറായി ചുരുക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സെടുത്തു. 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 26.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തപ്പോഴേക്കും വീണ്ടും മഴയെത്തി. തുടര്‍ന്ന് വീണ്ടും വിജയലക്ഷ്യം 191 ആയി വെട്ടിച്ചുരുക്കി. കളി തുടരാനാവില്ലെന്ന് ഉറപ്പായതോടെ മത്സരം സമനിലയില്‍ പിരിയുകയായിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഓപ്പണര്‍ കോളിന് ഇന്‍ഗ്രാമിന്റെ അര്‍ധ സെഞ്ചുറി മികവിലാണ് മികച്ച സ്കോറിലെത്തിയത്. 63 പന്തില്‍ നിന്ന് ആറ് ഫോറും രണ്ടു സിക്സറും പറത്തി ഇന്‍ഗ്രാം 73 റണ്‍സെടുത്തു. ഡേവിഡ് മില്ലര്‍ 38ഉം ഡിവില്ലിയേഴ്സ് 37ഉം ഡുപ്ലെസിസ് 35 റണ്‍സും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് ക്രിസ് ഗെയ്ലും ജോണ്സണ് ചാള്‍സും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഗെയ്ല് 27 പന്തില്‍ നിന്ന് 36 റണ്‍സെടുത്തു. മധ്യനിരയില്‍ മര്‍ലോണ്‍ സാമുവല്‍സിന്റെ വെടിക്കെട്ട് പ്രകടനം വിന്‍ഡീസിനെ ലക്ഷ്യത്തോട് അടുപ്പിച്ചു. 38 പന്തില്‍ നിന്ന് ആറ് ഫോറും രണ്ട് സിക്സറും പറത്തി 48 റണ്‍സാണ് സാമുവല്‍സ് അടിച്ചുകൂട്ടിയത്. ഡെവണ്‍ സ്മിത്ത് 30 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി സ്റ്റെയ്ന് രണ്ട് വിക്കേറ്റ്ടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: