അങ്കാറ: തുര്‍ക്കിയിലെ വിവാദമായ ഗെസി പാര്‍ക്ക് പുനരുദ്ധാരണ പദ്ധതിയുടെ പേരില്‍ ഈസ്റ്റാംബൂളിലെ താക്സിം ചത്വരത്തില്‍ പ്രതിഷേധം നടത്തുന്നവരുമായി തുര്‍ക്കി പ്രധാനമന്ത്രി തയ്യിപ് എര്ഡോഗന് നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.
പ്രതിഷേധത്തിന് നേതൃത്വം നല്കുന്ന താക്സിം സോളിഡാരിറ്റി പ്രതിനിധികളുമായാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത്. തലസ്ഥാനമായ അങ്കാറയിലായിരുന്നു ചര്‍ച്ച. ഗെസി പാര്‍ക്കിനു ചുറ്റും തടിച്ചു കൂടിയ സമരക്കാര്‍ പിരിഞ്ഞു പോകണമെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇതാദ്യമായാണ് പ്രതിഷേധക്കാരുമായി എര്ഡോഗന് നേരിട്ട് ചര്‍ച്ച നടത്തുന്നത്. ഇന്നലെ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി അന്ത്യശാസനം നല്‍കിയിരുന്നു. ഇതിനു ശേഷമായിരുന്നു ചര്‍ച്ച. ഗേസി പാര്‍ക്കിന്റെ പുനരുദ്ധാരണം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം സര്‍ക്കാര്‍ വക്താവ് ഹുസൈന് സെലിക് പറഞ്ഞു.
പാര്‍ക്കിലും സമീപത്തുള്ള താക്സിം ചത്വരത്തിലും പ്രതിഷേധം നടത്തുന്നവരും പോലീസും തമ്മില്‍ നിരവധി തവണ ഏറ്റുമുട്ടിയിരുന്നു. പ്രതിഷേധം മറ്റിടങ്ങളിലേക്കും വ്യാപിച്ചതോടെ ദേശവ്യാപക പ്രതിഷേധത്തിന്റെ സ്വഭാവവും ഇതിന് കൈവന്നിരുന്നു. തുടര്‍ന്നാണ് പ്രധാനമന്ത്രി പ്രതിഷേധക്കാര്‍ക്ക് അന്ത്യശാസനം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: