ആറന്മുള പ്രദേശത്ത് സ്വകാര്യ ഭൂമികള്‍ നിയമം ലംഘിച്ച് വാങ്ങിക്കൂട്ടയതിന് പുറമേ സര്‍ക്കാര്‍ ഭൂമിയിലും വന്‍തോതിലുള്ള കയ്യേറ്റങ്ങളാണ് നടന്നിട്ടുള്ളത്. ഇത് ചൂണ്ടിക്കാട്ടി ആറന്മുള പൈതൃക ഗ്രാമ സമിതി മുഖ്യരക്ഷാധികാരി കുമ്മനം രാജശേഖരന് നല്കിയ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതിയുടെ ചെന്നൈ ഹരിതട്രൈബ്യൂണല്‍ ആറന്മുളയിലെ വ്യവസായമേഖലാ പ്രഖ്യാപനവും, വിമാനത്താവള നിര്‍മ്മാണവും ഏപ്രില്‍ രണ്ടിന് സ്റ്റേ ചെയ്തു. എന്നാല്‍ കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ച് ഈ സ്റ്റേ ഒഴിവാക്കുകയായിരുന്നു പിന്നീട്.
ആറന്മുള പ്രദേശത്ത് നിലംനികത്താനോ മറ്റേതെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കോ ഒരു അനുമതിയും നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ രേഖകള്‍ തന്നെ വെളിപ്പെടുത്തുന്നത്. നിലംനികത്തുന്നതിനുള്ള അനുമതി പത്തനംതിട്ട ജില്ലാ കളക്ടറുടെ ഓഫീസില്‍ നിന്നും കെ.ജി.എസ്. എയര്‍പോര്‍ട്ട് ലിമിറ്റഡിനോ, മറ്റാര്‍ക്കെങ്കിലുമോ നല്‍കിയിട്ടില്ലെന്നാണ് ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടുകളിലെല്ലാം ജില്ലാ കളക്ടര്‍ ആവര്‍ത്തിച്ച് വിശദീകരിക്കുന്നത്.
ആറന്മുള വില്ലേജില്‍ സര്‍ക്കാര്‍ തോട് നികത്തുകയും, മുല്ലപ്പുഴശ്ശേരി വില്ലേജില്‍ 2.3540 ഹെക്ടര്‍ തോട് പുറമ്പോക്ക് കയ്യേറിയതിനുമെതിരെ കേരള ഭൂസംരക്ഷണ നിയമപ്രകാരം കോഴഞ്ചേരി അഡീഷണല്‍ തഹസീല്‍ദാര്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ഈ സ്ഥലത്ത് സര്‍ക്കാര്‍ ഭൂമിയെന്ന ഒരു ബോര്‍ഡ് സ്ഥാപിക്കാന്‍ മാത്രമാണ് ബന്ധപ്പെട്ട അധികൃതര്‍ക്ക് നാളിതുവരെ കഴിഞ്ഞിട്ടുള്ളത്. ഈ കേസുകളൊക്കെ നിലനില്‍ക്കെയാണ് കോഴഞ്ചേരി ചാരിറ്റബിള്‍ ആന്റ് എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ പേരില്‍ വാങ്ങിക്കൂട്ടിയ ഭൂമി കെ.ജി.എസ്. ഗ്രൂപ്പിന്റെ ചുമതലയിലുള്ള ആറന്മുള എയര്‍പോര്‍ട്ട് ലിമിറ്റഡിന് വിറ്റത്.
ഇതിന് പുറമെ ഇടയാറന്മുള മുറിയില്‍ തുരുത്തിമല തയ്യില്‍ വീട്ടില്‍ ജാനകി, കാഞ്ഞങ്ങാട് അട്ടയങ്ങാനം കൊളങ്ങരാടി വീട്ടില്‍ പി. എം. രാജന് എന്നിവരുടെ അവകാശം കിട്ടിയ ഭൂമി കള്ളപ്രമാണം ചമച്ച് കെ.ജി.എസ്. ഗ്രൂപ്പിന് എബ്രഹാം കലമണ്ണില്‍ കൈമാറിയതായുള്ള പരാതിയും നിലനില്‍ക്കുന്നതായി ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാണിക്കുന്നു.
വിമാനത്താവള നിര്‍മ്മാണത്തിന്റെ പേരില്‍ വിവിധ മന്ത്രാലയങ്ങളെ വിലയ്ക്കെടുത്ത് അനുമതികള്‍ കെ.ജി.എസ്. ഗ്രൂപ്പ് പല സന്ദര്‍ഭങ്ങളിലായി കൈവശപ്പെടുത്തിയിട്ടുണ്ടെങ്കിലും പാരിസ്ഥിതിക വകുപ്പിന്റെ അനുമതി കടുത്ത സമ്മര്ദ്ദങ്ങളുണ്ടയിട്ടും ഇനിയും ലഭിച്ചിട്ടില്ല. ഒരു അനുമതിയും നല്കിയിട്ടില്ലെന്ങ്കേന്ദ്ര മന്ത്രിമാരായ ജയ്റാം രമേശും, ജയന്തി നടരാജനും അടുത്ത ദിവസങ്ങളില്‍ പോലും വിശദീകരിച്ചിരുന്നു.
തന്ത്രപ്രധാനമായ അനുമതി ഇനിയും ലഭിക്കാത്ത ഒരു സ്വകാര്യ വിമാനത്താവള പദ്ധതിയാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ രണ്ടായിരം കോടി മുതല്‍ മുടക്കുള്ള കേരളത്തിന്റെ പദ്ധതിയായി കടന്നു കൂടിയെന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുകയാണ്. ഇവിടെയാണ് ഈ പദ്ധതിക്ക് പിന്നിലുള്ള നിഗൂഢശക്തികളുടെ രാഷ്ട്രീയ സ്വാധീനം വ്യക്തമാകുന്നത്. ആറന്മുളയെന്ന ഒരു നാടിന്റെ സംസ്കൃതി പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന തരത്തിലുള്ള ഇവരുടെ നീക്കങ്ങള്‍ക്കു പിന്നിലെ ലക്ഷ്യങ്ങള്‍ ഇനിയും വ്യക്തമായിട്ടില്ലെന്നു തന്നെ പറയാം. ഓരോ നീക്കങ്ങളും ഓരോ ഗൂഢോദ്ദേശ്യത്തോടു കൂടിയതുമാണ്.
ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത് ആറന്മുള വിമാനത്താവളമെന്ന ചീട്ടുകൊട്ടാരത്തെ മുന്‍നിര്‍ത്തി എബ്രഹാം കലമണ്ണിലും കെ.ജി.എസ്. ഗ്രൂപ്പും ചേര്‍ന്ന് ഭൂമാഫിയകള്‍ക്കു വേണ്ടിയുള്ള കൂട്ടുകച്ചവടമാണ് ഇവിടെ നടത്തിയിരിക്കുന്നത് എന്നാണ്. ഭൂമാഫിയ – രാഷ്ട്രീയ അച്ചുതണ്ടിന്റെ വന്സ്വാധീനങ്ങളില്സര്ക്കാര് സംവിധാനങ്ങളും വഴിമാറ്റപ്പെടുന്നത് കാണാം.
പ്രക്ഷോഭകര്‍ ഉയര്‍ത്തുന്ന നിയമപ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ കഴിയാതെ വന്നതോടെ ആറന്മുള വിമാനത്താവളത്തിനായി എബ്രഹാം കലമണ്ണില്‍ നിന്ന് കെ.ജി.എസ്. ഗ്രൂപ്പ് വാങ്ങിയ 232 ഏക്കര്‍ വയല്‍ മേഖല റവന്യൂ വകുപ്പ് മിച്ചഭൂമിയായി പ്രഖ്യാപിച്ച് ലാന്റ് ബോര്‍ഡ് ഉത്തരവിടുകയുണ്ടായി. കോഴഞ്ചേരി താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്മാന് അബ്ദുള്‍ സമദ് ആണ് ഉത്തരവിറക്കിയത്. ഇതിന്റെ പോക്കുവരവ് റവന്യൂ കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ കളക്ടര്‍ റദ്ദാക്കുകയും ചെയ്തു. 232 ഏക്കര്‍ ഭൂമി ലാന്റ്ബാങ്കിലേക്ക് കണ്ടുകെട്ടാന്‍ തഹസീല്‍ദാര്‍ അദ്ധ്യക്ഷനായുള്ള ഹിയറിംഗ് കമ്മറ്റി തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ നടപടികളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി ഉദ്യോഗസ്ഥരെ ഒന്നൊന്നായി ഒഴിവാക്കുന്ന രാഷ്ട്രീയ തന്ത്രങ്ങള്‍ അരങ്ങേറി. ഇതിനിടെ മിച്ചഭൂമി പ്രഖ്യാപനത്തിനെതിരെ എബ്രഹാം കലമണ്ണില്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരിക്കുകയാണ്. ഇതിന്റെ വാദം കോടതിയില്‍ നടന്നു വരികയാണ്.
മാഫിയകളുടെയും അധോലോക ശക്തികളുടെയും താല്പര്യങ്ങള്ക്കനുസൃതമായി നിലകൊള്ളാതെ സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ തന്നെ പീഡിപ്പിക്കുന്നതായും കാണാം. ഇതിന്റെ ആദ്യത്തെ ഇര പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന വി. എന്‍. ജിതേന്ദ്രനായിരുന്നു. ആറന്മുള വിമാനത്താവള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടന്ന അനധികൃത നടപടികള്‍ക്കെതിരെ നിലകൊണ്ടതാണ് അദ്ദേഹത്തിന്റെ സ്ഥാന ചലനത്തിന് വഴിയൊരുക്കിയതെന്ന് ഇവിടുത്തെ ജനങ്ങള്‍ ഒന്നടങ്കം വിശ്വസിക്കുന്നു. കെ.ജി.എസ്. ഗ്രൂപ്പിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജില്ലാ കളക്ടര്‍ നിരന്തരം സര്‍ക്കാരിന് റിപ്പോര്‍ട്ടുകള്‍ കൈമാറിയിരുന്നത് ജില്ലയിലെ ജനപ്രതിനിധികളെ ചൊടിപ്പിച്ചിരുന്നു. പത്തനംതിട്ടയിലെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ക്രിയാത്മക നടപടികള്‍ ആവശ്യമാണെന്നും, വിമാനത്താവള നിര്‍മ്മാണ കമ്പനിക്കെതിരെ ശക്തമായ നിയമ നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
തിരുവാഭരണപ്പാതയിലെ കയ്യേറ്റം ഒഴിപ്പിക്കല്‍, ചെമ്പന്മുടി, കലഞ്ഞൂര്‍, കന്നിമല എന്നിവിടങ്ങളിലെ അനധികൃത പാറമടകള്‍ക്കെതിരെയുള്ള ജനകീയ സമരങ്ങള്‍ ശരിയാണെന്ന കളക്ടറുടെ നിലപാടുകളും അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കുന്നതിന് ഭരണനേതൃത്വങ്ങള്‍ ഉപയോഗിക്കുകയുണ്ടായി. സര്‍ക്കാരിന് അപ്രിയമുണ്ടാക്കാതെ കോട്ടയത്തും മറ്റും മൂന്നേമുക്കാല്‍ വര്‍ഷത്തിലധികം കളക്ടര്‍ പദവിയില്‍ ഒരേ ആള്‍തന്നെ കഴിഞ്ഞു കൂടിയപ്പോഴാണ് ഏഴു മാസമെത്തുന്നതിന് മുമ്പു തന്നെ ജിതേന്ദ്രനെ പത്തനംതിട്ട ജില്ലാ കളക്ടര്‍ പദവിയില്‍ നിന്നും തുരത്തിയത്. ഭരണകൂടത്തിന്റെ വഴിവിട്ട നടപടികള്‍ക്ക് ഒത്താശ ചെയ്യാതെ, അവര്‍ക്ക് അഹിതകരമായി പ്രവര്‍ത്തിക്കുന്ന ഉദ്യേഗസ്ഥരെ വച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശം കൂടിയാണ് കളക്ടറുടെ മാറ്റത്തിലൂടെ നല്‍കിയത്.
ഇതിനു പിന്നാലെ ആറന്മുളയിലെ 232 ഏക്കര്‍ വയല്‍ മേഖല മിച്ചഭൂമിയായി പ്രഖ്യാപിച്ച് സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ച ലാന്റ് ബോര്‍ഡ് ചെയര്മാന് അബ്ദുള്‍ സമദിനെ സ്ഥലം മാറ്റിയത്. സര്‍ക്കാരിന് വേണ്ടി നിയമലംഘനങ്ങള്‍ കണ്ടെത്തി നിയനടപടികള്‍ ആരംഭിക്കുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ സര്‍ക്കാര്‍ തന്നെ പുരസ്കാരം നല്കി ആദരിച്ച വ്യക്തിയാണ് അബ്ദുള്‍ സമദ് എന്ന കാര്യം കൂടി ഓര്‍ക്കണം. മെയ് 20 നാണ് സ്ഥലം മാറ്റ ഉത്തരവുണ്ടായത്. പുതുതായി നിയമിക്കപ്പെട്ട ലാന്റ് ബോര്‍ഡ് ഡെപ്യൂട്ടി കളക്ടര്‍ എ.ടി. സുരേഷ് കുമാറും സ്ഥലംമാറ്റ ഭീഷണിയുടെ നടുവിലാണ്. ഇദ്ദേഹം പത്തനംതിട്ട സ്വദേശിയാണ്. സമദിന് സ്ഥാനചലനം ഉണ്ടായതിനു പിന്നാലെ ആറന്മുളയിലെ വിമാനത്താവള നിര്‍മ്മാണപ്രദേശം മിച്ചഭൂമിയുടെ പരിധിയില്‍ നിന്നും ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമെന്ന റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്റെയും, തടസ്സങ്ങള്‍ നീക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയും കൂട്ടിവായിക്കേണ്ടതാണ്.
(നാളെ: പൈതൃകഗ്രാമസമിതി ഇല്ലായിരുന്നെങ്കില്‍)
കെ.ഡി. ഹരികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: