തിരുവനന്തപുരം: തിരുവനന്തപുരം വഴയിലയില്‍ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് മുടങ്ങിയിരുന്ന കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു. രാവിലെ 9.45നാണ് പമ്പിങ് പുനരാരംഭിച്ചത്. ഒരു മണിക്കൂര്‍ കൊണ്ട് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ കുടിവെള്ളമെത്തി. രണ്ടര മണിക്കൂര്‍ കൊണ്ട് കുടിവെള്ള വിതരണം പൂര്‍ണ്ണമായി സാധാരണ നിലയിലാവുമെന്ന് ജല അതോറിറ്റി അറിയിച്ചു. അരുവിക്കരയില്‍ നിന്നും നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈനാണ് ഇന്നലെ രാവിലെ 8.30യോടെ പൊട്ടിയത് . പൈപ്പ് പൊട്ടിയതോടെ നഗരത്തിലെ കുടിവെള്ള വിതരണം മുടങ്ങിയിരുന്നു
വെള്ളത്തിന്റെ ശക്തമായ കുത്തൊഴുക്കില്‍ റോഡും സമീപത്തുള്ള പെട്രോള്‍ പമ്പിന്റെ ഒരു ഭാഗവും തകര്‍ന്നു. കൃത്യസമയത്ത് പമ്പിംഗ് നിര്‍ത്താനായത് വലിയൊരു അപകടം ഒഴിവാക്കി. ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. പല വഴികളില്‍ കൂടി വലിയ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടതോടെ നഗരം ഗതാഗതക്കുരുക്കിലായി. രാവിലെ ഓഫീസിലും സ്കൂളുകളിലും എത്തേണ്ടവര്‍ വൈകി. പുതിയ പൈപ്പ് ഇടുന്നതിന്റെ ഭാഗമായി ഇവിടെ കുറച്ചുദിവസമായി ഒരു ഭാഗത്തുകൂടി മാത്രമേ ഗതാഗതം അനുവദിച്ചിരുന്നുള്ളൂ.
ആറ്റുകാല്‍ പൊങ്കാലയുടെ തലേന്നാള്‍ നാലുതവണ പൊട്ടിയ പെപ്പ് തന്നെയാണ് ഇന്നലെയും പൊട്ടിയത്. അരുവിക്കര ഡാമില്‍ നിന്നും തിരുവനന്തപുരം നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന 900 എംഎം പ്രീട്രസ്റ്റഡ് കോണ്‍ക്രീറ്റ് പെപ്പാണ് ഇന്നലെ രാവിലയോടെ പൊട്ടിയത്.
സ്ഥിരമായി പൊട്ടുന്ന ഈ പൈപ്പിലെ അറ്റകുറ്റപ്പണിക്ക് മാത്രം ഇതുവരെ കോടികളാണ് മുടക്കിയത്. കാലപ്പഴക്കം ചെന്ന ഈ പൈപ്പ് മാറ്റണമെന്ന മുറവിളിയെ തുടര്‍ന്ന് ഇതിന് പകരമായി അരുവിക്കരയില്‍ നിന്ന് പേരൂര്‍ക്കടയിലേക്ക് പുതിയ പൈപ്പ് ലൈന്‍ സ്ഥാപിച്ചുതുടങ്ങിയെങ്കിലും പണി ഇഴഞ്ഞുനീങ്ങുകയാണ്.
ഒന്‍പത് കിലോമീറ്റര്‍ ദൂരത്തിലാണ് പൈപ്പ് ഇടേണ്ടതെങ്കിലും മൂന്നുമാസങ്ങള്‍ക്കുമുന്‍പ് തുടങ്ങിയ പണി ഇതുവരെ മൂന്നര കിലോമീറ്റര്‍ മാത്രമാണ് പിന്നിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: