ഏഥന്‍സ്: ഗ്രീസില്‍ ചെലവുചുരുക്കല്‍ നടപടിയുടെ ഭാഗമായി സര്‍ക്കാര്‍ മാധ്യമസ്ഥാപനം അടച്ചുപൂട്ടി. ഹെല്ലനിക് ബ്രോഡ്കാസ്റ്റിംഗ് കോര്പ്പറേഷന് (ഇആര്‍ടി) ആണ് അടച്ചുപൂട്ടിയത്. മാധ്യമരംഗത്ത് അഴിമതിയും തെറ്റായ നടത്തിപ്പ് രീതിയും വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ നടപടിയെന്നാണ് സര്‍ക്കാറിന്റെ വാദം.
മൂന്ന് ടെലിവിഷന്‍ ചാനലുകളും നാല് ദേശീയ റേഡിയോ സ്റ്റേഷനുകളും മറ്റ് പ്രാദേശിക റേഡിയോ സ്റ്റേഷനുകളും കോര്പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇതിന്റെയെല്ലാം പ്രവര്‍ത്തനം ഇതോടെ നിലച്ചു. പരിപാടികള്‍ നടന്നുകൊണ്ടിരിക്കെയായിരുന്നു സര്‍ക്കാര്‍ സംപ്രേഷണം നിര്‍ത്തിയത്. ടെലിവിഷന്‍ ചാനലുകളില്‍ നോ സിഗ്നല്‍ എന്ന സന്ദേശം മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്.
ഇആര്ടിയ്ക്ക് പകരം ആധുനിക റേഡിയോ ടെലിവിഷന്‍ സംവിധാനം നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ വക്താവ് സൈമസ് കെഡിക്ളോഗ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ഏഥന്‍സ് ജേര്‍ണലിസ്റ്റ് യൂണിയന് 48 മണിക്കൂര്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
1938 ലാണ് ഇആര്‍ടി പ്രവര്‍ത്തനം ആരംഭിച്ചത്. സര്‍ക്കാരിന്റെ നടപടി ഞെട്ടിച്ചതായി കമ്പനിയില്‍ പ്രവര്‍ത്തിച്ചിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ പ്രതികരിച്ചു. തൊഴില്‍ നഷ്ടപ്പെട്ടതില്‍ രോഷാകുലരായ മാധ്യമപ്രവര്‍ത്തകര്‍ ഏഥന്‍സിലെ ഇആര്‍ടി ആസ്ഥാനത്ത് പ്രതിഷേധം നടത്തി. പ്രതിഷേധക്കാരെ നേരിടാന്‍ സര്‍ക്കാര്‍ കെട്ടിടത്തിലും പരിസരത്തും കനത്ത പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
തൊഴില്‍ രഹിതരായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും ചെലവു കുറഞ്ഞ രീതിയില്‍ ചെറിയ സ്ഥാപനമായി ഇആര്‍ടി വീണ്ടും ആരംഭിക്കുമ്പോള്‍ ഇവര്‍ക്ക് അപേക്ഷ അയയ്ക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. യൂറോസോണ്‍ പ്രതിസന്ധിയിലകപ്പെട്ട ആദ്യ രാജ്യങ്ങളിലൊന്നാണ് ഗ്രീസ്. ഏപ്രിലില്‍ ഗ്രീക്ക് പാര്‍ലമെന്റില്‍ പാസാക്കിയ ബില്ലനുസരിച്ച് 15,000ത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടുത്ത വര്‍ഷം അവസാനത്തോടെ ജോലി നഷ്ടപ്പെടുമെന്ന് വ്യക്തമായിരുന്നു.
2010 മുതല്‍ യൂറോപ്യന്‍ യൂണിയനും ഐഎംഎഫും ഗ്രീസിന് 200 ബില്യന്‍ യൂറോയെങ്കിലും വായ്പയായി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: