കായംകുളം: സെന്‍ട്രല്‍ ജയിലില്‍ നിന്ന് തൃശൂര്‍ കോടതിയിലേക്ക് കൊണ്ടുപോകുമ്പോള്‍ തീവണ്ടിയില്‍നിന്ന് ചാടിരക്ഷപ്പെട്ട കുപ്രസിദ്ധ ഗുണ്ട തിരുവനന്തപുരം തുമ്പദേശം ആറ്റിപ്രാ ശാന്തിനഗര്‍ മേമക്കാട്ട് വാളകം വീട്ടില്‍ ഷിബു (പീലി ഷിബു-30) മണിക്കൂറുകള്‍ക്കകം പോലീസ് പിടിയിലായി. ഇന്നലെ ഉച്ചയ്ക്ക് 12.45ന് കായംകുളം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
വൈകിട്ട് 6.15ന് തിരുവനന്തപുരം-ചെന്നൈ മെയിലില്‍ കയറി രക്ഷപ്പെടാനുള്ള ശ്രമത്തില്‍ കായംകുളം ഡിവൈഎസ്പി: ദേവമനോഹറിന്റേയും സിഐ: രാജപ്പന് റാവുത്തര്‍, ഹരിപ്പാട് സിഐ: ഉദയഭാനു എന്നിവരുടെ നേതൃത്വത്തില്‍ കായംകുളം, കനകക്കുന്ന്, കരീലകുളങ്ങര, തൃക്കുന്നപ്പുഴ സ്റ്റേഷനിലെ എസ്ഐമാരും പോലീസും ചേര്‍ന്നാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.
ഉച്ചമുതല്‍ പ്രതിയെ പിടികൂടാനുള്ള പോലീസിന്റെ അന്വേഷണത്തിന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷന് പരിസരം പോലീസ് നിരീക്ഷണത്തിലായിരുന്നു. ചെന്നൈ മെയില്‍ കായംകുളത്തുനിന്ന് വിട്ടപ്പോള്‍ പ്ലാറ്റ് ഫോം കഴിഞ്ഞുള്ള നൂറ് മീറ്റര്‍ അകലെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന ഇയാള്‍ ഓടി വന്ന് ട്രെയിനിലേക്ക് ചാടിക്കയറുകയായിരുന്നു പിന്നാലെ എത്തിയ പോലീസ് സംഘവും ട്രെയിനിലേക്ക് ചാടിക്കയറി പോലീസ് പിന്തുടരുന്നുവെന്ന് മനസിലാക്കിയ പ്രതി മറുഭാഗത്തുകൂടെ പുറത്തേക്ക് ചാടി ഇതിനിടയില്‍ പോലീസിനെ സഹായിക്കുവാനായി നാട്ടുകാരും രംഗത്തുവന്നു നാട്ടുകാരെ കണ്ട പ്രതി വീണ്ടും തീവണ്ടിയിലേക്ക് ചാടിക്കയറി. തുടര്‍ന്ന് ട്രെയിനില്‍ യാത്ര ചെയ്തിരുന്ന ആരോ ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തുകയായിരുന്നു.
ഇയാളെ പിടികൂടുമ്പോള്‍ കയ്യില്‍കിടന്ന വിലങ്ങ് അഴിച്ച്മാറ്റിയിരുന്നു. സ്റ്റേഷനുസമീപമുള്ള ആളൊഴിഞ്ഞവീട്ടില്‍ കയറിയശേഷം വിലങ്ങ് പൊട്ടിച്ച് മാറ്റുകയായിരുന്നു. തിരുവനന്തപുരത്തുനിന്ന് തൃശൂര്‍ കോടതിയിലേക്ക് കെകെ എക്സ്പ്രസില്‍ കൊണ്ടുപോകുമ്പോഴാണ് ഷിബു ചാടിരക്ഷപ്പെട്ടത്. 2002ല്‍ നെടുപുഴ പോലീസ് സ്റ്റേഷനിലെ പോലീസുകാരെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് കൊണ്ടുപോകുകയായിരുന്നു. കായംകുളത്തുനിന്ന് തീവണ്ടി യാത്ര തുടരാനായി നീങ്ങിതുടങ്ങിയപ്പോള്‍ കൂടെ ഉണ്ടായിരുന്ന പോലീസുകാരോട് മൂത്രമൊഴിക്കണമെന്നാവശ്യപ്പെട്ടു. ഇതിനായി കൈയ്യിലെ വിലങ്ങ് അഴിച്ച് മാറ്റിയ സമയത്ത് ഇയാള്‍ പോലീസുകാരെ തള്ളിമാറ്റിയ ശേഷം പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
ഉടന്‍ തന്നെ പോലീസുകാര്‍ ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തിയശേഷം ഇയാളുടെ പിറകെ ഓടിയെങ്കിലും കണ്ടെത്താനായില്ല. പുറത്തേക്ക് ചാടിയ പീലിഷിബു സമീപമുള്ള ഒരുവീട്ടിലെ അശയില്‍ കിടന്ന കിടന്ന കാവി മുണ്ടും പച്ചഷര്‍ട്ടും എടുക്കുകയും താന്‍ ധരിച്ചിരുന്ന പാന്റും ഷര്‍ട്ടും മാറ്റിയാണ് കടന്നുകളഞ്ഞത്. അപ്രാണി കൃഷ്ണകുമാര്‍ വധക്കേസിലെ രണ്ടാംപ്രതിയും കൂടാതെ ബോംബേറു കേസ് ഉള്‍പ്പെടെ മുപ്പതോളം കേസിലെ പ്രതിയാണ് ഇയാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: