ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ബൗളര്‍മാര്‍ ആധിപത്യം തുടര്‍ന്ന മറ്റൊരു ദിനത്തില്‍ പാക്കിസ്ഥാനെ ദക്ഷിണാഫ്രിക്ക 67 റണ്‍സിനു കീഴടക്കി. ഇതോടെ ആഫ്രിക്കന്‍ പട സെമി സാധ്യത നിലനിര്‍ത്തി. പാക്കിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ ഏറെക്കുറെ പൊലിഞ്ഞു. ബര്‍മിങ്ന്‍ഘാമിലെ പിച്ചില്‍ ദക്ഷിണാഫ്രിക്ക നേടിയത് 234 എന്ന അത്ര വലുതല്ലാത്ത സ്കോര്‍. പിന്തുടര്‍ന്ന പാക്കിസ്ഥാന് അതിലും ചെറുതായിപ്പോയി, 45 ഓവറില്‍ വെറും 167ല്‍ ഓള് ഔട്ട്.
ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കയെ താങ്ങിനിര്‍ത്തിയത് ഓപ്പണര്‍ ഹാഷിം അംലയുടെ (81) ചെറുത്തുനില്‍പ്പായിരുന്നു. ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്സ് (31), ഫാഫ് ഡുപ്ലെസിസ് (28), ജെപി ഡുമിനി (24) എന്നിവരും ചെറിയ സംഭാവനകള്‍ നല്കി. 31-ാം ഓവറില്‍ 3ന് 140 എന്ന നിലയില്‍ നിന്ന ദക്ഷിണാഫ്രിക്ക അംലയുടെ പുറത്താകലോടെ തകരുകയായിരുന്നു. നാല് റണ്ണൗട്ടുകള്‍ ആഫ്രിക്കന്‍ ടീമിന്റെ വിധിയെഴുതി. മുഹമ്മദ് ഇര്ഫാന് (ഏഴ് ഓവറില്‍ 2ന്1 ) മുഹമ്മദ് ഹഫീസ് (38ന്1 ) സയീദ് അജ്മല്‍ (42ന്1) എന്നിവരുടെ കൃത്യതയാര്‍ന്ന പന്തേറും ദക്ഷിണാഫ്രിക്കന്‍ സ്കോറിങ്ങിനെ പിന്നോട്ടടിച്ചു.
പാക്കിസ്ഥാനുമുണ്ടായിരുന്നു ഒരു ഒറ്റയാന് പോരാളി. ക്യാപ്റ്റന്‍ മിസ്ബ ഉല് ഹക്കിന്റെ (55) രൂപത്തില്‍. പക്ഷേ നസീര്‍ ജംഷദ് (42) മാത്രമേ നായകനെ കുറച്ചെങ്കിലും സഹായിച്ചുള്ളു.
നാലു വിക്കറ്റു പിഴുത ഋയാന്‍ മക്ലാരനും രണ്ടു വിക്കറ്റുകള്‍ വീതം കൊയ്ത ക്രിസ് മോറിസും ലോണ്ബാവൊ സൊറ്റ്സൊബെയും കാട്ടിയ മൂര്‍ച്ച പാക് പടയ്ക്കു താങ്ങാനായില്ല. ജെപി ഡുമിനിയുടെയും റോബിന് പീറ്റേഴ്സന്റെയും വേഗക്കുറവുകളെ എബിഡി ശരിയായവിധം വിനിയോഗിക്കുകകൂടെ ചെയ്തപ്പോള്‍ കളി ദക്ഷിണാഫ്രിക്കയുടെ കൈപ്പിടിയില്‍ ഒതുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: