മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ റെസ്റ്റോറന്റ് ഉടമയ്ക്ക് ക്രൂരമായ മര്‍ദ്ദനം. മെല്‍ബണിന് സമീപമുള്ള ബല്ലാറട്ടിലാണ് ഒരു കൂട്ടം കൗമാരക്കാര്‍ ഇന്ത്യക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും വാക്കുകള്‍ കൊണ്ട് അധിക്ഷേപിക്കുകയും ചെയ്തത്. 22 കാരനായ ഹമാംശു ഗോയലിന് നേരെയായിരുന്നു അതിക്രമം. വെള്ളിയാഴ്ച്ച രാത്രി ഒമ്പതരയോടെ റെസ്റ്റോറന്റ് അടയ്ക്കാന്‍ തുടങ്ങുമ്പോഴായിരുന്നു സംഭവം. എട്ട് പേരടങ്ങുന്ന സംഘം ഇദ്ദേഹത്തെ വംശീയമായി അധിക്ഷേപിച്ച് സംസാരിക്കുകയും മുഖത്ത് ആഞ്ഞിടിക്കുകയുമായിരുന്നു.
സംഭവത്തില്‍ കേസെടുത്ത ബല്ലാറട്ട് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. അക്രമികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. ബല്ലാറട്ട് മേയര്‍ ജോണ്‍ ബര്‍ട്ട് ആശുപത്രിയില്‍ കഴിയുന്ന ഗോയലിനെ സന്ദര്‍ശിച്ചു. അക്രമികളെ ഉടന്‍ കണ്ടെത്തുമെന്നും അദ്ദേഹം ഉറപ്പ് നല്കി. എല്ലാവരെയും സ്വാഗതം ചെയ്യുന്ന നഗരമായ ബല്ലാറട്ടില്‍ ഇത്തരത്തിലൊരു സംഭവമുണ്ടായത് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ എല്ലാവരുടെയും പേരില്‍ ഗോയലിനോട് താന്‍ ക്ഷമചേദിക്കുന്നതായും ജോണ്‍ ബര്‍ട്ട് പറഞ്ഞു. നഗരവാസികളെല്ലാം ഗോയിലിനൊപ്പമുണ്ടെന്നും വംശീയതക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്കി.
മുഖത്ത് സാരമായ മുറിവുകളേറ്റ ഗോയലിനോട് ആറാഴ്ച്ചത്തേക്ക് ഭക്ഷണം കഴിക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2008ല്‍ ഇന്ത്യയില്‍ നിന്ന് ഓസ്ട്രലിയയിലേക്ക് പഠിക്കാനെത്തിയതാണ് ഹമാംശു ഗോയല്‍. പഠനത്തിന് ശേഷം ബല്ലാറട്ടില്‍ ഒരു റെസ്റ്റോറന്റ് തുടങ്ങി ഇദ്ദേഹം ഇവിടെ തുടരുകയായിരുന്നു. താന്‍ വല്ലാതെ ഭയചകിതനാണെന്നും റെസ്റ്റോറന്റ് വില്‍ക്കുന്നതിനെക്കുറിച്ച് ആലോചിച്ച് വരികയാണെന്നും ഗോയല്‍ പറഞ്ഞു. മുമ്പും വംശീയതയുടെ പേരില്‍ താന്‍ അപമാനിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: