കൊല്ലം: ചിന്നക്കട അടിപ്പാത നിര്‍മ്മാണത്തിന്റെ കുരുക്കുകളഴിയുമ്പോഴും ആശങ്കകള്‍ ഒഴിയുന്നില്ല. അടിപ്പാതയുടെ ആവശ്യകതയെക്കുറിച്ച്തന്നെ ചോദ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. നഗരത്തിന് തീരാശാപമായ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം ഉണ്ടാകുമെന്ന് മറുവാദമുണ്ടെങ്കിലും അതിന്റെ പ്രായോഗികതയാണ് സംശയങ്ങള്‍ ഉയര്‍ത്തുന്നത്.
ഇതര സംസ്ഥാനങ്ങള്‍ ഫ്ലൈഓവര്‍ നിര്‍മിച്ച് ഗതാഗതപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമ്പോള്‍ ഇവിടെ അടിപ്പാതയില്‍ തൂങ്ങിക്കിടക്കുകയാണ് അധികൃതര്‍. തിരുവനന്തപുരത്തെ തുരങ്കപാതയിലൂടെ ഇപ്പോള്‍ വാഹനത്തിലല്ലാതെ ആളുകള്‍ക്ക് യാത്രചെയ്യാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. സാമൂഹ്യവിരുദ്ധരുടെ താവളമായി ഇത് മാറിക്കഴിഞ്ഞിട്ടുണ്ട്.
ചിന്നക്കട അടിപ്പാതയ്ക്ക് വേണ്ടി പഴയ ബസ്സ്റ്റാന്റ് ഒഴിവാക്കി കുളംതോണ്ടിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. അതേ സമയം കൊല്ലം നഗരത്തിന്റെതന്നെ അടയാളമായ ക്ലോക്ക് ടവര്‍ നിലനില്‍ക്കുമോ എന്ന ആശങ്കയും ശക്തമാണ്. അടിപ്പാത നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്നതാണ് പൊതുജനം ഉയര്‍ത്തുന്ന മറ്റൊരു പ്രശ്നം. ഇഴഞ്ഞുനീങ്ങുന്ന ഇരുമ്പുപാലത്തിന്റെ പണി സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്ക് ഒരു അനുഭവപാഠമാണ്. ഇത്തരം പ്രശ്നങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ ചിന്നക്കട അടിപ്പാതനിര്മ്മാണവുമായി മുന്നോട്ടുപോകുന്നത് ജനങ്ങളില്‍ കൂടുതല്‍ സംശയങ്ങല്‍ ജനിപ്പിക്കും.
ഭൂമി വിട്ടുനല്‍കാന്‍ റെയില്‍വെ അന്തിമമായി തീരുമാനിച്ചതോടെയാണ് അടിപ്പാത നിര്‍മാണത്തിനുള്ള സാധ്യത തെളിഞ്ഞിരിക്കുന്നത്. നഗരത്തിന്റെ സര്‍വതോമുഖമായ വികസനങ്ങള്‍ക്ക് അസ്ഥിവാരമിടാന്‍ അടിപ്പാത യാഥാര്‍ഥ്യമാകുന്നതോടെ സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
റെയില്‍വെയുടെ അധീനതയിലുള്ള ഭൂമി കൈമാറുന്നത് സംബന്ധിച്ച് നിലനിന്നിരുന്ന തര്‍ക്കങ്ങളാണ് നിര്‍മാണ നടപടികള്‍ക്ക് പ്രധാന തടസമായി നിലനിന്നിരുന്നത്. 2006ല്‍ പ്രാരംഭ നടപടികള്‍ തുടങ്ങിയ പാതയ്ക്ക് 2008ലാണ് കരാര്‍ ഒപ്പിട്ട് നിര്‍മാണോദ്ഘാടനം നടത്തിയത്. എന്നാല്‍ പിന്നീട് ഇത് അനിശ്ചിതത്വത്തിലാവുകയായിരുന്നു. ചിന്നക്കടയിലെ ചീനക്കൊട്ടാരത്തിന് സമീപത്തെ റെയില്‍വെയുടെ അധീനതയിലുള്ള സ്ഥലം അടിപ്പാത നിര്‍മാണത്തിന് വിട്ടുകിട്ടുന്നതിലുണ്ടായ കാലതാമസമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളെ അനിശ്ചിതത്വത്തിലാക്കിയത്.
ആശങ്കകള്‍ക്കും അനിശ്ചിതത്വത്തിനും വിരാമമിട്ട് ചീനക്കൊട്ടാരത്തിന് സമീപത്തെ 21.5 സെന്റ് സ്ഥലം അടിപ്പാത നിര്‍മാണത്തിന് വിട്ടു നല്കാന് റെയില്‍വെ ബോര്‍ഡ് ഡെപ്യൂട്ടി ഡയരക്ടര്‍ എസ്. ബാനര്‍ജിയാണ് കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന്റെ പകര്‍പ്പ് കഴിഞ്ഞ ദിവസം കോര്പ്പറേഷന് അധികൃതര്‍ക്ക് ലഭിച്ചു. ഇത് സംബന്ധിച്ച തീരുമാനത്തിന് റെയില്‍വെയുടെ ഫിനാന്‍സ് ഡയരക്ടറേറ്റും അംഗീകാരം നല്‍കിയിട്ടുണ്ട്.
പാട്ട വ്യവസ്ഥയിലാണ് സ്ഥലം റെയില്‍വെ വിട്ടുനല്‍കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 35 വര്‍ഷമാണ് പാട്ടക്കാലാവധി. 1.124 രൂപയാണ് വാര്‍ഷിക പാട്ടത്തുകയായി നിശ്ചയിച്ചിട്ടുള്ളത്. കൊല്ലം കോര്പ്പറേഷന് ഭൂമിക്ക് 1.481 കോടി രൂപ റെയില്‍വെക്ക് നല്‍കും. ഇതിന് പുറമെ തുകയുടെ 12.36 ശതമാനം സേവന നികുതിയായും നല്‍കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് റെയില്‍വെയുടെ ഭൂമി കൈമാറ്റം ചെയ്യാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ സംസ്ഥാന സര്‍ക്കാറിനായിരിക്കും സ്ഥലം കൈമാറുകയെന്ന് അറിയുന്നു. സ്ഥലം കൈമാറ്റം സംബന്ധിച്ച വ്യവസ്ഥകള്‍ അടങ്ങിയ കരാറില്‍ റെയില്‍വെയും കൊല്ലം കോര്‍പ്പറേഷനും ഉടന്‍ ഒപ്പുവെക്കും.
ചിന്നക്കടയില്‍ നിന്ന് ആരംഭിച്ച് പ്രസ്ക്ലബ്ബ് മൈതാനം വഴി ചീനക്കൊട്ടാരത്തിന് സമീപത്തുകൂടെ ക്ലോക്ക് ടവറിന് കിഴക്ക് മുന്‍സിപ്പില്‍ കെട്ടിടത്തിന് മുന്നിലൂടെ രണ്ട് വരി ഗതാഗതം സാധ്യമാക്കുന്ന തരത്തിലാണ് അടിപ്പാത വിഭാവനം ചെയ്തിരിക്കുന്നത്. 280 മീറ്റര്‍ നീളവും 9.5 മീറ്റര്‍ വീതിയുമാണ് അടിപ്പാതക്ക് നിര്‍ദേശിച്ചിട്ടുള്ളത്. 4.5 കോടി രൂപയാണ് അടിപ്പാത നിര്‍മാണത്തിന്റെ അടങ്കല്‍ തുക. ഇത് നേരത്തെ നിശ്ചയിച്ച തുകയായതിനാല്‍ അടങ്കല്‍ തുക പുതുക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
റെയില്‍വെ ഭൂമി വിട്ടുകിട്ടിയ സാഹചര്യത്തില്‍ അടിപ്പാത നിര്‍മാണത്തിന്റെ തുടര്‍ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം വിളിക്കാനാണ് കൊല്ലം കോര്‍പ്പറേഷന്റെ നീക്കം. റെയില്‍വെ പാട്ടക്കരാര്‍ വ്യവസ്ഥയില്‍ വിട്ട് നല്കിയ സ്ഥലത്തിന്റെ കാലാവധി സംബന്ധിച്ച് ഭാവിയില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത് വിശദമായ പരിശോധനക്ക് വിധേയമാക്കണമെന്ന് വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: