മുംബൈ: യുഎസ് ഡോളറിനെതിരെ രൂപയുടെ വിലയിടിവ് തുടരുന്നു. ഇന്നലെ 35 പൈസകൂടി താഴ്ന്ന് 58.50 എന്ന നിലവാരത്തിലേക്കാണ് രൂപ കൂപ്പുകുത്തിയത്. ഒരു ഡോളര്‍ വാങ്ങണമെങ്കില്‍ 58.50 രൂപ നല്‍കണമെന്ന് അര്‍ത്ഥം. ഈ പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് എന്ത് നയം സ്വീകരിക്കുമെന്ന് ഉറ്റുനോക്കുകയാണ് വിപണി വൃത്തങ്ങള്‍. ഭാവിയിലെ ഡോളറിന്റെ ആവശ്യം സംരക്ഷിക്കുന്നതിന് ഇറക്കുമതിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര ബാങ്കിന്റെ ഇടപെടല്‍ ഇതുവരെ ഉണ്ടായിട്ടില്ല. മാത്രമല്ല രൂപയുടെ മൂല്യം തുടര്‍ന്നും ഇടിയുമെന്ന് പ്രതീക്ഷിച്ച് ഡോളര്‍ വില്പന നടത്തുന്നതില്‍ നിന്നും കയറ്റുമതിക്കാര്‍ വിട്ടുനില്‍ക്കുകയാണ്.
കറന്സിയിന്മേല് ഇടപെടുന്നതിന് പരിധിയുണ്ടെന്ന് കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി.സുബ്ബറാവു അഭിപ്രായപ്പെട്ടതിനെ തുടര്‍ന്ന് രൂപയുടെ മേലുള്ള സമ്മര്‍ദ്ദം വര്‍ധിച്ചതായാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്നുള്ള നിരുത്തരവാദപരമായ ഇത്തരം പ്രസ്താവനകള്‍ ഈ വിഷയത്തില്‍ ഇടപെടല്‍ നടത്താന്‍ ആര്‍ബിഐ തയ്യാറല്ലെന്നതിന്റെ സൂചനയാണ് നല്‍കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കറന്റ് അക്കൗണ്ട് കമ്മി ഉയരുന്നതിനെ തുടര്‍ന്ന് രൂപയ്ക്ക് മൂല്യശോഷണം സംഭവിക്കുന്നത് തുടരുകയാണ്.
വരും ദിവസങ്ങളിലും രൂപയുടെ മൂല്യത്തില്‍ ഇടിവ് തുടരുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ വരുന്ന മൂന്ന് നാല് ദിവസത്തിനുള്ളില്‍ രൂപ സ്ഥിരത നേടുമെന്നാണ് ധനകാര്യ മന്ത്രാലയം പറയുന്നത്. വിദേശ മൂലധന ഒഴുക്ക് വന്‍തോതില്‍ ഉണ്ടാകുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നതെന്ന് സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി അരവിന്ദ് മായാറാം പറഞ്ഞു. രൂപയുടെ വിലയിടിയുന്നതില്‍ അസംതൃപ്തിയുണ്ടെങ്കിലും കൂടുതല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ രൂപയുടെ മൂല്യത്തില്‍ 2.5 ശതമാനത്തില്‍ അധികം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ആറ് ആഴ്ചയ്ക്കുള്ളില്‍ 10 ശതമാനത്തിനടുത്താണ് ഇടിവ് നേരിട്ടിരിക്കുന്നത്. ആഗോള തലത്തില്‍ തന്നെ വിവിധ രാജ്യങ്ങളുടെ കറന്‍സിയില്‍ ഇടിവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും മായാറാം അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കയുടെ കറന്‍സിയില്‍ 11 ശതമാനം ഇടിവാണ് ഉണ്ടായത്.
വിദേശ നിക്ഷേപകര്‍ ഈ മാസം ആദ്യം ഇന്ത്യന്‍ വിപണിയില്‍ നിന്നും 7,600 കോടി രൂപയാണ് വലിച്ചത്. ഇതാണ് രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടാകാന്‍ കാരണം. ഡോളറിന്റെ ഡിമാന്റ് ഉയരുന്നതും രൂപയുടെ വിലയിടിവിന് കാരണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: