കാസര്‍കോട് : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിന് ശക്തമായ മാതൃകകള്‍ ആവിഷ്ക്കരിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കോണ്‍കോഡ് ദേശീയ സെമിനാറിലെ നിര്‍ദ്ദേശങ്ങള്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും കോള്‍ഡ് സ്റ്റോറേജില്‍. ഏഴരലക്ഷം രൂപ ചെലവഴിച്ച് കഴിഞ്ഞ ജൂലൈ 21, 22 തീയ്യതികളിലാണ് വികലാംഗക്ഷേമ കോര്‍പ്പറേഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ കാസര്‍കോട്ട് സെമിനാര്‍ നടന്നത്. സെമിനാറില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കോണ്‍കോഡ് 2012 എന്ന കര്‍മ്മപദ്ധതിയുടെ പ്രഖ്യാപനവും നടന്നു.
പാരിസ്ഥിതിക പുനഃസ്ഥാപനം, ആരോഗ്യ പുനരുജ്ജീവനം, സാമൂഹിക പുനരധിവാസവും പുനര്‍നിര്‍മാണവും തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനവും മോണിറ്ററിംഗ് സംവിധാനവും രൂപപ്പെടുത്താനും തീരുമാനമായിരുന്നു. ഇതിനായി ആരോഗ്യം, വിദ്യാഭ്യാസം, പൊതുവിതരണം, കൃഷി, സാമുഹ്യക്ഷേമം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് ടാസ്ക് ഫോഴ്സുകള്‍ രൂപീകരിച്ചു. എന്നാല്‍ മാസങ്ങളോളമായി ഇതിന്റെ പ്രവര്‍ത്തനം നിര്‍ജ്ജീവമാണ്.
തുടര്‍നടപടികളെക്കുറിച്ച് യാതൊരുവിധ വ്യക്തതയുമില്ലാത്ത സംഘാടകരാണ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ കോണ്‍കോഡ് ശില്പശാലയുടെ ബാക്കി പത്രം. സര്‍ക്കാര്‍ പദ്ധതികളില്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് പരിഗണന ഉറപ്പാക്കിയെന്ന അവകാശവാദമാണ് സെമിനാറിന്റെ ആകെത്തുക. ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തിയ ശില്‍പ്പശാലയിലെ പ്രഖ്യാപനങ്ങള്‍ക്ക് തുടര്ച്ചയില്ലെന്നത് ഇപ്പോള്‍ പരിഗണനാ വിഷയം പോലുമല്ല.
ജീവിത നിലവാരം ഉയര്‍ത്താന്‍ കര്‍മ്മ പരിപാടികള്‍ ,കാസര്‍കോടിനെ വിഷവിമുക്ത ഭൂമിയാക്കാന്‍ പദ്ധതികള്‍, ഇരകളുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള പ്രവര്‍ത്തന പരിപാടികള്‍, ബഡ്സ് സ്കൂളുകളുടെ നവീകരണം, കാസര്‍കോട് ദേശീയ ഗവേഷണ സ്ഥാപനം, ദുരിത ബാധിതര്‍ക്ക് നിര്‍മ്മാണ വിപണന കേന്ദ്രങ്ങള്‍ തുടങ്ങിയവയാണ് പ്രഖ്യാപനങ്ങളില്‍ പ്രധാനപ്പെട്ടവ. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടപ്പിലാക്കി വന്നിരുന്ന പദ്ധതികളാണ് സെമിനാറിന്റെ സംഘാടകര്‍ക്കും ഇപ്പോള്‍ ചൂണ്ടിക്കാണിക്കാനുള്ളത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത സെമിനാറിന്റെ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് ഇടപെടല്‍ നടത്തുമെന്നായിരുന്നു. എന്നാല്‍ കമ്മീഷന് നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് ഉമ്മന്‍ചാണ്ടിയെ പ്രേരിപ്പിക്കാന്‍ ഒരുമാസത്തിലേറെ നീണ്ട നിരാഹാര സമരമനുഷ്ഠിക്കേണ്ടിവന്നു കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക്.
എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ മേല്‍നോട്ടത്തില്‍ ടാസ്ക് ഫോഴ്സുകളുടെ പ്രവര്‍ത്തനം നടത്താനായിരുന്നു തീരുമാനം. എന്നാല്‍ ഏറെ ഗൗരവത്തോടെ പ്രവര്‍ത്തിച്ചിരുന്ന സെല്ലിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ അവതാളത്തിലാണ്. ജില്ലാ പഞ്ചായത്ത് ചെയര്മാന് അദ്ധ്യക്ഷനായുള്ള സെല്‍ പിരിച്ചുവിട്ട് കൃഷിമന്ത്രിയെ ചെയര്‍മാനാക്കി രാഷ്ട്രീയക്കാരെ കുത്തിനിറച്ച് രൂപീകരിച്ച സെല്ലാണ് ഇപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കുന്നത്. ഇരകളുടെ ദുരിതം ചര്‍ച്ച ചെയ്യാന്‍ പോലും മറന്ന് രാഷ്ട്രീയ പ്രസംഗങ്ങളാണ് യോഗത്തില്‍ വഹിക്കുന്നത്. കഴിഞ്ഞ സെല്‍ യോഗത്തില്‍ കോണ്‍കോഡ് സെമിനാറിന്റെ ഭാഗമായി രൂപീകരിച്ച ടാസ്ക് ഫോഴ്സ് നിര്‍ജീവമായെന്ന് ഒരംഗം പരാതി പറഞ്ഞെങ്കിലും ചര്‍ച്ച പോലുമുണ്ടായില്ല.
കെ.സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: