ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ പൗര്‍ണമി ഭാഗ്യക്കുറിയുടെ 51 ലക്ഷം രൂപ സമ്മാനം ആക്രി വില്പ്പനക്കാരന്. ചാത്തനാട് തെക്കുംമുറിയില്‍ യൂസഫിനെയാണ് ഭാഗ്യം കനിഞ്ഞത്. യൂസഫിന്റെ തുച്ഛമായ വരുമാനം കൊണ്ടാണ് ഭാര്യയും മൂന്ന് പെണ്മക്കളും വിദ്യാര്‍ഥിയായ മകനും അടങ്ങിയ കുടുംബം കഴിയുന്നത്. വളരെ ചെറുപ്പം മുതലെ പ്രാരാബ്ധങ്ങളേറെയുണ്ടായിരുന്ന യൂസഫ് കുടുംബം പോറ്റാനായാണ് ആക്രി കച്ചവടം തുടങ്ങിയത്. ആക്രി സാധനങ്ങള്‍ വിറ്റുകിട്ടുന്ന തുക ചിലപ്പോള്‍ നിത്യ ചെലവിന് പോലും തികയില്ലെങ്കിലും ഭാഗ്യക്കുറി എടുക്കുന്നത് മുടക്കാറില്ലായിരുന്നു.
ഇരുപത് വര്‍ഷമായി ഭാഗ്യക്കുറി വാങ്ങുന്ന ഇദ്ദേഹത്തിന് ചെറു സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒന്നാം സമ്മാനം ലഭിക്കുന്നത്. സുമനസുകളുടെ കാരുണ്യത്താല്‍ വീടുവച്ചെങ്കിലും മക്കളായ സുമയ്യ, നബീസ, ഹന്ന എന്നിവരുടെ വിവാഹം നടത്തുന്നതും മകന് മുഹമ്മദ് റാഫിയെ പഠിപ്പിക്കുന്നതിനും പണം എങ്ങനെ കണ്ടെത്തുമെന്ന് അറിയാതെ വിഷമിച്ചപ്പോഴാണ് യൂസഫിനെ ഭാഗ്യദേവത കനിഞ്ഞത്. നജ്മയാണ് ഭാര്യ. ആദ്യം പെണ്‍കുട്ടികളുടെ വിവാഹം നടത്തുക, പിന്നെ കടംവീട്ടുക എന്നിവയാണ് യൂസഫിന്റെ ഭാവി പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: