പന്തളം: രാജിവെച്ചു പോകണമെന്ന സ്കൂള്‍ മാനേജ്മെന്റിന്റെ ഭീഷണിക്കു വഴങ്ങാത്ത അദ്ധ്യാപികമാരെ ഭരണകക്ഷിയായ കോണ്‍ഗ്രസ് നേതാക്കന്മാരുടെ ഒത്താശയോടെ സ്കൂള്‍ വളപ്പിലെ ഇടുങ്ങിയ മുറിയില്‍ പൂട്ടിയിട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബിഎംഎസ് പ്രവര്‍ത്തകര്‍ ഇടപെട്ടതോടെ പോലീസെത്തിയാണ് പൂട്ടുപൊളിച്ച് അദ്ധ്യാപകരെ രക്ഷപ്പെടുത്തിയത്.
പന്തളം എമിനന്‍സ് പബ്ലിക് സ്കൂളിലാണ് സംഭവം. സ്കൂള്‍ തുറക്കുന്നതിനടുത്ത നാളുകളില്‍ ഏഴ് വനിതാ അദ്ധ്യാപകരോട് സ്കൂളില്‍ വരേണ്ടതില്ലെന്ന് അറിയിച്ചിരുന്നു. മൂന്നു മുതല്‍ പതിനൊന്നു വര്‍ഷം വരെ ഇവിടെ അദ്ധ്യാപകരായി പ്രവര്‍ത്തിച്ചവരോടാണ് ഇങ്ങനെ ആവശ്യപ്പെട്ടത്. ഇതിനു വഴങ്ങാതിരുന്നതോടെ സ്കൂള്‍ ഉടമയായ പി.എം. ജോസിനു വേണ്ടി പന്തളത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളായ പരിയാരത്ത് ഗോപിനാഥന്‍പിള്ള, ചിലങ്ക ഉണ്ണി എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം ഞായറാഴ്ച രാത്രി അദ്ധ്യാപകരുടെ വീട്ടിലെത്തുകയും രാജിവെച്ചു പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പള്ളിയിലെ പുരോഹിതന്റെ ഭാര്യയായ ഒരു അദ്ധ്യാപിക ഇതിനു വഴങ്ങിയെങ്കിലും മറ്റുള്ളവര്‍ തയ്യാറായില്ല. ഇതില്‍ കുപിതരായാണ് ഇന്നലെ അഞ്ചു പേരെ രാവിലെ സ്കൂളിലെത്തിയ ഉടനെ സ്കൂളിലെ പ്രധാന കെട്ടിടത്തിനു പിന്നിലുള്ള ഇടുങ്ങിയ മുറിയില്‍ പൂട്ടിയിട്ടത്.
സംഭവമറിഞ്ഞ് ബിഎംഎസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജി. സതീഷ് കുമാര്‍, ജന. സെക്രട്ടറി സി.എസ്. ശ്രീകുമാര്‍, ജോ. സെക്രട്ടറി വി.ജി. ശ്രീകാന്ത് എന്നിരുടെ നേതൃത്വത്തിലെത്തിയ പ്രവര്‍ത്തകര്‍ ഇടപെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് എസ്ഐ അലക്സാണ്ടര്‍ തങ്കച്ചനും സംഘവും എത്തി അദ്ധ്യാപകരെ മോചിപ്പിച്ചത്. ഇവിടെ വിദ്യാര്‍ത്ഥികളില്‍ നിന്നും വന്‍ തുകയാണ് ഫീസായി ഈടാക്കുന്നത്. എന്നാല്‍ അദ്ധ്യാപകരില്‍ നിന്നും സ്കൂള്‍ തുറക്കുമ്പോള്‍ത്തന്നെ പന്ത്രണ്ടോളം ബ്ലാങ്ക് ചെക്കുകള്‍ ഒപ്പിട്ടു വാങ്ങിയിട്ട് മൂവായിരത്തിനും അയ്യായിരത്തിനുമിടയ്ക്ക് രൂപ നല്‍കിയിട്ട് പതിനായിരത്തിനും പതിനേഴായിരത്തിനുമിടയ്ക്കുള്ള തുകയുടെ ചെക്കുകളാണ് ബാങ്കില്‍ നിന്നും മാറിയെടുക്കുന്നതെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: