ഓവല്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ ഇന്ന് ഇന്ത്യയും വെസ്റ്റിന്‍ഡീസും കൊമ്പുകോര്‍ക്കും. വൈകിട്ട് മൂന്നിന് ഓവലിലാണ് മത്സരം.
ഗ്രൂപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ വിജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യയും വെസ്റ്റിന്‍ഡീസും ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. ഇന്ന് ആര് ജയിച്ചാലും അവര്‍ക്ക് സെമിഫൈനല്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിക്കാനാവും. ഇന്ത്യ ആദ്യ മത്സരത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെയും വെസ്റ്റിന്‍ഡീസ് പാക്കിസ്ഥാനെയുമാണ് പരാജയപ്പെടുത്തിയത്. മികച്ച നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ വെസ്റ്റിന്‍ഡീസാണ് ഗ്രൂപ്പില്‍ ഒന്നാമത്. ഇന്ത്യ രണ്ടാം സ്ഥാനത്താണ്.
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തില്‍ ഇറങ്ങിയ അതേ ടീം തന്നെയായിരിക്കും ഇന്ന് വെസ്റ്റിന്‍ഡീസിനെതിരെയും ഇന്ത്യ അണിനിരത്തുക.
ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് സമ്മാനിച്ച ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും ഇന്നും ഓപ്പണിങ്ങിനിറങ്ങും. ആദ്യ ഏകദിന സെഞ്ച്വറി നേടിയ ശിഖര്‍ ധവാനും അര്‍ദ്ധസെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയും ചേര്‍ന്ന് ഇന്നും മികച്ച തുടക്കം നല്‍കുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. എങ്കിലും രോഹിത് ശര്‍മ്മ സ്ഥിരത പുലര്‍ത്തുന്നതില്‍ പലപ്പോഴും പരാജയപ്പെടാറുണ്ട് എന്നത് ഇന്ത്യയെ നേരിയ ആശങ്കയിലാഴ്ത്തുന്നുണ്ട്. ആദ്യ മത്സരത്തില്‍ സുരേഷ് റെയ്നയും രണ്ട് സന്നാഹ മത്സരങ്ങളിലും സെഞ്ച്വറിയടിച്ച ദിനേശ്കാര്ത്തിക്കും ഫോമിലേക്കുയര്‍ന്നില്ലെങ്കിലും വിരാട് കോഹ്ലി, ക്യാപ്റ്റന്‍ ധോണി, അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത രവീന്ദ്ര ജഡേജ എന്നിവര്‍ മികച്ച ഫോമിലാണ് എന്നത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ഭേദപ്പെട്ട ബൗളിംഗ് നിരയും ഇന്ത്യക്ക് സ്വന്തമാണ്. ഭുവനേശ്വര്‍കുമാറും ഉമേഷ് യാദവും ഇഷാന്ത് ശര്‍മ്മയും അശ്വിനും ഉള്‍പ്പെട്ട ബൗളിംഗ്നിര ദക്ഷിണാഫ്രിക്കക്കെതിരെ ഒന്ന് വിറച്ചെങ്കിലും അവസരത്തിനൊത്തുയര്‍ന്നാണ് ഇന്ത്യക്ക് വിജയം നേടിക്കൊടുത്തത്. ആദ്യമത്സരത്തില്‍ ഇന്ത്യ 26 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയെ കീഴടക്കിയത്.
മറുവശത്ത് വെസ്റ്റിന്‍ഡീസ് തികഞ്ഞ ആത്മവിശ്വാസത്തിലല്ല. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ കഷ്ടിച്ചാണ് വിന്‍ഡീസ് വിജയം വരിച്ചത്. ബൗളര്‍മാരുടെ മികവില്‍ പാക്കിസ്ഥാനെ 170 റണ്‍സിന് ഓള് ഔട്ടാക്കിയെങ്കിലും വിജയം നേടാന്‍ വിന്‍ഡീസിന് എട്ട് വിക്കറ്റുകള്‍ ബലികഴിക്കേണ്ടിവന്നു. ഈ മത്സരത്തിലെ ടോപ് സ്കോറര്‍ ഗെയില്‍ ഫോമിലാണെന്നതാണ് അവരുടെ പ്രതീക്ഷകള്‍ക്ക് ബലമേകുന്നത്. ഗെയിലിന് പുറമെ സാമുവല്‍സും പൊള്ളാര്‍ഡും മാത്രമാണ് ഈ മത്സരത്തില്‍ തിളങ്ങിയത്. ഇന്ത്യയെ അപേക്ഷിച്ച് വെസ്റ്റിന്‍ഡീസ് ബൗളിംഗ് നിര കൂടുതല്‍ ശക്തമാണ്. റോച്ചും, നരേയ്നും പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഉജ്ജ്വല ഫോമിലായിരുന്നു. ബൗളര്‍മാരുടെ ഈ മികവ് തന്നെയാണ് വെസ്റ്റിന്‍ഡീസിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതും. എന്നാല്‍ രണ്ട് മത്സരങ്ങളില്‍ സസ്പെന്ഷന് ലഭിച്ച വിക്കറ്റ് കീപ്പര്‍ രാംദിന് ഇന്ന് ഇന്ത്യക്കെതിരായ നിര്‍ണായക മത്സരത്തില്‍ കളിക്കില്ല എന്നത് വിന്‍ഡീസിന് തിരിച്ചടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: