പാലക്കാട്: വിലവര്ധനവിനനുസൃതമായി വേതനം വര്‍ധിക്കാത്ത സാഹചര്യമാണ് രാജ്യത്തിന്നുള്ളതെന്ന് ബിഎംഎസ് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. സി.കെ. സജിനാരായണന്‍ പറഞ്ഞു. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ്സ് മോട്ടോര്‍ ആന്റ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്സ് ഫെഡറേഷന് (ബിഎംഎസ്) ബസ്സ് വിഭാഗം ജീവനക്കാരുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1948ലെ മിനിമം വേജ്ബോര്‍ഡ് സങ്കല്പം പാടെ അട്ടിമറിക്കപ്പെട്ടു. സ്വാതന്ത്ര്യം ലഭിച്ച് ആറര പതിറ്റാണ്ട് പിന്നിട്ടിട്ടും മിനിമംവേതനം എങ്ങനെ നടപ്പാക്കണം എന്നതിനെക്കുറിച്ചാണ് ചര്‍ച്ച. കേന്ദ്രത്തിനിപ്പോഴും വേതനനയമില്ല. സംസ്ഥാനങ്ങള്‍ക്കാകട്ടെ വ്യത്യസ്ത തരത്തിലും. സാങ്കേതിക മേഖലയില്‍ പോലും മിനിമം വേതനം നടപ്പിലാക്കുകവാന് കഴിഞ്ഞില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. തൊഴിലാളികള്‍ക്ക് യഥാര്‍ഥ വേതനം ലഭ്യമാക്കുവാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.
ഒമ്പതുവര്‍ഷത്തെ യുപിഎ ഭരണം രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയിലേക്കാണ് നയിച്ചത്. കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ വിദേശ വ്യാപാര കമ്മിയുണ്ടായത് ഇക്കാലഘട്ടത്തിലാണ്. എന്‍ഡിഎ ഭരണകാലത്ത് ഭാരതം മുന്നോട്ടു കുതിക്കുന്ന രണ്ടാമത്തെ രാജ്യമായിരുന്നെങ്കില്‍ ഇന്ന് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ നികുതി സമ്പ്രദായം പൊളിച്ചെഴുതേണ്ട കാലഘട്ടം അതിക്രമിച്ചിരിക്കുന്നു. ഉള്ളവന് നികുതിയിളവും ഇല്ലാത്തവന്റെ കയ്യില്‍ നിന്നും ഊറ്റിയെടുക്കുകയെന്ന നയവുമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. കഴിഞ്ഞവര്‍ഷം കോര്‍പ്പറേറ്റ് വിഭാഗത്തിനു മാത്രം ഒന്നരലക്ഷം കോടിയുടെ നികുതിയിളവാണ് നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുത്ത ദശകം സമരത്തിന്റേതാണ്. കരുത്തുറ്റ പോരാട്ടത്തിലൂടെ മാത്രമെ തൊഴിലാളിയുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയൂ. ഇതിന് തൊഴിലാളികളെ സമരസജ്ജമാക്കുയെന്ന ദൗത്യമാണ് ബിഎംഎസിന്റേത്. മുഴുവന്‍ തൊഴിലാളിസംഘടനകളെയും അണിനിരത്തി അവകാശ സംരക്ഷത്തിനായി ബിഎംഎസ് പോരാട്ടം ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇതിന് ഗതാഗത മേഖലയിലെ തൊഴിലാളികള്‍ക്ക് വഹിക്കാനുള്ള പങ്ക് ഏറെയാണ്.
ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഗംഗാധരന് യോഗത്തില്‍ അദ്ധ്യക്ഷതവഹിച്ചു. ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്, സെക്രട്ടറി എ.സി.കൃഷ്ണന്, ജില്ലാ സെക്രട്ടറി സി.ബാലചന്ദ്രന്, ജില്ലാ പ്രസിഡന്റ് കെ.സുധാകരന് എന്നിവര്‍ പ്രസംഗിച്ചു.
സ്വാഗതസംഘം ചെയര്മാന് എ.നാരായണന്‍കുട്ടി സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: