പുനലൂര്‍: പുനലൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഒന്നാം വാര്‍ഷിക സമ്മേളനം സംസ്ഥാന റവന്യൂവകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു.സ്ഥിരനിക്ഷേപത്തിലൂടെയും അല്ലാതെയും ലഭിക്കുന്ന തുകകള്‍ തൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യുത്പാദനപരമായ കാര്യങ്ങള്‍ക്ക് വിനിയോഗിക്കണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.സഹകരണ ബാങ്കുകളിലെ സമ്പത്ത് ഗുണകരമായ രീതിയില്‍ വിനിയോഗിച്ചാല്‍ മാത്രമേ സാമൂഹിക പ്രതിബദ്ധത നിറവേറ്റാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചടങ്ങിന് കെ.പി.സി.സി വൈസ് പ്രസിഡന്റും ബാങ്ക് പ്രസിഡന്റുമായ ഭാരതീപുരം ശശി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.സുന്ദരേശന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണം പുനലൂര്‍ എം.എല്‍.എ അഡ്വ.കെ.രാജുവും, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹനും നിര്‍വഹിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രഗത്ഭമതികളേയും പ്രസ്ഥാനങ്ങളേയും ചടങ്ങില്‍ ആദരിച്ചു.മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള പുരസ്കാരം അഞ്ചല്‍ ശബരിഗിരി ഗ്രൂപ്പ് ചെയര്മാന് ഡോ.വി.കെ.ജയകുമാറിനും, മികച്ച ആതുരസേവനത്തിനുള്ള പുരസ്കാരം ജനറല്‍ സര്‍ജനായ ഡോ.വി.കെ.പുഷ്പാംഗതനും ലഭിച്ചു. പുനലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷാഹിര്‍ഷായ്ക്ക് മികച്ച നേതൃപാടവത്തിനുള്ള പുരസ്കാരവും,മികച്ച വ്യവസായ സംരംഭകനുള്ള പുരസ്കാരം ദര്ശന് ഗ്രാനൈറ്റ്സ് ചെയര്മാന് ടി.കെ.സുന്ദരേശനും, മികച്ച വ്യാപാരി വ്യവസായിക്കുള്ള പുരസ്കാരം പുനലൂര്‍ പാലത്ര ജൂവലേഴ്സ് ഉടമ പി.സി.കുര്യാക്കോസ്, മികച്ച ആതുരാലയത്തിനുള്ള അവാര്‍ഡ് പുനലൂര്‍ പ്രണവം ആശുപത്രിക്കും ലഭിച്ചു. ചടങ്ങില്‍ നഗരസഭാധ്യക്ഷ ഗ്രേസി ജോണ്‍,ഇടമണ്‍ ഇസ്മയില്‍,ബി.എസ്.മോഹനന്,ജി.വിശ്വനാഥന്,സി.ബി.വിജയകുമാര്‍,നെല്‍സണ്‍ സെബസ്റ്റ്യന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: