കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളിലെ പ്രധാന വിമാനത്താവളത്തിന് നേര്‍ക്ക് ആക്രമണം നടത്താനുള്ള തീവ്രവാദികളുടെ ശ്രമം സുരക്ഷാസേന പരാജയപ്പെടുത്തി. വിമാനത്താവളത്തിന് സമീപം നിര്‍മാണത്തിലിരുന്ന ഒരു കെട്ടിടത്തില്‍ കയറിക്കൂടിയ തീവ്രവാദികളെ സുരക്ഷാസേന ഏറ്റുമുട്ടലിലൂടെ വധിക്കുകയായിരുന്നു.
സംഘത്തിലുണ്ടായിരുന്ന ഏഴ് തീവ്രവാദികളും കൊല്ലപ്പെട്ടതായി സുരക്ഷാസേന വ്യക്തമാക്കി. കടുത്ത ഏറ്റുമുട്ടലാണ് നടന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മണിക്കൂറുകളോളം ഗ്രനേഡ് പൊട്ടുന്നതിന്റെയും വെടിവെയ്ക്കുന്നതിന്റെയും ശബ്ദം കേട്ടിരുന്നതായും ഇവര്‍ പറഞ്ഞു. കെട്ടിടത്തിന് സമീപമുള്ള പാതകളിലേക്ക് റോക്കറ്റ് ഉപയോഗിച്ച് തീവ്രവാദികള്‍ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. വിമാനത്താവളത്തിലേക്ക് പ്രയോഗിക്കാന്‍ കൊണ്ടുവന്നവയാണ് ഇവയെന്നാണ് വിവരം.
സംഭവത്തെ തുടര്‍ന്ന് പരിസരപ്രദേശങ്ങളിലെ റോഡുകളില്‍ ഗതാഗതം തടഞ്ഞ സുരക്ഷാസേന വിമാനത്താവളം അടച്ചിടുകയും ചെയ്തിരുന്നു. ഇവിടേക്കുളള വിമാനസര്‍വീസുകളും നിര്‍ത്തിവെച്ചിരുന്നു. തീവ്രവാദികളില്‍ രണ്ടു പേര് സ്ഫോടക വസ്തുക്കള്‍ പൊട്ടിച്ച് സ്വയം ജീവനൊടുക്കുകയായിരുന്നു. അഞ്ച് പേര് സുരക്ഷാസേനയുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: