മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ജനറല്‍ ആശുപത്രിയില്‍ ഇന്നലെ ഡോക്ടര്‍മാര്‍ എത്തിയില്ല. ഒപി വിഭാഗം മുടങ്ങി ചികിത്സതേടി എത്തിയ രോഗികള്‍ കാഷ്വാലിറ്റിയെ ആശ്രയിക്കേണ്ടിവന്നു. രോഗികളെ നോക്കാന്‍ ഒരു വനിതാ ഡോക്ടര്‍ മാത്രം. ജനറല്‍ ആശുപത്രിയായി ഉയര്‍ന്നുവരുന്ന മൂവാറ്റുപുഴ താലൂക്ക് സര്‍ക്കാര്‍ ആശുപത്രിയിലാണ് ഇന്നലെ ഡോക്ടര്‍മാര്‍ ഒപി വിഭാഗത്തില്‍ എത്താിരുന്നത്. ഇതുമൂലം അടിയന്തര ചികിത്സ നല്കുന്ന കാഷ്വാലിറ്റിയിലാണ് രോഗികള്‍ക്ക് ചികിത്സ തേടേണ്ടി വന്നത്.
ഒപി വിഭാഗത്തില്‍ 13 ഡോക്ടര്‍മാരുടെ സേവനമാണ് ലഭ്യമാകുന്നത്. ഇവരാരും ഒപിയില്‍ എത്തിയിരുന്നില്ല. ഒപി തുറന്നെങ്കിലും രോഗികള്‍ക്കുള്ള ചീട്ട് മാത്രമാണ് ഇവിടെനിന്നും നല്‍കിയിരുന്നത്. സാധാരണ ഞായറാഴ്ച ദിവസങ്ങളില്‍ ഇവിടെ ഡോക്ടറുടെ എണ്ണത്തില്‍ കുറവ് വരുമെങ്കിലും ഒപി മുടങ്ങാറില്ല. പനിയും ഡെങ്കിപ്പനിയും മൂവാറ്റുപുഴ മേഖലയില്‍ വ്യാപകമാണ്. ചികിത്സതേടി എത്തുന്നവര്‍ക്ക് എല്ലാ സൗകര്യവും ഈ ആശുപത്രിയിലുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
സാധാരണ ദിവസങ്ങളില്‍ ഡോക്ടര്‍മാര്‍ ഡ്യൂട്ടി സമയങ്ങളില്‍ സ്വകാര്യ ആവശ്യത്തിന് മുങ്ങുക പതിവാണ്. രാവിലെ 8ന് എത്തുന്ന ഡോക്ടര്‍മാര്‍ 10.30ഓടെയാണ് മുങ്ങുന്നത്. ഒപി അവസാനിക്കുന്ന ഒരുമണിയോടെ എത്തുന്നതും ഈ ആശുപത്രിയില്‍ സ്ഥിരം കാഴ്ചയാണ്. കാത്തുനില്ക്കുന്ന രോഗികളാകട്ടെ ഒടുവില്‍ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കുകയാണ് പതിവ്.
അടിസ്ഥാനസൗകര്യവും ചികിത്സാ സൗകര്യവുമുള്ള ഈ സര്‍ക്കാര്‍ ആശുപത്രിയില്‍ സാധാരണക്കാരായ രോഗികളാണ് ചികിത്സതേടി എത്തുന്നത്. ഇവരുടെ വിവിധ ടെസ്റ്റുകള്‍ക്ക് ആശുപത്രി പുറത്തെ സ്വകാര്യ സംരഭകര്‍ക്കാണ് ഡോക്ടര്‍ ചീട്ട് നല്കിവിടുന്നത് എന്ന പരാതിയും ഇവിടെ നിലനില്‍ക്കുന്നുണ്ട്. പല സ്വകാര്യ ലാബുകളും ഇവിടുത്തെ ഡോക്ടര്‍മാരുടെ ബിനാമികളാണെന്ന് രോഗികള്‍തന്നെ പറയുന്നുണ്ട്.
ഹൈറേഞ്ച്നിന്ന് ഉള്‍പ്പെടെ ആയിരക്കണക്കിന് രോഗികളാണ് ഇവിടെ ദിനംപ്രതി എത്തുന്നത്. ഇവരുടെ ചികിത്സ നല്‍കേണ്ട ഡോക്ടര്‍മാര്‍തന്നെ രോഗികളുടെ ചികിത്സ നിഷേധിക്കുകയാണെന്ന് പരാതി ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: