കാര്‍ഡിഫ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഗ്രൂപ്പ് എയിലെ മത്സരത്തില്‍ കിവീസിന് ത്രസിപ്പിക്കുന്ന വിജയം. ഏകദിനത്തിന്റെ മുഴൂവന്‍ വീറും വാശിയും നിറഞ്ഞുനിന്ന മത്സരത്തില്‍ ഒരു വിക്കറ്റിനാണ് കിവികള്‍ സിംഹളവീര്യത്തെ കെടുത്തി വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 37.5 ഓവറില്‍ വെറും 138 റണ്‍സിന് ഓള് ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്റ് 81 പന്തുകള്‍ ബാക്കിനിര്ത്തിയെങ്കിലും 9 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 139 റണ്‍സെടുത്ത് വിജയം സ്വന്തമാക്കിയത്.
ശ്രീലങ്കന്‍ ഇന്നിംഗ്സില്‍ 68 റണ്‍സെടുത്ത കുമാര്‍ സംഗക്കാരയാണ് ടോപ് സ്കോറര്‍. സംഗക്കാരക്ക് പുറമെ ദില്ഷന് (20), തീസര പെരേര (15) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ന്യൂസിലാന്റ് നിരയില്‍ 32 റണ്‍സെടുത്ത നഥാന്‍ മക്കല്ലമാണ് ടോപ് സ്കോര്‍. മക്കല്ലത്തിന് പുറമെ 25 റണ്‍സെടുത്ത ഗുപ്റ്റിലും 18 റണ്‍സെടുത്ത ബ്രണ്ടന്‍ മക്കല്ലവും 16 റണ്‍സെടുത്ത വില്ല്യംസണും ഭേദപ്പെട്ട പ്രകടനം നടത്തി. ഒരു ഘട്ടത്തില്‍ 7ന് 118 എന്ന നിലയില്‍നിന്ന് 9ന് 135 എന്ന നിലയിലേക്ക് പരാജയത്തെ നേരിട്ട കിവീകളെ 12 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ടിം സൗത്തിയും 3 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മില്‍സും ചേര്‍ന്നാണ് വിജയത്തിലേക്ക് നയിച്ചത്.
നേരത്തെ ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഈ തീരുമാനം തെറ്റാണെന്ന് തെളിയിച്ച് ന്യൂസിലാന്റ് ബൗളര്‍മാര്‍ അരങ്ങുതകര്‍ത്തു. സ്കോര്‍ തുറക്കും മുന്നേ ആദ്യ വിക്കറ്റ് സിംഹളര്‍ക്ക് നഷ്ടമായി. ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ കുശല്‍ പെരേരയെ കീല് മില്‍സ് ബ്രണ്ടന്‍ മക്കല്ലത്തിന്റെ കൈകളിലെത്തിച്ചു. തുടര്‍ന്ന് ദില്‍ഷനും സംഗക്കാരയും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചെങ്കിലും ഈ കൂട്ടുകെട്ടിനും ഏറെ ആയുസ്സുണ്ടായില്ല. സ്കോര്‍ 27-ല്‍ എത്തിയപ്പോള്‍ 20 റണ്‍സെടുത്ത ദില്‍ഷനും മടങ്ങി. 18 പന്തുകളില്‍ നിന്ന് മൂന്ന് ബൗണ്ടറിയോടെ 20 റണ്‍സെടുത്ത ദില്‍ഷനെ മക്ക്ലെനഗന് ബൗള്‍ഡാക്കി. പിന്നീട് വിക്കറ്റുകളുടെ ഘോഷയാത്രയായിരുന്നു. ജയവര്‍ദ്ധനെ (4), ചണ്ഡിമല്‍ (0), ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ് (9), തിരിമന്നെ (9) എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിയാതെ വന്നതോടെ ലങ്ക 6ന് 82 എന്ന നിലയിലേക്ക് തകര്‍ന്നു. പിന്നീട് സംഗക്കാരയും തീസര പെരേരയും ചേര്‍ന്നാണ് ലങ്കന്‍ സ്കോര്‍ 100 കടത്തിയത്. എന്നാല്‍ സ്കോര്‍ 118-ല്‍ എത്തിയപ്പോള്‍ 15 റണ്‍സെടുത്ത തീസര പെരേരയും സ്കോര്‍ 135-ല്‍ എത്തിയപ്പോള്‍ ലങ്കന്‍ ഇന്നിംഗ്സിലെ ടോപ് സ്കോറര്‍ കുമാര്‍ സംഗക്കാരയും മടങ്ങി. 87 പന്തില്‍ നിന്ന് എട്ട് ബൗണ്ടറിയോടെ 68 റണ്‍സെടുത്ത സംഗക്കാരയെ നഥാന്‍ മക്കല്ലത്തിന്റെ പന്തില്‍ വില്ല്യംസണ് പിടികൂടി. ഇതേ സ്കോറില്‍ തന്നെ ഒമ്പതാം വിക്കറ്റും ലങ്കക്ക് നഷ്ടമായി. നാല് പന്ത് നേരിട്ട് റണ്ണൊന്നുമെടുക്കാതിരുന്ന എറംഗയെ നഥാന്‍ മക്കല്ലം മില്‍സിന്റെ കൈകളിലെത്തിച്ചു.
37.5 ഓവറില്‍ സ്കോര്‍ 138-ല്‍ എത്തിയപ്പോള്‍ മലിംഗയും മടങ്ങിയതോടെ ലങ്കന്‍ ഇന്നിംഗ്സിനും തിരശ്ശീല വീണു. ന്യൂസിലാന്റിന് വേണ്ടി മിച്ചല്‍ മക്ലനാഗന്‍ 43 റണ്‍സ് വഴങ്ങി നാല് വിക്കറ്റും മില്‍സും നഥാന്‍ മക്കല്ലവും രണ്ട് വിക്കറ്റുകളും വീഴ്ത്തി.
ഇന്ന് നടക്കുന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ പാക്കിസ്ഥാന് ദക്ഷിണാഫ്രിക്കയെ നേരിടും.
ആദ്യമത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയോടും പാക്കിസ്ഥാന് വെസ്റ്റിന്‍ഡീസിനോടും പരാജയപ്പെട്ടിരുന്നു. അതിനാല്‍ ഇരുടീമുകള്‍ക്കും ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: