തിരുവനന്തപുരം: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ശിക്ഷാകാലാവധി കഴിഞ്ഞവരും വിചാരണത്തടവുകാരുമായി ജീവിതം തള്ളിനിക്കുന്നത് നിരവധി ജീവനുകള്‍. ബന്ധുക്കള്‍ കയ്യൊഴിഞ്ഞവരും വിചാരണ നീണ്ടുപോവുന്നവര് ചികില്‍സയിലാണെന്ന പേരിലുമാണ് സര്‍ക്കാരിന്റെ കനിവെത്തുന്നതും കാത്ത് ഇവിടെ കഴിയുന്നത്. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടവര്‍ പോലും 14 വര്‍ഷത്തിനുശേഷം മോചിതരാവുമ്പോഴാണ് നിയമലംഘനത്തിന്റെ ഇരകളായി ഇവരുടെ ജീവിതം ഇരുമ്പഴിക്കുള്ളില്‍ കുരുതികൊടുക്കപ്പെടുന്നത്.
തിരുവനന്തപുരത്തെ പേരൂര്‍ക്കട ആശുപത്രിയില്‍ 24 വര്‍ഷംവരെ കഴിഞ്ഞ ഒരാളടക്കം നാലുപേരാണ് ഇപ്പോഴും ചികില്‍സയിലെന്ന പേരില്‍ കഴിയുന്നത്. രോഗംകുറഞ്ഞിട്ടും വിചാരണ നടക്കാത്തതിനാല്‍ ഇവരുടെ മോചനം യഥാര്‍ഥ ശിക്ഷാകാലാവധിയേക്കാള് നീണ്ടുപോവുകയാണ്. ശിക്ഷ പൂര്‍ത്തിയാക്കിയവരായി മാത്രം പത്തുപേരാണ് പേരൂര്‍ക്കട ആശുപത്രിയിലുള്ളത്. ചികില്‍സ പൂര്‍ത്തിയായിട്ടും ബന്ധുക്കള്‍ കൈയൊഴിഞ്ഞതിനാല്‍ ആശുപത്രിയില്‍ ജീവിതം തളളിനീക്കുന്നവരുടെ എണ്ണവും നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. 200ഓളം പേരാണ് പേരൂര്‍ക്കടയില്‍ മാത്രം ഇത്തരത്തില്‍ കഴിയുന്നത്.
രോഗം മാറിയിട്ടും രോഗികള്‍ക്കൊപ്പം കഴിയേണ്ടിവരുന്നത് പലരുടെയും മനോനില വീണ്ടും വഷളാക്കുന്നുണ്ട്. ഈ സാഹചര്യതത്തില്‍ ഇവരുടെ പുനരധിവാസം ഉറപ്പാക്കാനുളള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാവണമെന്നും ആവശ്യമുയരുന്നുണ്ട്. കോട്ടയം സബ്ജയിലില്‍നിന്ന് 24 വര്‍ഷംമുമ്പ് എത്തിച്ച മോനിച്ചന്(41), തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍നിന്ന് 19 വര്‍ഷംമുമ്പ് കൊണ്ടുവന്ന കോട്ടയം സ്വദേശി ദാസ്, കോട്ടയം സബ്ജയില്നിന്ന് 17 വര്‍ഷംമുമ്പ് എത്തിച്ച രഘുനന്ദന് എന്നിവര്‍ തങ്ങള്‍ചെയ്ത തെറ്റുകള്‍ക്ക് പരമാവധി ശിക്ഷയേറ്റുവാങ്ങി മോചനം എപ്പോഴെന്നറിയാതെ പേരൂര്‍ക്കടയില്‍ കഴിയുന്നവരില്‍ ചിലരാണ്.
വിവരാവകാശ നിയമപ്രകാരം ഒരു മനുഷ്യാവകാശ സംഘടന ശേഖരിച്ച കണക്കില്‍ പേരൂര്‍ക്കടയില്‍ മാത്രം 15 വര്‍ഷം പിന്നിട്ട നാലു തടവുകാരുടെ വിവരങ്ങളാണ് ലഭിച്ചത്. എന്നാല്‍ ലഭിച്ചിട്ടുള്ള വിവരങ്ങള്‍ പലതും അപൂര്‍ണമാണ്. വിചാരണയും കാത്തുകഴിയുന്നവര് ചെയ്ത കുറ്റങ്ങളെന്തെന്ന് വ്യക്തമല്ല. രോഗം ഒരുവിധം ഭേദമായിട്ടും വിചാരണയ്ക്കു ഹാജരാവാനുളള മനോനില ഇവര്‍ വീണ്ടെടുത്തിട്ടില്ലെന്നതാണ് ആശുപത്രിവാസം അനന്തമായിനീളാന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ജീവപര്യന്തത്തിന് മുന്‍കാലങ്ങളില്‍ അനുഭവിക്കേണ്ട കാലയളവിനേക്കാള്‍ ശിക്ഷ അനുഭവിച്ചിട്ടും നിയമക്കുരുക്കുകള്‍ തന്നെയാണ് ഇവരുടെ മോചനത്തിന് തടസമാകുന്നത്. ഇതേനിലയില്‍ കോഴിക്കോട്ടും തൃശൂരുമുളള ആശുപത്രികളില്‍ കഴിയുന്നവരുടെ എണ്ണവും ഇതിനുസമാനമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. ഇവിടെയുള്ള പലരെയും ബന്ധുക്കള്‍ കൈയൊഴിഞ്ഞ നിലയിലാണ്. ഇവരുടെ മോചനം തേടി ആശുപത്രി അധികൃതര്‍ പലവട്ടം നിയമസഹായം തേടി അപേക്ഷ നല്‍കിയെങ്കിലും അവഗണിക്കപ്പെട്ടതായാണ് ആരോപണം.
സംസ്ഥാനത്തെ മാനസികാരോഗ്യമേഖല സംബന്ധിച്ച് പഠനം നടത്തിയ നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി കഴിഞ്ഞ ഡിസംബര്‍ 19ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, രോഗം ഭേദമായിട്ടും വിടുകളിലേക്ക് തിരികെപോകാന്‍ കഴിയാത്ത രോഗികളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ മേഖലയില്‍ പുനരധിവാസ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. അടുത്തബജറ്റില് ഇതിനുളള തുക അനുവദിക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെല്ലാം പതിവു ശുപാര്‍ശകള്‍ മാത്രമായി അവസാനിച്ചു. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ രോഗിയെ ജയിലില്‍നിന്ന് പുറത്തിറക്കാന്‍ പണം കെട്ടിവയ്ക്കണമെന്ന നിബന്ധനയാണ് പലരുടേയും മോചനത്തിന് തടസ്സമാവുന്നത്. ഈ നിബന്ധനയില്‍ ഇളവുവേണമെന്ന് ആശുപത്രി അധികൃതര്‍ ഏറെനാളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നു അനുകൂല സമീപനം ഉണ്ടായിട്ടില്ല.
കെ.വി.വിഷ്ണു
പ്രതികരിക്കാൻ ഇവിടെ എഴുതുക: