കൊച്ചി: ആറന്മുള പൈതൃക ഗ്രാമം ആസൂത്രിതമായി തകര്‍ക്കപ്പെടുകയാണെന്ന് കവി എസ്.രമേശന് നായര്‍ അഭിപ്രായപ്പെട്ടു. അധിനിവേശ തന്ത്രങ്ങള്‍ ആറന്മുളക്കെതിരെ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദിയുടെയും, പരിസ്ഥിതി സംരക്ഷണ സമിതിയുടെയും ആഭിമുഖ്യത്തില്‍ ആറന്മുളയെ സംരക്ഷിക്കൂ, കേരളത്തെ രക്ഷിക്കൂ എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ഇന്നലെ എറണാകുളത്ത് നടന്ന പരിസ്ഥിതി സംരക്ഷണ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാതാവുകയും നശിപ്പിച്ച് നശിപ്പിച്ച് നമ്മള് ഇല്ലാതാവുകയും ചെയ്യുന്ന അവസ്ഥയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. വികസനത്തിന്റെ പേരില്‍ മാഫിയ സംഘങ്ങളെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ ജനങ്ങളെ മുങ്ങിക്കൊല്ലുകയാണ് ചെയ്യുന്നത്. വേലി തന്നെ വിളവ് തിന്നുകയാണ്. ആറന്മുളയില് കുപ്രചാരണം നടത്തുകയാണ്. ഇതിന് പിന്നില്‍ ദുഷ്ടലാക്കാണ് ഉള്ളതെന്നും രമേശന് നായര്‍ പറഞ്ഞു. മലയാളത്തെയും, മാതൃഭാഷയെയും ആര്‍ക്കും വേണ്ടാതായി. പക്ഷെ 100 കോടി കിട്ടിയാല്‍ അത് വീതം വെക്കാന്‍ എല്ലാവരും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാഷാ മലിനീകരണം എന്ന വിപത്ത് വിദൂരമല്ലെന്നും രമേശന് നായര്‍ ഓര്‍മ്മിപ്പിച്ചു.
പരിസ്ഥിതി സംരക്ഷണം എന്നാല്‍ ആത്മസംരക്ഷണം എന്നാണ് അര്‍ത്ഥം. ചുറ്റും തീപിടിക്കുന്ന ഒരു വീടിനുള്ളില്‍ ആരാണ് ജീവിക്കുക, നമുക്ക് ചുറ്റുമുള്ള പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് മാത്രെമെ ഇനിയുള്ള കാലം ജീവിക്കാന്‍ സാധിക്കുകയുള്ളു. കാടാണ് മനുഷ്യന് ആദ്യം പിറന്ന വീട്. അതാണ് മനുഷ്യന്റെ വീട്. അതിന്നില്ലാതായിരിക്കുന്നു. നദിയും, വനങ്ങളും ഇല്ലാതായിരിക്കുന്നു. എല്ലാം മരുഭൂമിയായി. ആവാസവ്യവസ്ഥയും ഇല്ലാതായിരിക്കുന്നു. അവകാശങ്ങള്‍ മതി, കടമകള്‍ വേണ്ട എന്ന സ്ഥിതി വന്നിരിക്കുന്നു. മനുഷ്യരാശിയെ വിഷം കൊടുത്തു കൊല്ലുന്നതാണോ വികസനമെന്നും രമേശന്‍നായര്‍ ചോദിച്ചു.
പശ്ചിമ ഘട്ട സംരക്ഷണത്തെക്കുറിച്ച് പറയുമ്പോള്‍ പലരും ഉറഞ്ഞു തുള്ളുകയാണ്. ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് കണ്ടിട്ടില്ലാത്തവരാണ് ഇങ്ങനെ പ്രതികരിക്കുന്നതെന്നും രമേശന് നായര്‍ പറഞ്ഞു. ഏക്കറു കണക്കിന് ഭൂമിയാണ് ഇവിടെ കയ്യേറിയിരിക്കുന്നത്. ഭൂമി കയ്യേറി വലിയ സൗദങ്ങള്‍ പണിതവര്‍ മിടുക്കന്മാരും, കണ്ടുനിന്നവര്‍ വിഡ്ഢികളുമായ അവസ്ഥയാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം ബിഎംഎസ് ഓഫീസില്‍ നടന്ന കണ്‍വെന്‍ഷനില്‍ ആറന്മുള പൈതൃക ഗ്രാമകര്‍മ്മസമിതി പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ആര്.വി.ബാബു സ്വാഗതം ആശംസിച്ചു. ബിജെപി സംസ്ഥാന കമ്മറ്റി അംഗം എം.ടി.രമേശ്, പ്രൊഫ.എസ്.സീതാരാമന്, ഡോ.സി.എം.ജോയി, പ്ലാച്ചിമട സമര നായകന് വിളയോടി വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: