കൊച്ചി: സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു. കേന്ദ്ര നഗരവികസന സെക്രട്ടറി സുധീര്‍കൃഷ്ണ നല്കിയ പച്ചക്കൊടി മുഖ്യമന്ത്രി വീശിയതോടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ തല്‍സമയ ദൃശ്യങ്ങള്‍ വേദിയില്‍ തെളിഞ്ഞു.
കൊച്ചിയുടെ മാത്രമല്ല സംസ്ഥാനത്തിന്റെതന്നെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോ 1095 ദിവസംകൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളികളെല്ലാം ഇനി ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ്. ഒരു ദിവസം പോലും വെറുതെ കളയാനില്ല. ഒരു ദിവസം പോലും നിര്‍മ്മാണം മുടങ്ങരുതെന്നാണ് ശ്രീധരന്റെ ആപ്തവാക്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാകുന്നതോടെ മറ്റ് മെട്രോ നഗരങ്ങള്ക്കൊപ്പംതന്നെ കൊച്ചിയും സ്ഥാനംപിടിക്കും. മെട്രോയുടെ രണ്ടാംഘട്ടത്തെ സംബന്ധിച്ച് ഇപ്പോഴേ പഠനം തുടങ്ങണം. ഇതിനായി നിയോഗിക്കപ്പെടുന്ന സമിതി ആറ് മാസത്തിനുള്ളില്‍ പഠനം പൂര്‍ത്തീകരിക്കണം. അതില്‍ സാധ്യമാവുന്നതെല്ലാം നടപ്പിലാക്കുകയും വേണം. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെയായിരിക്കും അടുത്ത ഘട്ടം നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെട്രോ റെയിലിന്റെ അടുത്ത ഘട്ടം തൃപ്പൂണിത്തുറവരെ നീട്ടുമെന്ന് മെട്രോയുടെ ചുമതല വഹിക്കുന്ന മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. ഇതിനായി 300 കോടി രൂപ മാത്രമേ അധികചെലവായി വേണ്ടിവരികയുള്ളൂ. തത്വത്തില്‍ ഇതിനായുള്ള കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഏജന്‍സിയുടെ പഠനത്തിനുശേഷം കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ കാക്കനാട്ടേക്കും നെടുമ്പാശ്ശേരിക്കുമെല്ലാം നീട്ടുന്ന കാര്യം ചിന്തിക്കും.
മെട്രോയുടെ തടസങ്ങള്‍ നീക്കിയ കേന്ദ്രമന്ത്രി എ.കെ. ആന്റണിക്കും മറ്റ് മന്ത്രിമാര്‍ക്കും ആര്യാടന് നന്ദി പറഞ്ഞു. പറഞ്ഞ സമയത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേശകന് ഇ. ശ്രീധരന് പറഞ്ഞു. കൊച്ചി മെട്രോ ഡിഎംആര്‍സി ഏറ്റെടുക്കുന്നത് സംബന്ധിച്ച് കേന്ദ്രമന്ത്രി കമല്‍നാഥും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധാരണയായശേഷം അഞ്ച് മാസത്തിനുള്ളില്‍ നിര്‍മ്മാണം ആരംഭിക്കുവാനായതായി ശ്രീധരന് പറഞ്ഞു.
ചടങ്ങില്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.എം.മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ. ബാബു, അനൂപ് ജേക്കബ്, കൊച്ചി മേയര്‍ ടോണി ചമ്മണി, എംപിമാരായ കെ.പി. ധനപാലന്, പി. രാജീവ്, ബെന്നി ബഹനാന് എംഎല്‍എ, ജില്ലാ കളക്ടര്‍ ഷെയ്ഖ് പരീത് എന്നിവര്‍ പ്രസംഗിച്ചു. കേന്ദ്ര നഗരവികസന സെക്രട്ടറി സുധീര്‍കൃഷ്ണ പദ്ധതി സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ വീക്ഷണം അവതരിപ്പിച്ചു. കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ഏല്യാസ് ജോര്‍ജ് പ്രോജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എംഎല്‍എമാരായ ഹൈബി ഈഡന്, എസ്. ശര്‍മ്മ, ഡൊമിനിക് പ്രസന്റേഷന്, വി.പി. സജീന്ദ്രന്, ലൂഡി ലൂയിസ്, ജിസിഡിഎ ചെയര്മാന് എന്‍. വേണുഗോപാല്‍, നഗരസഭാ ചെയര്മാന്മാരായ ജമാല്‍ മണക്കാടന്, എം.ടി. ജേക്കബ് എന്നിവര്‍ സംബന്ധിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: