ഓവല്‍: ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന് വിജയം. അത്യന്തം ആവേശകരമായ മത്സരത്തില്‍ രണ്ട് വിക്കറ്റിന്റെ വിജയമാണ് വിന്‍ഡീസ് പാക്കിസ്ഥാനെതിരെ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 48 ഓവറില്‍ 170 ഓള്‍ ഔട്ടായി. 96 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മിസ്ബാ ഉള്‍ഹഖിന്റെയും അര്‍ദ്ധസെഞ്ചുറി നേടിയ ഓപ്പണര്‍ നാസിര്‍ ജംഷിദിന്റെയും മികച്ച ഇന്നിംഗ്സാണ് പാക്കിസ്ഥാനെ 170 റണ്‍സിലെത്തിച്ചത്. ഇരുവര്‍ക്കും പുറമെ മറ്റാര്‍ക്കും രണ്ടക്കം പോലും കടക്കാന്‍ കഴിഞ്ഞില്ല. മൂന്നുപേര്‍ പൂജ്യത്തിന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസ് 56 പന്തുകള്‍ ബാക്കിനില്‍ക്കേ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു.
ഒരുഘട്ടത്തില്‍ രണ്ടിന് 15 എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ട വെസ്റ്റിന്‍ഡീസിനെ 39 റണ്‍സെടുത്ത ഗെയിലും 30 റണ്‍സെടുത്ത സാമുവല്‍സും ചേര്‍ന്നാണ് മത്സരത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. എന്നാല്‍ സ്കോര്‍ 78-ല്‍ എത്തിയപ്പോള്‍ ഗെയില്‍ പുറത്തായതോടെ വിന്‍ഡീസ് വീണ്ടും തകര്‍ച്ചയെ നേരിട്ടു. അധികം വൈകാതെ ഒരു റണ്‍സെടുത്ത സര്‍വനും പിന്നീട് സാമുവല്‍സും മടങ്ങിയതോടെ 5ന് 94 എന്ന നിലയിലായി. പിന്നീട് പൊള്ളാര്‍ഡും (30) ബ്രാവോയും (19) ചേര്‍ന്ന് സ്കോര്‍ 137-ല്‍ എത്തിച്ചു. അവസാനം 11 റണ്‍സെടുത്ത രാംദിനും 5 റണ്‍സെടുത്ത റോച്ചും ചേര്‍ന്ന് വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് തുടക്കം തുടക്കം മുതല്‍ക്കേ തകര്‍ച്ചയെ നേരിടേണ്ടിവന്നു. സ്കോര്‍ബോര്‍ഡില്‍ രണ്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ തന്നെ ആദ്യവിക്കറ്റ് നഷ്ടമായി. രണ്ട് റണ്‍സെടുത്ത ഓപ്പണര്‍ ഇമ്രാന്‍ ഫര്‍ഹാത് കീമര്‍ റോച്ചിന്റെ പന്തില്‍ ബ്രാവോയ്‌ക്ക് ക്യാച്ച് നല്‍കി മടങ്ങി. തുടര്‍ന്ന് 13 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ രണ്ട് മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ കൂടി കൂടാരം പൂകി. നാല് റണ്‍സെടുത്ത മുഹമ്മദ് ഹഫീസിനെയും റണ്ണൊന്നുമെടുക്കാതിരുന്ന ആസാദ് ഷഫീഖിനെയും റോച്ച് തന്നെ മടക്കി. തുടര്‍ന്നായിരുന്നു നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ നാസിര്‍ ജംഷദിന്റെയും ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖിന്റെയും രക്ഷാപ്രവര്‍ത്തനം. എന്നാല്‍ സ്കോര്‍ബോര്‍ഡില്‍ 105 റണ്‍സെത്തിയപ്പോള്‍ 93 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത നാസിര്‍ ജംഷാദിനെ സുനില്‍ നരേയ്ന്റെ പന്തില്‍ രാംപാല്‍ പിടികൂടി. ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും റണ്ണൊന്നുമെടുക്കാതിരുന്ന ഷൊഐബ് മാലിക്കിനെയും നരേയ്ന്‍ മടക്കി.
ഒരു ഘട്ടത്തില്‍ 110-ന് ആറ് എന്ന നിലയില്‍ കൂപ്പു കുത്തിയ പാക്കിസ്ഥാനെ മിസ്ബായുടെ ബാറ്റിംഗ് പ്രകടനമാണ് തകര്‍ച്ചയില്‍ നിന്നു കരകയറ്റിയത്. 127 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്സറുമായി 96 റണ്‍സ് നേടി മിസ്ബ പുറത്താകാതെനിന്നു. രണ്ട് റണ്‍സെടുത്ത കമ്രാന്‍ അക്മലിനെ നരേയ്നും ജുനൈദ് ഖാനെ (0) ബ്രാവോയും മുഹമ്മദ് ഇര്‍ഫാനെ (2) രാംപാലും മടക്കിയപ്പോള്‍ വഹാബ് റിയാസും സയീദ് അജ്മലും റണ്ണൗട്ടായി. വെസ്റ്റ്‌ഇന്‍ഡീസിന് വേണ്ടി റോച്ചും സുനില്‍ നരേയ്നും മൂന്നു വിക്കറ്റ് വീതം നേടി.
ഇന്ന് ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയ ആതിഥേയരായ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: