പെരുമ്പാവൂര്‍: കഴിഞ്ഞ കുറേ നാളുകളായി പെരുമ്പാവൂരിന്റെ വിവിധ ഭാഗങ്ങളില്‍ പോത്ത് മോഷണം പതിവായതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നല്കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒരാള്‍ പിടിയിലായി. കണ്ടന്തറ കാരോത്തി വീട്ടില്‍ അന്‍വര്‍ (40) ആണ് പിടിയിലായത്. ചേലാമറ്റം മൂക്കട വീട്ടില്‍ ബഷീര്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. കണ്ടന്തറ സദ്ദാം റോഡിനോട് ചേര്‍ന്നുള്ള പാടശേഖരത്തില്‍ കെട്ടിയിരുന്ന പോത്തുകളെയാണ് ഇയാള്‍ മോഷണം ചെയ്തിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
വലിയ പെരുന്നാളിന്റെ ആവശ്യത്തിലേക്കായി നാട്ടുകാര്‍ നിരവധി പോത്തുകളെ വയലുകളില്‍ വളര്‍ത്തുന്നുണ്ട്. ഇക്കൂട്ടത്തില്നിന്നും കഴിഞ്ഞ കുറേ നാളുകളായി നിരവധി പോത്തുകള്‍ മോഷണം പോകുന്നത് പതിവായിരുന്നു. രണ്ടാഴ്ച മുമ്പ് മുടിക്കല്‍ ചിറയന്‍ പാടത്തുനിന്ന് പാലത്തിങ്കല്‍ സലീം, ആലങ്ങാടന്‍ മുസ്തഫ എന്നിവരുടെ പോത്തുകള്‍ മോഷണം പോയിരുന്നു. അമ്പതിനായിരം രൂപ വിലവരുന്ന പോത്തുകളാണ് നഷ്ടപ്പെട്ടതെന്ന് പറയുന്നു. കണ്ടന്തറ, കുറുവപ്പാടം, മാവിന്‍ചുവട് എന്നീ ഭാഗങ്ങളില്‍നിന്നും നിരവധി മറ്റ് മൃഗങ്ങളും മോഷണം പോയതായും പറയുന്നു.
മോഷ്ടാവിനെ പിടികൂടിയതറിഞ്ഞ് നിരവധി പേരാണ് കഴിഞ്ഞദിവസം പോലീസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ മൃഗങ്ങളെ നഷ്ടപ്പെട്ടെന്ന് നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും പരാതി നല്കാത്തതിനാല് പോലീസിന് കേസെടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കി. ഒരു പരാതി മാത്രമേ ഉള്ളൂവെന്നും ഇതിന് പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: