സായുധ വിപ്ലവം കൊണ്ട് ഒരു ലക്ഷ്യവും സഫലമാകില്ലെന്ന് പഠിപ്പിച്ചു തന്നിട്ടുണ്ട് ചരിത്രം. എന്നിട്ടും വെടിയുണ്ടകളും ചോരപ്പുഴകളുമായി അവകാശസമരം ശക്തമാക്കുന്നു മാവോയിസ്റ്റുകള്‍. യുദ്ധവും കലാപവും ഏറ്റവുമധികം ബാധിക്കുന്നത് സ്ത്രീകളെയും കുട്ടികളെയുമെന്ന വാക്യം ഒരുകാലത്തും അപ്രസക്തമാകുന്നില്ല. പക്ഷേ അധികാരകേന്ദ്രങ്ങളോട് യുദ്ധം പ്രഖ്യാപിച്ച മാവോയിസ്റ്റുകള്‍ അടവ് മാറ്റിചവിട്ടി. കെടുതികളില്‍ നിലവിളിച്ചല്ല ഇവിടെ സ്ത്രീകളും കുട്ടികളും ഇരകളാകുന്നത്.
കുഞ്ഞിക്കൈകളില്‍ തോക്കും ബോംബും ഏറ്റുവാങ്ങി നെഞ്ചില്‍ സായുധവിപ്ലവത്തിന്റെ തീ നിറച്ച് വളരുകയാണ് മാവോയിസ്റ്റ് മേഖലകളിലെ കുരുന്നുകള്‍. വിവിധ നഗരങ്ങളില്‍ മാവോയിസ്റ്റ് പദ്ധതികളുടെ ബീജം വിതയ്ക്കാന്‍ പതുങ്ങി നടക്കുന്നു ഇവരുടെ സ്ത്രീകള്‍. ലങ്കയിലെ അവഗണിക്കപ്പെടുന്ന
തമിഴ് വംശജര്‍ക്ക് അധികാരവും പദവിയും സ്വപ്നം കണ്ടിറങ്ങിയ വേലുപ്പിള്ളൈ പ്രഭാകറിന്റെ എല്‍ടിടിഇയെ ഓര്‍മ്മിപ്പിക്കുന്ന ചട്ടക്കൂട്.
രാജ്യത്തെ നടുക്കിയ ഛത്തീസ്ഗഡ് മാവോയിസ്റ്റ് ആക്രമണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമ്പോള്‍ ഊട്ടിയുറപ്പിക്കപ്പെടുകയാണ് സ്ത്രീകളുടെയും കുട്ടികളുടെയും പങ്ക്. കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ മഹേന്ദ്ര കര്‍മയെ വനിത മാവോയിസ്റ്റുകള്‍ കുത്തിയത് 78 തവണയെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. മരിക്കുന്നതിനു മുന്‍പു പരമാവധി വേദനിപ്പിക്കണമെന്നതായിരുന്നു ഇവരുടെ നയമത്രെ.
ആക്രമണത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച നേതാവ് മാധവി എന്നറിയപ്പെടുന്ന സുചിത്ര മഹാതോയെ ആന്ധ്രയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. ജംഗല്‍ മഹലിലെ അറിയപ്പെടുന്ന ഗറില്ലാ നേതാവാണ് സുചിത്രാ മഹാതോ. കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സഷാധര്‍ മഹാതോയുടെ ഭാര്യയുമാണിവര്‍. സുചിത്ര മഹാതോ മാത്രമല്ല ജുഗരി ബാസ്കെ, ബീച്ച ജഗണ തുടങ്ങി കരുത്തുറ്റ നേതൃനിര തന്നെയുണ്ട് മാവോയിസ്റ്റ് സംഘടനകള്‍ക്ക്. മിക്കവരും പ്രമുഖ നേതാക്കളുടെ ഭാര്യമാരാണ് താനും. കുടുംബത്തോടെ ഭീകരപ്രവര്‍ത്തനം. മാവോയിസ്റ്റ് നേതാവ് മല്ലരാജ റെഡ്ഢിയുടെ ഭാര്യയുമായ ബീച്ചാ ജഗണ്ണെ എന്ന സുഗുണക്ക് അടുത്തിടെയാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതിന് കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അവഗണിക്കപ്പെടുന്ന ഒരു വിഭാഗത്തിന്റെ ദൈന്യതയുടെ പേരിലാണ് തങ്ങളുടെ പോരാട്ടമെന്ന് അവകാശപ്പെടുന്ന മാവോയിസ്റ്റുകളെ അനുകൂലിക്കുന്നവര്‍ ഒട്ടേറെയുണ്ട്. വടക്കന്‍ സംസ്ഥാനങ്ങളിലെ വനാതിര്‍ത്തികളിലെ ഒരു ജനതയുടെ ദുസ്സഹജീവിതം കാണുന്ന ആരും ഇവരുടെ അവകാശവാദത്തെ തള്ളിപ്പറയുമെന്ന് തോന്നുന്നില്ല. അടിസ്ഥാനസൗകര്യങ്ങളും പട്ടിണിമാറ്റാന്‍ ഒരുനേരമെങ്കിലും അന്നവും കിട്ടാതെ ഒരുവിഭാഗത്തിന് ഇങ്ങനെ കഴിയേണ്ടി വരുന്നത് ഭൂഷണമല്ല ജനാധിപത്യരാജ്യത്തിന്. പക്ഷേ നല്ല വസ്ത്രവും പാര്‍പ്പിടവും ഭക്ഷണവും ആവശ്യപ്പെടാന്‍ ഭീകരതയാണോ മാര്‍ഗമെന്നാണ് ചോദ്യം.
2010ല്‍ പ്രമുഖ മാവോയിസ്റ്റ് വനിതാ നേതാവ് ശോഭ മാവോയിസ്റ്റ് ക്യാമ്പുകളിലെ ഞെട്ടിക്കുന്ന പീഡനങ്ങളുടെ കഥയാണ് തുറന്നു പറഞ്ഞത്. പ്രമുഖ ഇംഗ്ലീഷ് പത്രത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു 23 കാരിയായ ശോഭ സഹപ്രവര്‍ത്തകരുടെ പീഡനങ്ങള്‍ വെളിപ്പെടുത്തിയത്. ജാര്‍ഗ്രാം ഏരിയ കമാന്‍ഡറായ ശോഭ മാവോയിസ്റ്റ് ക്യാമ്പില്‍നിന്ന് ഒളിച്ചോടുകയായിരുന്നു.
പാര്‍ട്ടി നേതാക്കളില്‍ പലരും തന്നെ മാനഭംഗപ്പെടുത്തിയെന്നും ഇനി സഹിക്കാനാവില്ലെന്നും ഇവര്‍ അന്നു പറഞ്ഞു. മാവോയിസ്റ്റു ക്യാമ്പിലെ മിക്ക പെണ്‍കുട്ടികളെയും നേതാക്കന്മാര് ലൈംഗികമായി ദുരുപയോഗിക്കുന്നുണ്ടെന്നും ആരെങ്കിലും ഗര്‍ഭം ധരിച്ചാല്‍ കുഞ്ഞിനെ നശിപ്പിക്കുമെന്നും ശോഭ പറഞ്ഞിരുന്നു.
പ്രസവിക്കുന്നതും വളര്‍ത്തുന്നതുമൊക്കെ വിപ്ലവ പ്രവര്‍ത്തനത്തിന് തടസമാകുമെന്ന നേതാക്കളുടെ മനോഭാവം മൂലം പീഡിപ്പിക്കപ്പെടുന്ന വനിതാപ്രവര്‍ത്തകരുടെ അവസ്ഥയും ശോഭ വിവരിച്ചിരുന്നു. ഇന്നും സ്ഥിതി വ്യത്യസ്തമാണെന്ന് തോന്നുന്നില്ല. ഇതിനൊക്കെ പുറമേ മാവോയിസ്റ്റുകളെ അടിച്ചമര്‍ത്താന്‍ രൂപീകരിച്ച സാല്വ ജുദുമിന്റെ ക്രൂരപീഡനങ്ങള്‍ വേറെയും. സാല്വ ജുദുമിലെ മാവോയിസ്റ്റ് വിരുദ്ധര്‍ക്ക് മാവോയിസ്റ്റ് ഭീകരത അടിച്ചമര്‍ത്തുന്നതിലും താത്പര്യം അവരുടെ സ്ത്രീകളെ തേടിപ്പിടിച്ച് ബലാത്സംഗം ചെയ്യാനായിരുന്നു.
സ്ത്രീകള്‍ മാത്രമല്ല കുട്ടികളും മാവോയിസ്റ്റ് ഭീകരതയുടെ കരുക്കളാണ്. ഭാവിയുടെ വാഗ്ദാനമാകേണ്ട കുട്ടികളെ മാവോയിസ്റ്റുകള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന് ഏറ്റവും വലിയ തെളിവായിരുന്നു കഴിഞ്ഞ മാസം നടന്ന ഛത്തീസ്ഗഢ് ആക്രമണം. സ്കൂള്‍ യൂണിഫോമിലെത്തിയ കുട്ടികളാണ് ആക്രമണത്തില്‍ പരിക്കേറ്റു കിടന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ആയുധങ്ങള്‍ എടുത്തു കൊണ്ടു പോകുന്നതെന്ന് ആക്രമണത്തില്‍ പരിക്കേറ്റ ഒരു പൊലീസുകാരന് വെളിപ്പെടുത്തിയിരുന്നു. ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഭവിഷ്യത്തുകളെ പറ്റി ആലോചിച്ചപ്പോള്‍ സ്വയം പിന്മാറുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ക്ക് നേരെ വെടിയുതിര്‍ത്താല്‍ അത് ദേശീയ അന്തര്‍ദേശീയ ശ്രദ്ധ പിടിച്ചു പറ്റുകയും വലിയ പ്രതിഷേധത്തിന് കാരണമാകുകയും ചെയ്യുമെന്ന് മാവോയിസ്റ്റുകള്‍ക്കറിയാം. ഇത് തരം പോലെ ഉപയോഗപ്പെടുത്താനാണ് നേതാക്കള്‍ കുട്ടികളെ അക്രമങ്ങളുടെ ഭാഗമാക്കുന്നത്. നീലനിറത്തിലുള്ള യൂണിഫോം അണിഞ്ഞ മാവോയിസ്റ്റ് ബാലസംഘങ്ങള്‍ മാര്‍ക്കറ്റിലും മറ്റു സ്ഥലങ്ങളിലുമായി കറങ്ങി നടക്കാറുണ്ട്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുമെങ്കിലും അറസ്റ്റ് ചെയ്യാറില്ല. നന്നേ ചെറുപ്പത്തിലേ അങ്ങനെ അവര്‍ പഠിക്കുകയാണ് എങ്ങനെ മോഷ്ടിക്കണമെന്നും എങ്ങനെ കൊല്ലണമെന്നും.
ചുരുക്കത്തില്‍ അധികാരവര്‍ഗത്തിന്റെ അവഗണനയും നിഷ്ക്രിയതയും ഒരു വിഭാഗത്തെ പട്ടിണിയിലേക്കും തീരാദുരിതങ്ങളിലേക്കും തള്ളിയിടുന്നു എന്നത് നിഷേധിക്കാനാകാത്ത സത്യമാണ്. പക്ഷേ മഹത്തായ ഒരു ലക്ഷ്യത്തിനു വേണ്ടിയുള്ള അവകാശസമരത്തിന്റെ മാര്‍ഗമിതല്ല. നിരപരാധികളുടെ ചോര ഇങ്ങനെ വീഴരുത്.. നല്ല സമൂഹത്തിനായി, നല്ല ഭാവിക്കായി കാരുണ്യവും ആര്‍ദ്രതയും ശീലമാക്കിയ സ്ത്രീമനസ്സുകളില്‍ ചോരയും പകയും നിറയ്ക്കുന്നതെങ്കിലും അവസാനിച്ചിരുന്നെങ്കില്‍. മാവോയിസ്റ്റ് മേഖലയിലെ കുഞ്ഞുങ്ങള്‍ക്ക് ജന്മാവകാശമായ സ്വാതന്ത്യം നിഷേധിക്കപ്പെടുന്നത് അറിയുന്നില്ലേ ആരും.
രതി.എ.കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: