ലണ്ടന്‍: ഐപിഎല്‍ ഒത്തുകളി വിവാദമുണ്ടാക്കിയ കോലാഹലങ്ങള്‍ക്ക് തത്കാലം വിട. ക്രിക്കറ്റ് ആരാധകരുടെ മനസ് ഇനി ലണ്ടനിലെയും വെയ്ല്‍സിലെയും മൈതാനങ്ങളില്‍ അലഞ്ഞുനടക്കും, ട്വന്റി20യുടെ ചൂടും ചൂരുമൊക്കെ മറന്ന് ഫിഫ്റ്റി50 ക്രിക്കറ്റിന്റെ ലഹരി നുണയാന്‍. അന്താരാഷ്ട്ര വേദി യിലെ ക്രിക്കറ്റ് ഉത്സവത്തിന് ഒരു ചെറിയ ഇടവേളയ്ക്കുശേഷം തിരികൊളുത്തിക്കൊണ്ട് ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്നു തുടക്കം. കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ കൊമ്പുകോര്‍ക്കുന്നത് മുന്‍ ചാമ്പ്യന്മാരായ ഇന്ത്യയും ദക്ഷിണാഫ്രിക്കയും. കടലാസിലെയും കളത്തിലെയും കണക്കുകളില്‍ ഏറെക്കുറെ ബലാബലം നില്ക്കുന്ന സംഘങ്ങള്‍ തമ്മിലെ അങ്കം പൊടിപാറുമെന്നു വിലയിരുത്തപ്പെടുന്നു.
വാതുവയ്പ്പ് വിവാദം തീര്‍ത്ത നാണക്കേടിന്റെ മുള്ക്കിരീടവുമായാണ് ടീം ഇന്ത്യ ലണ്ടനില്‍ വിമാനമിറങ്ങിയത്. അതിന്റെ ക്ഷീണമകറ്റാന്‍ കിരീട വിജയം അനിവാര്യം. മഹേന്ദ്ര സിങ് ധോണിക്കും സംഘത്തിനും അതു നന്നായി അറിയാം. വിദേശമണ്ണില്‍ ഒരു ഏകദിന മത്സരത്തില്‍ ടീം ഇന്ത്യ പാഡ് കെട്ടിയിട്ട് പതിനഞ്ചു മാസത്തിലേറെയായി. അതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്ന് രണ്ട് പരിശീലന മത്സരങ്ങളിലൂടെ ലോക ചാമ്പ്യന്മാര് തെളിയിച്ചുകഴിഞ്ഞു. ആദ്യ കളിയില്‍ ശ്രീലങ്ക ഉയര്‍ത്തിയ കൂറ്റന്‍ സ്കോറിനെ മറികടന്ന ഇന്ത്യ ബാറ്റിങ് കരുത്ത് ഒട്ടും ചോര്‍ന്നിട്ടില്ലെന്നു വിളിച്ചോതി. ഒരു ഘട്ടത്തില്‍ തകര്‍ച്ചയെ നേരിട്ട ഇന്ത്യയെ വിരാട് കോഹ്ലിയുടെയും ദിനേശ് കാര്‍ത്തിക്കിന്റെയും തകര്‍പ്പന്‍ സെഞ്ച്വറികള്‍ വിജയ തീരമണയ്ക്കുകയായിരുന്നു. ഓസ്ട്രേലിയക്കെതിരെ ബാറ്റിങ്ങിനൊപ്പം ബൗളിങ്ങും കസറി. കാര്‍ത്തിക്കും ധോണിയും ഓസീസിനോടുള്ള യുദ്ധത്തിലെ ബാറ്റിങ്ന്ഘീറോകളായി. ഇന്ത്യന്‍ പേസ് അറ്റാക്കിന്റെ മൂര്‍ച്ച അറിയിച്ച ഉമേഷ് യാദവും (5 വിക്കറ്റ്) ഇഷാന്ത് ശര്‍മയും (3) കംഗാരുപ്പടയെ വെറും 65 റണ്‍സിന് എറിഞ്ഞിടുകയും ചെയ്തു; 243 റണ്‍സിന്റെ വമ്പന്‍ ജയവുമായി ധോണിക്കൂട്ടം കരകയറി. എന്നാല്‍ ബാറ്റിങ്ങില്‍ കൂട്ടായ പരിശ്രമങ്ങളുടെ അഭാവം നിഴലിക്കുന്നുണ്ട്. ശിഖര്‍ ധവാനും മുരളി വിജയ്യും രോഹിത് ശര്മയുംസുരേഷ് റെയ്നയുമൊക്കെ മെച്ചപ്പെടാനുണ്ട്. ബൗളിങ് ലൈനപ്പ് സ്ഥിരത പുലര്‍ത്തേണ്ടതും അനിവാര്യം.
ടെസ്റ്റിലെ നമ്പര്‍ വണ്‍ ടീമെന്ന പദവിയുണ്ടെങ്കിലും അടുത്തകാലത്തായി ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക അത്ര വിശ്വസനീയമായ പ്രകടനങ്ങളല്ല പുറത്തെടുത്തിട്ടുള്ളത്. വാംഅപ്പ് മാച്ചില്‍ പാക്കിസ്ഥാനോട് ആറ#് വിക്കറ്റിന് കീഴടങ്ങിയതും അവരുടെ ആത്മവിശ്വാസം കെടുത്തിയിട്ടുണ്ട്. ഹാഷിം അംല, അല്‍വിരൊ പീറ്റേഴ്സന്, ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്സ്, ഫാഫ് ഡുപ്ലെസിസ് എന്നിവര്‍ പ്രതീക്ഷ കാത്തില്ല. സൂപ്പര്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന് പരുക്കിന്റെ ലക്ഷണങ്ങള്‍ കാട്ടിയതും അവരുടെ ആകുലതകളേറ്റുന്നു. പക്ഷെ, എബിഡിയും കൂട്ടരും താളം കണ്ടെത്തിയാല്‍ ആരും വിയര്ക്കുമെന്നതു നിസംശയം.
ചാമ്പ്യന്‍സ് ട്രോഫിയുടെ ചരിത്രത്തില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും രണ്ടുതവണ ഏറ്റുമുട്ടിയിട്ടുണ്ട.് ഇരുവട്ടവും ജയം ഇന്ത്യയ്ക്കൊപ്പം നിന്നു. 2000ത്തില്‍ നെയ്റോബിയില്‍ 95 റണ്‍സിനും 2002ല്‍ കൊളംബോയില്‍ പത്ത് റണ്‍സിനും ആഫ്രിക്കന്പടയെ ഇന്ത്യ തുരത്തിയിരുന്നു.
സാധ്യതാ ടീമുകള്‍:
ഇന്ത്യ- മഹേന്ദ്ര സിങ് ധോണി (ക്യാപ്റ്റന്‍), ശിഖന്‍ ധവാന്, മുരളി വിജയ്, ദിനേശ് കാര്‍ത്തിക്, ആര്.അശ്വിന്, രവീന്ദ്ര ജഡേജ, വിരാട് കോഹ്ലി, ഭുവനേശ് കുമാര്‍, അമിത് മിശ്ര, ഇര്ഫാന് പഠാന്, സുരേഷ് റെയ്ന, ഇഷാന്ത് ശര്‍മ, രോഹിത് ശര്‍മ, വിനയ് കുമാര്‍, ഉമേഷ് യാദവ്.
ദക്ഷിണാഫ്രിക്ക- എബി ഡിവില്ലിയേഴ്സ് (ക്യാപ്റ്റന്‍), ഹാഷിം അംല, ഫര്‍ഹം ബഹര്ദൈന്, ജെപി ഡുമിനി, ഫാഫ് ഡു പ്ലെസിസ്, കോളിന് ഇന്‍ഗ്രാം, റോറി ക്ലെയിന്വെല്റ്റ്, ഋയാന്‍ മക്ലാരന്, ഡേവിഡ് മില്ലര്‍, മോണി മോര്‍ക്കല്‍, അല്‍വിരൊ പീറ്റേഴ്സന്, റോബിന് പീറ്റേഴ്സന്, ആരോണ്‍ പാന്ഗിസൊ, ഡെയ്ല്‍ സ്റ്റെയ്ന്, ലോണ്ബാവൊ സോട്സൊബെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: