കൊച്ചി: ശരിയെന്ന് തോന്നുന്നതെന്തും തുറന്നുപറയുന്നതില്‍ ആര്‍ജവം കാണിച്ച ബഹുമുഖ പ്രതിഭയായിരുന്നു അന്തരിച്ച മുന്‍ മന്ത്രി ലോനപ്പന് നമ്പാടന്. നര്‍മ്മത്തില്‍ പൊതിഞ്ഞ വാക്ശരങ്ങളിലൂടെ എതിരാളികളെ നേരിടുമ്പോള്‍ ഏവരുടെയും ബഹുമാനം പിടിച്ചുപറ്റുവാനും നമ്പാടന് മാഷിനായിരുന്നു. ഇ.കെ.നായനാര്‍ മന്ത്രിസഭയില്‍ 1980ല്‍ ലോനപ്പന നമ്പാടന് മാഷ് ഗതാഗത മന്ത്രിയായിരുന്ന സമയം. നിയമസഭ ചോദ്യോത്തരവേളയില്‍ സിപിഎമ്മുകാരനായിരുന്ന പെരുമ്പാവൂര്‍ എംഎല്‍എ പി.ആര്.ശിവന്റെ ചോദ്യം. മറുപടിയില്‍ നമ്പാടന് മാഷ് സ്വന്തം പേരിന്റെ അര്‍ത്ഥം വിശദീകരിച്ചു. നമ്പാടന് എന്ന വാക്കിന് സഞ്ചരിക്കുന്ന വിശ്വാസി എന്നര്‍ത്ഥം. നമ്പുക എന്നാല്‍ വിശ്വസിക്കുക. ആടന്‍ എന്നാല്‍ യാത്രക്കാരന്. നമ്പ്+ആടന്‍-നമ്പാടന്. കുട്ടികളെ പഠിപ്പിക്കുന്ന ശൈലിയില്‍ സംസാരിച്ചപ്പോള്‍ സഭ ഇളകി ചിരിച്ചു. അതുകൊണ്ടുതന്നെ ലോനപ്പന് നമ്പാടന് തന്റെ ആത്മകഥയ്ക്ക് ഇട്ടപേരും ‘സഞ്ചരിക്കുന്ന വിശ്വാസി’ എന്നാണ്.
തികഞ്ഞ സത്യക്രിസ്ത്യാനിയായിരുന്നെങ്കിലും പരിഹാസങ്ങളുടെ കൂരമ്പുകള്‍കൊണ്ട് കത്തോലിക്കാസഭയെ പിടിച്ചുകുലുക്കിയ വ്യക്തിത്വമായിരുന്നു നമ്പാടന്റേത്. ബിഷപ്പ് കുണ്ടുകുളം മരിച്ചതെങ്ങനെ? ലക്ഷങ്ങള്‍ വിലമതിക്കുന്ന അദ്ദേഹത്തിന്റെ സ്വര്‍ണ്ണക്കുരിശിന് എന്ത് സംഭവിച്ചു? ബിഷപ്പിന്റെ ദുരൂഹമരണത്തെക്കുറിച്ച് എന്തുകൊണ്ട് അന്വേഷിക്കുന്നില്ല? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ കത്തോലിക്കാ സഭാ നേതൃത്വം നമ്പാടന് മാഷിന്റെ മുമ്പില്‍ അക്ഷരാര്‍ത്ഥത്തില്‍ വിറകൊള്ളുകയായിരുന്നു. കേരളത്തിലെ ആരാധ്യനായ ആര്‍ച്ച് ബിഷപ്പ് ഡോ. കുണ്ടുകുളത്തിന്റെ മൃതദേഹം അനാഥപ്രേതം കണക്കെ കെനിയയില്‍ കിടക്കേണ്ടി വന്നതും നമ്പാടന് മാഷ് തന്റെ ആത്മകഥയില്‍ തുറന്നെഴുതിയിട്ടുണ്ട്. മൃതദേഹത്തോടൊപ്പം ഉണ്ടായിരുന്ന സ്വര്‍ണ്ണക്കുരിശും സ്വര്‍ണ്ണമാലയും നഷ്ടമായതിലെ ദുരൂഹതയും അദ്ദേഹം ചോദ്യം ചെയ്യുന്നുണ്ട്.
തിരുകുടുംബാംഗമായ മരിച്ചുപോയ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുവാന്‍ മന്ത്രിയായിരിക്കുമ്പോള്‍ കന്യാസ്ത്രീകള്‍ തന്റെയടുത്തെത്തി ‘അത്ഭുതങ്ങളുടെ’ വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ കഥയും നര്‍മ്മരസത്തോടെ ഇദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. മന്ത്രിയുടെ സര്‍ട്ടിഫിക്കറ്റായതിനാല്‍ റോമില്‍ ഇതിന് വലിയ പ്രാധാന്യം ലഭിക്കുകയുണ്ടായി. കേരളത്തില്‍ മറ്റാരേക്കാളും മുമ്പ് വിശുദ്ധയാക്കേണ്ടത് സിസ്റ്റര്‍ അഭയയെയാണെന്നും അഭിപ്രായപ്പെട്ടിരുന്നു.
നമ്പാടന് മാഷിന്റെ ഫലിതങ്ങള്‍ വളരെ പ്രസിദ്ധമായിരുന്നു. അതുകൊണ്ടുതന്നെ ഇ.കെ.നായനാര്‍ക്ക് അദ്ദേഹത്തെ വലിയ ഇഷ്ടമായിരുന്നു. മാര്‍പ്പാപ്പ നായനാര്‍ക്ക് നല്കിയ കൊന്ത ചോദിച്ച വിശേഷവും വിശദീകരിക്കുന്നുണ്ട്. ‘ഓന് എന്റെ കൊന്ത അടിച്ചുമാറ്റാന്‍ വന്നതാവും’ മാര്‍പാപ്പ തന്നതല്ലേ ഞാന്‍ കൊടുക്കില്ലെന്ന് നായനാരുടെ മറുപടി. 2004ല്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മുകുന്ദപുരത്തുനിന്ന് ഒരുലക്ഷത്തിലധികം വോട്ടിന് വിജയിച്ചപ്പോള്‍ “മാഷിന് വല്ല തകരാറും പറ്റിയോ!” എന്ന് പറഞ്ഞ് തികഞ്ഞ നര്‍മ്മത്തോടെയാണ് വിജയം ആഘോഷിച്ചത്.
പിതാവിന്റെ 65-ാം വയസിലാണ് താന്‍ ജനിച്ചതെന്നും തമാശരൂപേണ വെളിപ്പെടുത്തുവാന്‍ നമ്പാടന് മാഷിനെ കഴിയുകയുള്ളൂ. തൃശൂര്‍ മുകുന്ദപുരം താലൂക്കില്‍ കൊടകര പേരാമ്പ്ര കരയില്‍ മാളിയേക്കല്‍ കുരിയച്ചന്റെ രണ്ടാംഭാര്യ പ്ലമേനയുടെ മകനായി 1935 നവംബര്‍ 13നാണ് ജനനം. കേരള രാഷ്ട്രീയത്തില്‍ ഒട്ടേറെ കോളിളക്കങ്ങള്‍ക്ക് നേതൃത്വം നല്കിയ നമ്പാടന് കെ.കരുണാകരന്റെ മന്ത്രിസഭയെ ഒറ്റയ്ക്ക് മറിച്ചിട്ടാണ് ചരിത്രം സൃഷ്ടിച്ചത്. വിവാദങ്ങള്‍ക്ക് വിടചൊല്ലി സഞ്ചരിക്കുന്ന വിശ്വാസി യാത്ര അവസാനിക്കുമ്പോള്‍ കേരള രാഷ്ട്രീയ ചരിത്രത്തിലെ സംഭവബഹുലമായ ഒരു ജീവിതത്തിനാണ് തിരശീല വീഴുന്നത്.
എന്‍.പി.സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: