കൊച്ചി: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ എ വിഭാഗത്തിന് ആധിപത്യം. തെരഞ്ഞെടുപ്പ് നടന്ന പത്തൊമ്പത് പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ പതിമൂന്നെണ്ണം എ വിഭാഗവും അഞ്ചെണ്ണം ഐ വിഭാഗവും നേടി. വടകരയില്‍ ഇരു സ്ഥാനാര്‍ത്ഥികളും തുല്യ വോട്ടുകള്‍ നേടി. ഇവിടുത്തെ ഫലപ്രഖ്യാപനം പിന്നീടുണ്ടാകും. തെരഞ്ഞെടുപ്പിനിടെ പല ഇടങ്ങളിലും ഇരു വിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു.
കണ്ണൂര്‍, ആലത്തൂര്‍, തൃശൂര്‍, ആലപ്പുഴ മണ്ഡലങ്ങളില്‍ ഐ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികള്‍ പ്രസിഡന്റാവും. കണ്ണൂരില്‍ പ്രസിഡന്റായി ഐ വിഭാഗം സ്ഥാനാര്‍ത്ഥി ജയിച്ചെങ്കിലും ജില്ലയിലെ ബ്ലോക്കുകളില്‍ എ വിഭാഗത്തിനാണ് മേല്‍ക്കൈ. അഴീക്കോട് മണ്ഡലത്തില്‍ ഐ ഗ്രൂപ്പ് വിമത സ്ഥാനാര്‍ത്ഥി വിജയിച്ചു. തിരുവനന്തപുരം ജില്ലയില്‍ എ വിഭാഗം സമ്പൂര്‍ണ ആധിപത്യം നേടി. തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ എ വിഭാഗം സ്ഥാനാര്‍ത്ഥികള്‍ പ്രസിഡന്റാവും. ഇരു മണ്ഡലങ്ങളിലെ മുഴുവന്‍ ബ്ലോക്കുകളിലും എ വിഭാഗം സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു.
പാലക്കാട് മണ്ഡലം പ്രസിഡന്റായി ഷാഫി പറമ്പില്‍ എം.എല്‍.എയെ തെരഞ്ഞെടുത്തു. ഇടുക്കി, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷമുണ്ടായത്. പത്തനംതിട്ടയില്‍ സംഘര്‍ഷത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. പ്രസിഡന്റ് അടക്കമുള്ള സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച കൊച്ചിയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: