കൊച്ചി: തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്തി വിമാനത്താവളം നിര്‍മ്മിക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതികപ്രശ്നങ്ങള്‍ നേരിട്ട് പഠിക്കാന്‍ ആറന്മുള സന്ദര്‍ശിക്കുമെന്ന് പ്രമുഖ പരിസ്ഥിതിശാസ്ത്രജ്ഞനും ഗാഡ്ഗില്‍ കമ്മറ്റി ചെയര്‍മാനുമായ ഡോ. എം.എസ്. ഗാഡ്ഗില്‍ അറിയിച്ചു. പ്രാദേശിക ജനതയുടെ താല്പര്യങ്ങള്ക്ക് വിരുദ്ധമായി ആറന്മുളയില് വിമാനത്താവളം നിര്‍മ്മിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പരിസ്ഥിതി, ഭൂസംരക്ഷണ നിയമങ്ങളും ചട്ടങ്ങളുമെല്ലാം കാറ്റില്‍പറത്തി വിമാനത്താവളം നിര്‍മ്മിക്കുവാനുള്ള നീക്കത്തിനെതിരെ വന്‍ പ്രക്ഷോഭം നടക്കുന്ന ആറന്മുള സന്ദര്‍ശിക്കാനുള്ള പൈതൃകഗ്രാമകര്‍മ്മസമിതി ചെയര്മാന് കുമ്മനം രാജശേഖരന്റെ ക്ഷണം ഗാഡ്ഗില്‍ സ്വീകരിച്ചു. പരിസ്ഥിതി, ഭൂനിയമങ്ങളെല്ലാം മറികടന്നുകൊണ്ട് വിമാനത്താവളത്തിന് സംസ്ഥാനസര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരിക്കുന്നതായി ഇന്നലെ നടന്ന കൂടിക്കാഴ്ചയില്‍ കുമ്മനം അദ്ദേഹത്തെ അറിയിച്ചു. നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമം, ഭൂപരിഷ്കരണ നിയമം എന്നിവ അട്ടിമറിച്ചുകൊണ്ട് ആറന്മുളയെ ഏറോട്രോപൊളിസ് ആക്കാനാണ് നീക്കം.
ആറന്മുളയില് വിമാനത്താവളം വരുന്നതോടെയുണ്ടാകുന്ന പാരിസ്ഥിതിക അസന്തുലിതാവസ്ഥയുടെ ഫലമായി ഭൂചലനങ്ങള്‍ക്കും ചുരുങ്ങിയ സമയംകൊണ്ടുണ്ടാകുന്ന പ്രളയത്തിനും സാധ്യതയുണ്ടെന്ന് വിവിധ പഠനറിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചുകൊണ്ട് കുമ്മനം ചൂണ്ടിക്കാട്ടി.
ആറന്മുളയിലെ പാരിസ്ഥിതികപ്രശ്നങ്ങള്‍ കേരള ബയോഡൈവേഴ്സിറ്റി ബോര്‍ഡ് മുന്‍ ചെയര്മാന് ഡോ. വി.എസ്. വിജയനുമായി ചര്‍ച്ച ചെയ്യുമെന്ന് ഗാഡ്ഗില്‍ വ്യക്തമാക്കി. കേരളത്തില്‍ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള സാഹചര്യത്തില്‍ ആറന്മുളയില് ഇതിന്റെ പ്രസക്തിയെന്തെന്ന് ഗാഡ്ഗില്‍ ആരാഞ്ഞു.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഒഴികെയുള്ള എല്ലാ വകുപ്പുകളുടെയും അനുമതി സംസ്ഥാന സര്‍ക്കാരും വിമാനത്താവള കമ്പനി ഉടമകളും നേടിയെടുത്തിരിക്കുന്ന സാഹചര്യത്തില്‍ ദേശീയ ശ്രദ്ധ അര്‍ഹിക്കുന്ന വിഷയമായി ഇത് മാറിയിരിക്കുകയാണെന്നും അടിയന്തരമായി ഇടപെടണമെന്നും കുമ്മനം രാജശേഖരന് അഭ്യര്‍ത്ഥിച്ചു. ആറന്മുള പൈതൃകഗ്രാമത്തിന്റെ പ്രസക്തിയും വിമാനത്താവളത്തിനെതിരെ വിവിധ കോടതികള്‍ പരിഗണിക്കുന്ന കേസുകളും ഗാഡ്ഗിലിന്റെ ശ്രദ്ധയില്‍പ്പെടുത്തി.
കേരളത്തിലെ ഭരണകക്ഷിയായ കോണ്‍ഗ്രസ് ഒഴികെയുള്ള രാഷ്ട്രീയപാര്‍ട്ടികളും ആറന്മുളയിലെ ജനങ്ങളും പദ്ധതിക്കെതിരെ ഒറ്റക്കെട്ടാണെന്ന് ഒപ്പമുണ്ടായിരുന്ന വിജ്ഞാന്‍ഭാരതി ദേശീയ സെക്രട്ടറി ജനറല്‍ എ. ജയകുമാര്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: