ഓവല്‍: ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ പാക്കിസ്ഥാന് തകര്‍പ്പന്‍ വിജയം. ആറ് വിക്കറ്റിനാണ് പാക്കിസ്ഥാന് ദക്ഷിണാഫ്രിക്കയെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് 45.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. സ്കോര്‍: ദക്ഷിണാഫ്രിക്ക: 50 ഓവറില്‍ 202/9, പാക്കിസ്ഥാന്:45.3 ഓവറില്‍ 207/4. പാക്കിസ്ഥാനുവേണ്ടി 56 റണ്‍സെടുത്ത ഇമ്രാന് ഫര്ഹാത്തും 54 റണ്‍സെടുത്ത മുഹമ്മദ് ഹഫീസും മികച്ച പ്രകടനം നടത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണഫ്രിക്കയെ 55 റണ്‍സെടുത്ത മക്ലാരനും 43 റണ്‍സെടുത്ത ഡുമ്നിയും ചേര്‍ന്ന് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. മുന്‍നിര ബാറ്റ്സ്മാന്മാരെല്ലാം ബാറ്റിംഗില്‍ ദയനീയമായി പരാജയപ്പെട്ടതോടെ ഒരുഘട്ടത്തില്‍ ഏഴിന് 83 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നടിഞ്ഞു. പിന്നീട് മക്ലാരനും ഡുമ്നിയും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ നേടിയ 94 റണ്‍സാണ് ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. പീറ്റേഴ്സണ് (16), ഹാഷിം ആംല (0), ഇന്‍ഗ്രാം (7), എ.ബി. ഡിവില്ലിയേഴ്സ് (15), ഡുപ്ലെസിസ് (7), മില്ലര്‍ (26), ബഹാര്‍ഡിന്‍ (1) എന്നിവര്‍ തീര്‍ത്തും പരാജയമായി. പാക്കിസ്ഥാനുവേണ്ടി വഹാബ് റിയാസും അസദ് അലിയും മൂന്ന് വിക്കറ്റ് വീതവും ജുനൈദ് ഖാന് രണ്ട് വിക്കറ്റുകളും വീഴ്ത്തി.
203 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന പാക്കിസ്ഥാന് ഓപ്പണര്‍മാരായ ഇമ്രാന് ഫര്‍ഹത്തും (56), നസിര്‍ ജംഷാദും (13) ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. സ്കോര്‍ ബോര്‍ഡില്‍ 35 റണ്സെത്തിയശേഷമാണ് ആദ്യ വിക്കറ്റ് പാക്കിസ്ഥാന് നഷ്ടമായത്. 13 റണ്‍സെടുത്ത നസിര്‍ ജംഷാദിനെ ആംല റണ്ണൗട്ടാക്കി. തുടര്‍ന്നെത്തിയ മുഹമ്മദ് ഹഫീസ് ഇമ്രാന് നസീറിന് മികച്ച പിന്തുണ നല്കി. ഇരുവരും ചേര്‍ന്ന് സ്കോര്‍ 120-ല്‍ എത്തിച്ചു. 71 പന്തില്‍ നിന്ന് 54 റണ്‍സെടുത്ത മുഹമ്മദ് ഹഫീസ് റിട്ടയേര്‍ഡ് ഔട്ടായി. പിന്നീട് സ്കോര്‍ 150-ല്‍ എത്തിയപ്പോള്‍ 82 പന്തില്‍ നിന്ന് 56 റണ്‍സെടുത്ത ഇമ്രാന് ഫര്‍ഹത്തും മടങ്ങി. സ്കോര്‍ബോര്‍ഡില്‍ ആറ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും 17 റണ്‍സെടുത്ത ആസാദ് ഷഫീഖിനെയും നഷ്ടമായെങ്കിലും 27 റണ്‍സെടുത്ത ഉമര്‍ അമീനും 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിസ്ബ ഉള് ഹഖും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ടീമിനെ വിജയത്തിലേക്ക് നയിച്ചു.
ശ്രീലങ്കക്കെതിരായ പാക്കിസ്ഥാന്റെ ആദ്യ സന്നാഹ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയും ഇന്ത്യക്കും വിന്ഡീസിനുമൊപ്പം ഗ്രൂപ്പ് ബിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: