തിരുവനന്തപുരം: ഉപമുഖ്യമന്ത്രിസ്ഥാനം സൃഷ്ടിക്കേണ്ടതില്ലെന്ന ഹൈക്കമാന്റ് തീരുമാനം വന്നതോടെ കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങുന്നു.ഉപമുഖ്യമന്ത്രി പദവി ഇല്ലെങ്കില്‍ ആഭ്യന്തരവകുപ്പ് ലഭിക്കണമെന്ന ഐ ഗ്രൂപ്പിന്റെ ആവശ്യവും അട്ടിമറിക്കപ്പെടുകയാണ്. രമേശ് ചെന്നിത്തലയെ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യമാണ് ഗ്രൂപ്പ് പോരില്‍ തട്ടി തരിപ്പണമായത്.
‘മന്ത്രിസഭയില്‍ ഒരൊഴിവുണ്ട് അത് നികത്തും’ എന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം കൂടി വന്നതോടെ രമേശിന്റേത് പൂവണിയാത്ത മോഹമാവുകയാണ്. മന്ത്രിയുടെ ഒരൊഴിവ് കേരളാ കോണ്‍ഗ്രസ് ബിയുടെതാണ്. ഗണേഷ്കുമാറിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് നല്കിയ കത്ത് മുഖ്യമന്ത്രിയുടെ കൈവശമുണ്ട്.
അതവഗണിച്ചുകൊണ്ട് രമേശിനെ മന്ത്രിയാക്കാന്‍ തീരുമാനിച്ചാല്‍പോലും ഈ സാഹചര്യത്തില്‍ ഒരു സാദാമന്ത്രിയായി മന്ത്രിസഭാപ്രവേശം നടത്താന്‍ രമേശ് തയ്യാറാകില്ല. മന്ത്രിയാകുന്നതിനെക്കാള് ഭേദം കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്ന് അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ രമേശ് നയിക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെ ശക്തനായ വക്താവായ കെ. സുധാകരന് വെട്ടിത്തുറന്ന് പ്രസ്താവിച്ചത്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പിന് മേല്‍ക്കൈ വന്നതോടെ രമേശിന്റെ സാധ്യത ഒന്നുകൂടി പരുങ്ങലിലായി.
ഉപമുഖ്യമന്ത്രി പദവിയിലേക്കുള്ള യാത്രയായാണ് കാസര്‍ഗോഡ് നിന്നുള്ള ചെന്നിത്തലയുടെ ‘പരിവര്‍ത്തനയാത്രയെ’ വിശേഷിപ്പിച്ചിരുന്നത്. ഈ യാത്ര തിരുവനന്തപുരത്ത് അവസാനിക്കുന്നതോടെ കേരളരാഷ്ട്രീയത്തില്‍ വന്‍ പരിവര്‍ത്തനം സംഭവിക്കുമെന്ന് രമേശ് ചെന്നിത്തല പ്രവചിക്കുകയും ചെയ്തതാണ്. സംഭവിച്ചതാകട്ടെ സ്വന്തം പ്രതിച്ഛായാ നഷ്ടവും. ഇതുതന്നെയാണ് മുമ്പ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സംഭവിച്ചത്. 2006ലെ തെരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രിയായി വരാന്‍ പോകുന്നത് പിണറായി വിജയനാണെന്ന ധാരണ സൃഷ്ടിച്ചുകൊണ്ടാണ് കാസര്‍ഗോഡ് നിന്ന് പിണറായി തിരുവനന്തപുരത്തേക്ക് നാടിളക്കി യാത്ര നടത്തിയത്. പരിഹാര വാഗ്ദാനവുമായി പതിനായിരക്കണക്കിന് നിവേദനങ്ങളാണ് സ്വീകരിച്ചത്. കേരളം ചുവക്കും പിണറായി അടുത്ത മുഖ്യമന്ത്രിയാകും എന്നെല്ലാവരും വിശ്വസിച്ചു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് സിപിഎം കക്ഷി നേതാവിനെ നിശ്ചയിക്കേണ്ട മുഹൂര്‍ത്തം വന്നപ്പോള്‍ എല്ലാം തകിടം മറിഞ്ഞു. വി.എസ്. അച്യുതാനന്ദനുവേണ്ടി പിണറായി വിജയന് വഴിമാറേണ്ടിവന്നു.
അതിന്റെ മുറുമുറുപ്പാണ് ‘സിപിഎമ്മിന്റെ വേള്‍ഡ് വാറായി’ വളര്‍ന്നു നില്‍ക്കുന്നത്. അന്ന് സ്വീകരിച്ച നിവേദനങ്ങള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് പാര്‍ട്ടി ഇതുവരെ വിശദീകരിച്ചിട്ടില്ല.
പിണറായിയുടെ അതേ അനുഭവം തന്നെ ചെന്നിത്തലയ്ക്കും സംഭവിച്ചിരിക്കുന്നു. സിപിഎമ്മിന്റെ ഹൈക്കമാന്റ് ആയിരുന്നു വി.എസിന് വഴിയൊരുക്കിയത്. കോണ്‍ഗ്രസിന്റെ ഹൈക്കമാന്റ് രമേശിന്റെ വഴി മുടക്കുകയും ചെയ്തിരിക്കുന്നു. ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തനിച്ച് ഹൈക്കമാന്റിനെ കണ്ടതാണ് ഇനി ഉയരാന്‍ പോകുന്ന സംശയങ്ങള്‍.
രമേശ് ഉപമുഖ്യമന്ത്രിയാകേണ്ടതിന്റെ അനിവാര്യതയാണോ ഹൈക്കമാന്റിന്റെ മുന്നില്‍ മുഖ്യമന്ത്രി നിരത്തിയത് ? അതോ ഉപമുഖ്യമന്ത്രിയായാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തോ ? തീരുമാനം നിരീക്ഷിച്ചാല്‍ രണ്ടാമത് പറഞ്ഞതിനാണ് സാധ്യത. ദല്‍ഹിയില്‍ എന്തൊക്കെ ചര്‍ച്ച ചെയ്തു എന്ന് ഇന്ന് രമേശിനെ മുഖ്യമന്ത്രി അറിയിക്കും. രമേശിനെ മന്ത്രിയാക്കാന്‍ ഹൈക്കമാന്റ് അനുവദിച്ചത്രെ. പക്ഷേ വകുപ്പ് തുടങ്ങിയ പ്രശ്നങ്ങള്‍ ഇവിടെ തീര്‍ക്കണം. ആഭ്യന്തരം എ വിഭാഗം വിട്ടുകൊടുക്കില്ല.ഉപമുഖ്യമന്ത്രിയുമില്ല ആഭ്യന്തരവുമില്ല എന്ന സ്ഥിതി ഐ വിഭാഗത്തിന് സഹിക്കാനും കഴിയില്ല. ഇന്നത്തെ ചര്‍ച്ചയില്‍ രണ്ടിലൊന്ന് തീരുമാനിക്കേണ്ടിവരും.
രണ്ടാം സ്ഥാനം മുസ്ലിംലീഗിന് തന്നെയാണെന്ന കുഞ്ഞാലിക്കുട്ടിയുടെയും മറ്റ് നേതാക്കളുടെയും അഭിപ്രായം കൂടി വന്നതോടെ ഹൈക്കമാന്റ് അനുവദിച്ചാലും ചെന്നിത്തലക്ക് ഉപമുഖ്യമന്ത്രി പദവി വിദൂരസ്വപ്നം മാത്രമാണ്.
ഏതായാലും അടിയുംകൊണ്ടു പുളിയും കുടിച്ചു എന്ന അവസ്ഥയിലാണ് കെപിസിസി പ്രസിഡന്റ്. ഇത് പാര്‍ട്ടിയില്‍ ഐക്യമല്ല അനൈക്യമാണ് വളര്‍ത്താന്‍ പോകുന്നത്. കലഹം മൂത്ത് യൂത്ത്കോണ്‍ഗ്രസ് തമ്മിലടിച്ചപോലെ മൂത്തവരും കലഹത്തിലാകും.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: