കോന്നി: പുള്ളിപ്പുലിയെ വനപാലകര്‍ പിടികൂടി റിസര്‍വ്വ് വനത്തില്‍ വിട്ടയച്ചു. വനത്തോട് ചേര്‍ന്ന് സ്വകാര്യവ്യക്തിയുടെ ഭൂമിയിലാണ് കെണിയില്‍ കുടുങ്ങിയ നിലയില്‍ പുള്ളിപ്പുലിയെ കണ്ടെത്തിയത്. കോന്നി വനംഡിവിഷനിലെ ആവോലിക്കുഴി വനമേഖലയില്‍ കാക്കര ചാവരുകുഴിയില് കമലമ്മയുടെ ഉടമസ്ഥതയിലുള്ള റബര്‍തോട്ടത്തിലെ കുറ്റിക്കാട്ടില്‍ ഇന്നലെ രാവിലെയാണ് പുലിയെ നാട്ടുകാര്‍ കണ്ടത്. വനാതിര്‍ത്തിയില്‍ നിന്നും ഏതാനുംമീറ്റര്‍ മാറി ആള്‍പ്പാര്‍പ്പില്ലാത്ത പ്രദേശത്ത് വന്യമൃങ്ങളെ കുടുക്കാന്‍ വയ്ക്കുന്ന കമ്പികൊണ്ടുള്ള കെണിയില്‍ പുലി അകപ്പെടുകയായിരുന്നു. വനപാലകര്‍ ഇതിനെ മണ്ണാറപ്പാറ റിസര്‍വ്വ് വനത്തിലെ ചേമ്പാല ഭാഗത്ത് വിട്ടയച്ചു.
ഇന്നലെ രാവിലെ 10 മണിയോടെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കോന്നി ഡിഎഫ്ഒ ടി.പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ വനപാലകരും കോന്നി തണ്ണിത്തോട് പോലീസ് സ്റ്റേഷനില്‍ നിന്നുമുള്ള പോലീസ് ഉദ്യോഗസ്ഥരും പത്തനംതിട്ടയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. സംഭവമറിഞ്ഞ് വന്‍ജനാവലിയും തടിച്ചു കൂടിയിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ജില്ലാ എലിഫെന്റ് സക്വാഡിലെ ഡോക്ടര്‍ സി.ഗോപകുമാറെത്തി മരുന്ന് കുത്തിവച്ച് പുലിയെ മയക്കിയശേഷം വനപാലകര്‍ കുടുക്കിന്റെ കമ്പി മുറിച്ചുമാറ്റി കൂട്ടിലാക്കി വാഹനത്തില്‍ കുമ്മണ്ണൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു.
മയക്കംമാറി ആരോഗ്യനില തൃപ്തികരമെന്ന് ബോധ്യപ്പെട്ടശേഷം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മൂന്നുമണിയോടെ ഇതിനെ ഉള്‍വനത്തില്‍ തുറന്നുവിട്ടു. പുലിക്ക് എട്ടുവയസ്സ് കണക്കാക്കുന്നതായി വനപാലകര്‍ പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: