ബാഗ്ദാദ്: അല്‍ഖ്വയ്ദയുടെ രാസായുധാക്രമണശ്രമം ഇറാഖി രഹാസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുകൊണ്ടുവന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും രാസായുധങ്ങള്‍ കടത്തിക്കൊണ്ടുപോകാനും അല്‍ഖ്വയ്ദ ശ്രമിച്ചതായും ഇറാഖി പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി.
ഇറാഖിലെ മൂന്നിടങ്ങളിലാണ് അല്‍ഖ്വയ്ദ രഹസ്യമായി രാസായുധ ഫാക്റ്ററികള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. രഹസ്യാന്വേഷണ വിഭാഗം നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലെ റെയ്ഡില്‍ ഏജന്റ് സാറിനടക്കമുള്ള മാരക രാസായുധങ്ങളും റിമോര്‍ട്ട് ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന കുഞ്ഞു വിമാനങ്ങളും പിടിച്ചെടുത്തു.
അറസ്റ്റിലായവരെല്ലാം കുറ്റമേറ്റതായും മറ്റൊരിടത്തെ അല്‍ഖ്വയ്ദ ശാഖയുടെ നിര്‍ദേശപ്രകാരമാണ് രാസായുധങ്ങള്‍ നിര്‍മിച്ചതെന്ന് സമ്മതിച്ചതായും ഇറാഖി അധികൃതര്‍ വ്യക്തമാക്കി. ഇസ്ലാമിക ഭീകര സംഘടനശൃംഖലകളില് രാസായുധ ഉപയോഗത്തിന് കുപ്രസിദ്ധരാണ് അല്‍ഖ്വയ്ദയുടെ ഇറാഖ് ഘടകം. 2006 ഒക്റ്റോബറിനും 2007 ജൂണിനും ഇടയില്‍ 16 ക്ലോറിന്‍ ബോംബുകള്‍ ഇറാഖിന്റെ വിവിധയിടങ്ങളില്‍ നിന്ന് കണ്ടെടുത്തിരുന്നു. തൊലിപ്പുറത്ത് വ്രണങ്ങളടക്കം അനവധി ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ളവയാണ് ക്ലോറിന്‍ ബോംബുകള്‍. ഇപ്പോള്‍ പിടിച്ചെടുത്തവയ്ക്കും മനുഷ്യരില്‍ സമാനമായ രോഗങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: