ബെര്മിംഘാം: ചാമ്പ്യന്‍സ് ലീഗിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. വിരാട് കോഹ്ലിയുടെയും (144) ദിനേശ് കാര്‍ത്തിക്കിന്റെയും (106 നോട്ടൗട്ട്) തകര്‍പ്പന്‍ സെഞ്ച്വറികളാണ് ഇന്ത്യയെ പരാജയത്തില്‍ നിന്നും വിജയത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഒരു ഘട്ടത്തില്‍ നാലിന് 110 എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ടശേഷമാണ് ഇന്ത്യ കാര്‍ത്തികദീപത്തില്‍ വിരാട വിസ്മയം തീര്‍ത്ത് വിജയം സ്വന്തമാക്കിയത്. ശ്രീലങ്ക ഉയര്‍ത്തിയ 334 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഒരോവര്‍ ബാക്കിനില്‍ക്കേയാണ് ഇന്ത്യ വിജയസന്നാഹം തുടങ്ങിയത്. സ്കോര്‍: ശ്രീലങ്ക: 50 ഓവറില്‍ 333ന് 3, ഇന്ത്യ: 49 ഓവറില്‍ 337ന് 5.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലങ്ക കുശാല്‍ പെരേര(82), തിലകരത്നെ ദില്ഷന്(84), ദിനേശ് ചന്ദിമാല്‍(45), സംഗക്കാര(45), ജയവര്‍ധനെ(30), തിസാര പെരേര (26 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് കൂറ്റന്‍ സ്കോറുയര്‍ത്തിയത്.
ശ്രീലങ്ക ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. ഒരു റണ്‍സെടുത്ത ശിഖര്‍ ധവാന് റണ്ണൗട്ടായി. പിന്നീട് സ്കോര്‍ 52 റണ്‍സിലെത്തിയപ്പോള്‍ എറംഗയുടെ പന്തില്‍ തിരമന്നെയ്ക്ക് ക്യാച്ച് നല്കി മുരളി വിജയും(18) മടങ്ങി. റോഹിത് ശര്‍മയും(5) കാര്യമായ സംഭാവനകളില്ലാതെ തീസര പെരേരയുടെ പന്തില്‍ കുലശേഖരക്ക് ക്യാച്ച് നല്കി മടങ്ങിയപ്പോള്‍ മൂന്നിന് 62 എന്ന നിലയിലേക്ക് കൂപ്പുകുത്തി. എന്നാല്‍ സുരേഷ് റെയ്നയെ കൂട്ടു പിടിച്ച് കോഹ്ലി ഇന്ത്യയെ മുന്നോട്ടു നയിച്ചു. സ്കോര്‍ 110ലെത്തിയപ്പോള്‍ റെയ്നയും (33) മടങ്ങി.
പിന്നീടാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറയായ കൂട്ടുകെട്ട് പിറന്നത്. കോഹ്ലിക്കൊപ്പം ദിനേശ് കാര്‍ത്തിക് ഒത്തുചേര്‍ന്നതോടെ ലങ്കന്‍ ബൗളര്‍മാരുടെ മുനയൊടിഞ്ഞു. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 186 റണ്‍സിന്റെ കൂട്ടുകെട്ടാണ് പിന്നീട് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഒടുവില്‍ സ്കോര്‍ 43.5 ഓവറില്‍ സ്കോര്‍ 296-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 120 പന്തില്‍ നിന്ന് 11 ബൗണ്ടറികളും മൂന്നു സിക്സറുകളുമടക്കം 144 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് മടങ്ങിയത്. എറംഗയുടെ പന്തില്‍ ചണ്ഡിമലിന് ക്യാച്ച് നല്‍കിയാണ് കോഹ്ലി മടങ്ങിയത്. പിന്നീട് 18 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ധോണിയെ കൂട്ടുപിടിച്ച് ദിനേശ് കാര്‍ത്തിക് ഇന്ത്യക്ക് സ്വപ്നതുല്യമായ വിജയം സമ്മാനിച്ചു. കാര്‍ത്തിക് 81 പന്തില്‍ നിന്ന് 12 ബൗണ്ടറികളും 2 സിക്സറുകളും പറത്തി. ശ്രീലങ്കക്കെതിരായ വിജയം ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ആത്മവിശ്വാസം ഏറെ ഉയര്‍ത്തും.
നാളെ ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത സന്നാഹ മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: