തിരുവനന്തപുരം: അക്ഷരത്തിന്റെ പുതുവെളിച്ചം തേടി കുരുന്നുകള്‍ നാളെ വിദ്യാലയങ്ങളിലേക്ക്. സംസ്ഥാനത്തെ 2644 സ്കൂളുകളിലേക്ക് മൂന്നര ലക്ഷം കുരുന്നുകളാണ് അറിവിന്റെ പുതുനാമ്പ് തേടിയെത്തുന്നത്. പുത്തനുടുപ്പും പുള്ളിക്കുടയും ചൂടി സ്കൂളിലേക്കെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ മഴയും നേരത്തെ എത്തിക്കഴിഞ്ഞു.
പുതിയ അധ്യയന വര്‍ഷത്തിലേക്കെത്തുന്ന കുട്ടികളെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സ്കൂള്‍ പ്രവേശനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മീഞ്ചന്ത ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിലാണ് നടക്കുന്നത്. രാവിലെ 10ന് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.
വിദ്യാലയങ്ങള്‍ക്ക് പുറമെ ഗ്രാമപഞ്ചായത്ത് മുനിസിപ്പല്‍ കോര്പ്പറേഷന് ജില്ലാ പഞ്ചായത്ത് തലത്തിലും പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വിദ്യാഭ്യാസ അവകാശനിയമം പൂര്‍ണ്ണമായും നടപ്പാക്കുന്ന പശ്ചാത്തലത്തില്‍ സാമൂഹിക പങ്കാളിത്തം കൂടി ഉറപ്പുവരുത്തുന്നതിന് ഇപ്രാവശ്യത്തെ പ്രവേശനോത്സവത്തില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.ഷാജഹാന് പറഞ്ഞു.
ഒന്നാംക്ലാസില്‍ പ്രവേശനം നേടുന്ന എല്ലാ സ്കൂളുകളിലെയും കുട്ടികള്‍ക്ക് പ്രാദേശിക സ്പോണ്‍സര്‍ഷിപ്പിലൂടെ പ്രവേശനക്കിറ്റ് വിതരണം ചെയ്യും. വിദ്യാഭ്യാസമന്ത്രി സംസ്ഥാനത്തെ പിടിഎ പ്രസിഡന്റ്മാര്‍ക്ക് അയച്ചിട്ടുള്ള കത്തുകള്‍ ഉള്‍പ്പെടുത്തി എസ്എസ്എ തയ്യാറാക്കിയ പരിരക്ഷയുടെ പാഠങ്ങള്‍ എന്ന കൈപ്പുസ്തകം അന്നേദിവസം എല്ലാ സ്കുളുകളിലും ഒരേസമയം പ്രകാശനം ചെയ്യും. സംസ്ഥാനതല പ്രകാശനം കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് നിര്‍വഹിക്കും. കോഴിക്കോട് മേയര്‍ എം.കെ.പ്രേമജം പ്രവേശനോല്‍സവ കിറ്റ് വിതരണം ചെയ്യും. എം.കെ.രാഘവന് എംപി സ്കൂളുകള്‍ക്കുള്ള ഗ്രാന്റ് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സൗജന്യപാഠപുസ്തക വിതരണം എം.ഐ.ഷാനവാസ് എം.പിയും സൗജന്യ യൂണിഫോമിന്റെ വിതരണം എ.പ്രദീപ്കുമാര്‍ എംഎല്‍എയും നിര്‍വഹിക്കും.
ജില്ലകളില്‍ ഡിഡിഇ, എസ്എസ്എ പ്രോജക്ട് ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തുമായി ചേര്‍ന്നാണ് പ്രവേശനോത്സവം നടത്തുക.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: