തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുമെന്ന അഭ്യൂഹങ്ങള്‍ സജീവമായി നിലനില്‍ക്കെ സെക്രട്ടറിയേറ്റില്‍ ഭരണ സ്തംഭനം. മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് തര്‍ക്കങ്ങളും വിവാദങ്ങളും ഉണ്ടെങ്കിലും കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകളില്‍ കാര്യമായ അഴിച്ചുപണി ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തില്‍ മന്ത്രിമാരുടെ ഓഫീസുകള്‍ അലസതയിലാണ്. വരാന്‍ പോകുന്ന മന്ത്രിയെക്കുറിച്ചുള്ള ചര്‍ച്ചകളും അഭിപ്രായങ്ങളുമാണ് ഓഫീസുകളില്‍ പ്രധാനമായും ഇപ്പോള്‍ നടക്കുന്നത്.
വകുപ്പു മാറുമെന്ന് ഉറപ്പായ മന്ത്രിമാരാണ് ആകെ പ്രതിസന്ധിയിലായത്. വി.എസ്.ശിവകുമാര്‍, അടൂര്‍പ്രകാശ് എന്നിവര്‍ക്ക് വകുപ്പു മാറ്റമുണ്ടാകുമെന്ന് നേരത്തെ തന്നെ വാര്‍ത്തയുണ്ടായിരുന്നു. ആരോഗ്യവകുപ്പില്‍ നിന്ന് ശിവകുമാറിനെ മാറ്റി പകരം ഗതാഗതവകുപ്പ് നല്‍കുമെന്നായിരുന്നു വാര്‍ത്ത. ആരോഗ്യവകുപ്പു മന്ത്രിക്ക് മാറ്റമുണ്ടാകുമെന്ന വാര്‍ത്ത വന്നതോടെ വകുപ്പിലെ സെക്രട്ടറിമാരും മറ്റും മന്ത്രിയുടെ ഉത്തരവുകളും അഭിപ്രായങ്ങളും വലിയ കാര്യമാക്കുന്നില്ല.
ഇത്തരത്തിലൊരു പരാതി മന്ത്രിക്കുമുണ്ട്. ആരോഗ്യ വകുപ്പില്‍ പുതിയ മന്ത്രിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലായ ഉദ്യോഗസ്ഥര്‍ ഒരു അവധിയുടെ ആലസ്യത്തിലുമാണ്. സംസ്ഥാനത്ത് പനി പടര്‍ന്നു പിടിക്കുകയും സ്ഥിതി ഗുരുതരമാകുകയും ചെയ്യുമ്പോള്‍ പദ്ധതികള്‍ പലതും ആവിഷ്കരിക്കുന്നുണ്ടെങ്കിലും അത് ഫലപ്രാപ്തിയെത്താത്തതിനു കാരണം ഉദ്യേഗസ്ഥന്മാരുടെ നിസ്സഹകരണമാണെന്നാണ് മന്ത്രിയുടെയും അഭിപ്രായം.
റവന്യു മന്ത്രി അടൂര്‍ പ്രകാശ് രമേശ് ചെന്നിത്തലയ്ക്കായി വകുപ്പ് ഒഴിഞ്ഞുകൊടുക്കേണ്ടി വരുമെന്നാണ് മറ്റൊരു അഭ്യൂഹം. ഓഗസ്റ്റിനു മുമ്പ് നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു ലക്ഷം പേര്‍ക്കുള്ള ഭൂമി വിതരണം ഉള്‍പ്പടെ നിരവധി പ്രധാനപ്പെട്ട പദ്ധതികള്‍ റവന്യു വകുപ്പില്‍ നടപ്പാക്കേണ്ടതുണ്ട്. അതിന്റെ പ്രഖ്യാപനം മന്ത്രി നടത്തിയെങ്കിലും ഫലപ്രാപ്തിയിലെത്തിക്കുന്നത് പുതിയ മന്ത്രിയായിരിക്കുമെന്നാണ് വകുപ്പിലെ സംസാരം. അതിനാല്‍ തന്നെ മന്ത്രി അടൂര്‍പ്രകാശിന്റെ ഉത്തരവുകളോട് സെക്രട്ടറിമാരടക്കമുള്ളവര്‍ കാര്യമായി പ്രതികരിക്കുന്നില്ല.
മന്ത്രി ആര്യാടന് മുഹമ്മദിന്റെ പക്കലുള്ള ഗതാഗതവകുപ്പ് ശിവകുമാറിന് നല്‍കുമെന്നാണ് വാര്‍ത്തകള്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തര വകുപ്പ് ഒഴിയേണ്ടിവന്നാല്‍ അദ്ദേഹത്തിനും പുതിയ വകുപ്പ് നല്‍കേണ്ടിവരും. ഇപ്പോള്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ഗണേശ്കുമാര്‍ മന്ത്രിയായിരുന്നപ്പോള്‍ കൈകാര്യം ചെയ്ത വനം, കായികം തുടങ്ങിയ വകുപ്പായിരിക്കും തിരുവഞ്ചൂരിനെന്നാണ് അഭ്യൂഹം. ഇപ്പോള്‍ സ്വന്തമായി മന്ത്രിയില്ലാത്ത വനം, കായികം വകുപ്പുകളില്‍ നേരത്തെ തന്നെ ഭരണ സ്തംഭനമുണ്ട്. പുതിയ മന്ത്രിവരുന്നതുകാത്തിരിക്കുകയാണ് ഈ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍.
പുനഃസംഘടനാ വിവാദം കത്തിപ്പടരുമ്പോള്‍ സെക്രട്ടറിയേറ്റില്‍ ഭരണ സ്തംഭനമാണെന്ന് ആരോപണം നേരത്തെ തന്നെ ഉയര്‍ന്നു കഴിഞ്ഞിരുന്നു. സര്‍ക്കാര്‍ മരണവീടിന്റെ പ്രതീതിയിലാണെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് കടന്നതിന്റെ ആഘോഷങ്ങളുടെ മാറ്റ് വിവാദങ്ങളില്‍ പെട്ട് കുറഞ്ഞുപോകുകയും ചെയ്തു. മന്ത്രിമാര്‍ ആഘോഷമായി വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും യുഡിഎഫ് രാഷ്ട്രീയ വിവാദങ്ങള്‍ ആഘോഷമാക്കുന്ന മാധ്യമങ്ങള്‍ സര്‍ക്കാര്‍ വാര്‍ഷിക വാര്‍ത്തകളെ തമസ്കരിക്കുകയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങള്‍ പോലും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടുകയാണെന്ന അഭിപ്രായം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുണ്ട്. എല്ലാത്തിനും കാരണം പുനഃസംഘടനയുടെ പേരിലുണ്ടായ വിവാദമാണെന്നാണ് അവരുടെ പക്ഷം.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: