പറവൂര്‍: പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിരിക്കുന്ന റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണം റെക്കോഡ് വേഗത്തിലാണ് പൂര്‍ത്തീകരിക്കുന്നതെന്നും, പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് പദ്ധതികള്‍ നടപ്പിലാക്കുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികളുടെ പ്രോല്‍സാഹനം അനിവാര്യമാണെന്നും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുമ്പോള്‍ മാത്രമാണ് അത് ജനങ്ങള്‍ക്കും ഖജനാവിനും നല്ലതാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം ജില്ലയിലെ കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ പന്നക്കാട്-തുരുത്ത് പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശിലാസ്ഥാപനം നടത്തി നാലു മാസങ്ങള്‍ക്കകം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിച്ച് ചരിത്ര നേട്ടം കൈവരിക്കുന്ന പന്നക്കാട്-തുരുത്ത് പാലം മാതൃകയാക്കി സംസ്ഥാനത്തെ നിരവധി പദ്ധതികള്‍ വികസനം ലക്ഷ്യമിട്ട് മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു നാടിന്റെ പിന്നോക്കാവസ്ഥ മാറ്റുന്നതില്‍ പാലങ്ങളുടെയും റോഡുകളുടെയും നിര്‍മ്മാണം വലിയ പങ്കാണ് വഹിക്കുന്നതെന്നും, പാവപ്പെട്ടവരുടെ ജീവിത നിലവാരം ഉയര്‍ത്തണമെന്നും, എല്ലാവരുടെയും സാമൂഹ്യ സാമ്പത്തിക നിലയില്‍ മാറ്റമുണ്ടാകണമെന്നും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച വി.ഡി.സതീശന് എംഎല്‍എ പറഞ്ഞു. മഴ മാറുന്നതോടെ മണ്ഡലത്തിലെ എല്ലാ റോഡുകളുടെയും പണി പൂര്‍ത്തിയാക്കുമെന്നും ചെറിയപ്പിള്ളി-തത്തപ്പിള്ളി കലുങ്ക് നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്നും എംഎല്‍എ പറഞ്ഞു.
മൂന്നര കോടി രൂപയില്‍ പണിതീര്‍ത്ത പന്നക്കാട്-തുരുത്ത് പാലം 25.32 മീറ്റര്‍ നീളമുള്ള ഒരു സ്പാന്‍ ആയിട്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. 7.50 മീറ്റര്‍ വീതിയില്‍ രണ്ട് നിര വാഹനത്തിനുള്ള പാതയും ഇരു കരകളിലുമായി 136 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡും ഉണ്ട്. നാല് മാസം കൊണ്ട് റെക്കോഡ് വേഗത്തിലാണ് പാലം പണി പൂര്‍ത്തിയാക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: