കാസര്‍കോട്: കാസര്‍കോട് നഗരവാസികള്‍ക്ക് കുടിവെള്ളമായി ഉപ്പ് കലര്‍ന്ന മലിനജലം വിതരണം ചെയ്യുന്ന അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി നേതാക്കള്‍ മുഖ്യമന്ത്രിക്ക് ഉപ്പുവെള്ളം നല്കി. കാസര്‍കോട് പഴയ പ്രസ്ക്ലബ് ജംഗ്ഷനില്‍ നടന്ന കെഎസ്ടിപി റോഡ് രണ്ടാംഘട്ട പ്രവൃത്തി ഉദ്ഘാടന ചടങ്ങിലായിരുന്നു ബിജെപിയുടെ വ്യത്യസ്തമായ പ്രതിഷേധപ്രകടനം. നഗരത്തില്‍ വിതരണം ചെയ്യുന്ന വെള്ളം കുപ്പിയിലാക്കി മുഖ്യമന്ത്രിക്ക് നല്‍കുകയായിരുന്നു.
ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതിനുതൊട്ട് മുമ്പ് നിവേദനം നല്‍കുന്നതിനായി വേദിയിലെത്തിയ ബിജെപി സംഘം കുപ്പിയില്‍ നിറച്ച ഉപ്പുവെള്ളം പൊടുന്നനെ മുഖ്യമന്ത്രിക്ക് നല്കി. ‘വര്‍ഷങ്ങളായി കാസര്‍കോട് ജനത വേനല്‍ക്കാലത്ത് കുടിക്കുന്നത് ഉപ്പുവെള്ളമാണെന്നും അങ്ങിത് കുടിച്ചുനോക്കണമെന്നും’ ആവശ്യപ്പെട്ട് ഉപ്പുവെള്ളം മുഖ്യമന്ത്രിക്ക് കൈമാറി. രാവിലെ മുഖം കഴുകിയതിന്റെ ഉപ്പ് മുഖത്ത് ഇപ്പോഴും ഉണ്ടെന്നായിരുന്നു ചടങ്ങില്‍ ആശംസ അര്‍പ്പിക്കാനെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.പി.പി.ശ്യാമളാദേവിയുടെ കമന്റ്. കുടിവെള്ളത്തില്‍ ഉപ്പ് വെള്ളം കയറുന്നത് തടയാന്‍ പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഉദ്ഘാടനപ്രസംഗത്തില്‍ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങളിലെ അഭാവം ചൂണ്ടിക്കാട്ടവെ ബിജെപിക്കാര്‍ ഉപ്പുവെള്ളം നല്കിയ കാര്യം മുഖ്യമന്ത്രി പരാമര്‍ശിച്ചു. ഇതുനേരത്തെ തന്നെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നുവെന്നും 28 കോടി രൂപ തടയണ നിര്‍മാണത്തിന് അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിലേറെയായി കാസര്‍കോട് നഗരത്തില്‍ ഉപ്പുകലര്‍ന്ന കുടിവെള്ളമാണ് നഗരസഭ വിതരണം ചെയ്യുന്നത്. നഗരത്തില്‍ വെള്ളമെത്തിക്കുന്ന പയസ്വിനിപ്പുഴയില്‍ വേലിയേറ്റ സമയത്ത് കടല്‍വെള്ളം കയറുന്നതാണിതിന് കാരണം. ഇവിടെ സ്ഥിരം തടയണ നിര്‍മിക്കണമെന്ന ആവശ്യവും നേരത്തെയുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന അളവില്‍ കുടിവെള്ളത്തില്‍ ഉപ്പുകലര്ന്നിട്ടും അധികൃതര്‍ അനാസ്ഥ തുടരുന്നതുകൊണ്ടാണ് ഇത്തരത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ജില്ലാ ജനറല്‍സെക്രട്ടറി അഡ്വ.കെ. ശ്രീകാന്ത്, മണ്ഡലം പ്രസിഡണ്ടും നഗരസഭാ പ്രതിപക്ഷ നേതാവുമായ പി. രമേഷ്, കൗണ്‍സിലര്‍മാരായ എം. ശ്രീലത, സരിത, രൂപവാണി, നിര്‍മല, അനിത.ആര്. നായ്ക് നേതാക്കളായ കെ.എന്‍. വേണുഗോപാല്‍, ഗണപതി കോട്ടക്കണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: