ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ മെയ് മാസ വില്പനയില് ഇടിവ് നേരിട്ടു. വില്പന 14.4 ശതമാനം ഇടിഞ്ഞ് 84,677 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ വില്പന 98,884 യൂണിറ്റായിരുന്നുവെന്ന് മാരുതിയുടെ പ്രസ്താവനയില്‍ പറയുന്നു. ആഭ്യന്തര കാര്‍ വില്പനയില് 13 ശതമാനം ഇടിവാണ് നേരിട്ടത്. 77,821 യൂണിറ്റ് വാഹന വില്പനയാണ് മെയ് മാസത്തില്‍ നടന്നത്. 2012 മെയ് മാസത്തില്‍ ആഭ്യന്തര വിപണിയില്‍ 89,478 യൂണിറ്റ് വില്പനയാണ് നടന്നത്.
മാരുതി സുസുക്കിയുടെ കയറ്റുമതി 27.1 ശതമാനം ഇടിഞ്ഞ് 6,856 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 9,406 യൂണിറ്റായിരുന്നു. ചെറുകാര്‍ വിഭാഗത്തില്‍പ്പെട്ട എം800, എ സ്റ്റാര്‍, ആള്‍ട്ടോ, വാഗണ്‍ ആര് എന്നിവയുടെ വില്പന 5.1 ശതമാനം ഉയര്‍ന്ന് 31,427 യൂണിറ്റിലെത്തി. 2012 മെയില്‍ ഇത് 29,895 യൂണിറ്റായിരുന്നു. എസ്റ്റിലോ, സ്വിഫ്റ്റ്, റിറ്റ്സ് മോഡലുകളുടെ വില്പന 29.4 ശതമാനം ഇടിഞ്ഞ് 17,147 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 24,290 യൂണിറ്റായിരുന്നു.
മാരുതിയുടെ ജനപ്രിയ മോഡലുകളിലൊന്നായ ഡിസയറിന്റെ വില്പനയില് 2.5 ശതമാനം ഇടിവ് നേരിട്ടു. 17,707 യൂണിറ്റില്‍ നിന്നും 17,265 യൂണിറ്റായാണ് വില്പന ഇടിഞ്ഞത്. എസ് എക്സ് 4 ന്റെ വില്പന 24.2 ശതമാനം ഉയര്‍ന്ന് 503 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 405 യൂണിറ്റായിരുന്നു. ആഡംബര കാറായ കിസാഷി വാങ്ങുന്നതിന് ആരും താല്പര്യം പ്രകടിപ്പിച്ചില്ല. 2012 മെയില്‍ 12 യൂണിറ്റാണ് വില്പന നടത്തിയത്. യൂട്ടിലിറ്റി വാഹനങ്ങളുടെ വില്പന 44.3 ശതമാനം ഇടിഞ്ഞ് 4307 യൂണിറ്റിലെത്തി. വാനിന്റെ വില്പന 24 ശതമാനം ഇടിഞ്ഞ് 7,172 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 9,435 യൂണിറ്റായിരുന്നു. മാരുതി സുസുക്കിയുടെ മൊത്തം യാത്രാക്കാര്‍ വില്പന 8.3 ശതമാനം ഇടിഞ്ഞ് 66,342 യൂണിറ്റിലെത്തി. 2012 ല്‍ ഇതേ കാലയളവിലെ വില്പനായാകട്ടെ 72,309 യൂണിറ്റും.
മാരുതിയുടെ വില്പനയില് ഇടിവുണ്ടായെങ്കിലും ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ വില്പന 2.1 ശതമാനം ഉയര്‍ന്നു. മെയ് മാസത്തില്‍ 56,856 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്. മുന്‍ വര്‍ഷം മെയില്‍ ഇത് 55,669 യൂണിറ്റായിരുന്നു. ആഭ്യന്തര വാഹന വില്പന 0.3 ശതമാനം ഉയര്‍ന്ന് 32102 യൂണിറ്റിലെത്തി. മുന്‍വര്‍ഷത്തെ വില്പന 32,010 യൂണിറ്റായിരുന്നു. കയറ്റുമതി 4.6 ശതമാനം ഉയര്‍ന്ന് 24,754 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 23,659 യൂണിറ്റായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: