സൂര്യനെല്ലിക്കേസില്‍ ആരോപണവിധേയനായ രാജ്യസഭാ അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ജെ.കുര്യനെച്ചൊല്ലി കേരളത്തിലുയര്‍ന്ന കോലാഹലങ്ങള്‍ അവസാനിച്ചെങ്കിലും മലേഷ്യയില്‍ അത് കത്തിപ്പടര്‍ന്നു. മലേഷ്യയില്‍ നടന്ന അന്താരാഷ്ട്ര വനിതാ സമ്മേളനത്തില്‍ പി.ജെ. കുര്യനെ ക്ഷണിച്ചതിനെതിരെ വന്‍പ്രതിഷേധമാണുയര്‍ന്നത്. പതിനാറ് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ആരോപണവിധേയനായതാണ് വനിതാപ്രതിനിധികളെ രോഷം കൊള്ളിച്ചത്.
എന്നാല്‍ പി.ജെ. കുര്യന് ഇത്തരത്തിലൊരു കേസില്‍ ആരോപണ വിധേയനായ വ്യക്തിയാണെന്ന് തങ്ങള്‍ക്കറിയില്ലായിരുന്നു എന്നാണ് സംഘാടകരുടെ വാദം. പീഡനക്കേസില്‍ പേരു പെട്ട ആളാണ് കുര്യനെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹത്തിന് സംസാരിക്കാന്‍ അവസരം നല്കുമായിരുന്നില്ലെന്ന് സംഘാടകര്‍ ഒരു വാര്‍ത്താ ഏജന്‍സിക്ക് അയച്ച ഈ മെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കി.
സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പീഡനവും അക്രമവുമായിരുന്നു യോഗത്തിലെ പ്രധാനചര്‍ച്ചാവിഷയങ്ങളില്‍ ഒന്ന്. ഇതാണ് പി.ജെ. കുര്യന് വിനയായത്. സ്ത്രീപീഡനം തടയുന്നതിനായി ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും ആശയങ്ങളുമായി വിവിധ രാജ്യങ്ങളില്‍ നിന്ന് നൂറ് കണക്കിന് വനിതാപ്രതിനിധികളാണ് എത്തിയിരുന്നത്. കുര്യന് ഇന്ത്യയിലെ വലിയ നേതാവാണെന്നതൊന്നും ഇവര്‍ക്ക് ബാധകമല്ലായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളിലായിരുന്നു സമ്മേളനം. സൂര്യനെല്ലിക്കേസ് എന്നൊന്നും ഇവര്‍ കേട്ടിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയകള്‍ ഇക്കാര്യം സാമാന്യം വിശദമായി തന്നെ വിസ്തരിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനായ കുര്യന് വനിതാ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന വിവരം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെയാണ് പ്രചരിച്ചത്. ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധിയായി കുര്യനെ യോഗത്തില്‍ പങ്കെടുക്കാന്‍ അയച്ച കേന്ദ്രസര്‍ക്കാരും അതിന് അനുവദിച്ച മലേഷ്യന്‍ സര്‍ക്കാരിനുമെതിരെ സോഷ്യല്‍ മീഡിയകളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. പിജെ കുര്യന്റെ പശ്ചാത്തലം അന്വേഷിക്കാതെ സമ്മേളനത്തിലേക്ക് ക്ഷണിച്ച സംഘാടകര്‍ക്കും നിശിതമായ വിമര്‍ശനമേറ്റു വാങ്ങേണ്ടിവന്നു.
ഇതിനിടെ കുര്യന് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനെതിരെ നൂറിലേറെപ്പേര്‍ ഒപ്പിട്ട് പരാതിയും സമര്‍പ്പിക്കപ്പെട്ടു. പി.ജെ.കുര്യനെ പരിപാടിയില്‍ ഒരു വിഭാഗത്തിലും സംസാരിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹത്തെപ്പോലൊരാളെ ഇത്തരമൊരു പരിപാടിയില്‍ സംസാരിക്കാന്‍ ക്ഷണിച്ചത് അപലപനീയമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. എന്തായാലും ഏഷ്യന്‍ ഫോറം ഓഫ് പാര്‍ലമെന്റേറിയന്‍സ് ഓണ്‍ പോപ്പുലേഷന്‍ ആന്‍ഡ് ഡവലപ്പ്മെന്റ് ചെയര്പേഴ്സന് പദവി അലങ്കരിക്കുന്ന വ്യക്തികൂടിയാണ് പി.ജെ.കുര്യന്. ആ നിലക്കാണ് അദ്ദേഹത്തിന് വനിതാ സമ്മേളനത്തിലേക്ക് ക്ഷണം കിട്ടിയത്. വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള എംപി ശ്രദ്ധിക്കപ്പെട്ടത് ഇങ്ങനെയാണെന്ന് മാത്രം. നോക്കണേ നമ്മുടെ സൂര്യനെല്ലിക്കേസ് പോയ പോക്ക്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: