അഞ്ചല്‍: ആറന്മുളയിലെ മിച്ചഭൂമി തീറെഴുതാനുള്ള സര്‍ക്കാര്‍ നീക്കം ഭൂരഹിതരോടുള്ള വെല്ലുവിളിയാണെന്ന് അരിപ്പ സമരനായകന് ശ്രീരാമന് കൊയ്യോന്‍. മൂന്നുസെന്റ് ഭൂമി വാഗ്ദാനം ചെയ്തുകൊണ്ട് ഭൂസമരങ്ങളെ ഒതുക്കാമെന്ന ധാരണ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. 150 ദിവസം പിന്നിടുന്ന അരിപ്പ ഭൂസമരത്തിന് ഐക്യദാര്ഡ്യവുമായെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് ആദിവാസി ദളിത് മുന്നേറ്റസമിതി നല്കിയ സ്വീകരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശ്രീരാമന്.
സംസ്ഥാനത്ത് ഹാരിസണ്‍ പ്ലാന്റേഷന്റെ കൈവശമുള്ള ഭൂമി മാത്രം മതി ഭൂരഹിതരെ സംരക്ഷിക്കാന്‍. ഹാരിസണ്‍ മലയാളം അനധികൃതമായി കയ്യടക്കിയ ഭൂമി സര്ക്കാര്ഡ പിടിച്ചെടുക്കണം. വിദേശകുത്തകകളുടെ പേര് പിന്തുടരുന്ന ഹാരിസണ്‍ കമ്പനിയുടെ ലാന്റ് പ്ലാന്‍ തയ്യാറാക്കിയത് ലണ്ടനിലാണ്. ഭൂമി പാട്ടത്തിന് നല്‍കുക വഴി ഭരണക്കാര്‍ കൊയ്യുന്നത് കോടികളാണ്. ഭൂപരിഷ്കരണത്തിന്റെ പിതാക്കന്മാരെന്ന് അവകാശപ്പെടുന്ന മാര്‍ക്സിസ്റ്റുകള്‍ ഭൂരഹിതരെ വഞ്ചിക്കുകയാണ് ചെയ്തതെന്നും ശ്രീരാമന് കുറ്റപ്പെടുത്തി.
ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത 232 ഏക്കര്‍ മിച്ചഭൂമി തീറെഴുതാനാണ് നീക്കം. ഇത് ഭൂരഹിതരോടുള്ള വെല്ലുവിളിയാണ്. സമരഭൂമിയില്‍ ഉപരോധവും ഊരുവിലക്കും മൂലം ദളിതര്‍ പട്ടിണികിടന്ന് മരിക്കാറായിട്ടും യുഡിഎഫ്, എല്‍ഡിഎഫ് കക്ഷികളില്‍പ്പെട്ട ഒരാളും തിരിഞ്ഞുനോക്കുന്നില്ല. ഭൂമിക്ക് വേണ്ടി മരിക്കാനും സമരക്കാര്‍ക്ക് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സമരഭൂമിയിലെത്തിയ വ.മുരളീധരനെ അരിപ്പ ഭൂസമരത്തിന് നേതൃത്വം നല്കുന്ന മൂപ്പന് സി.കെ.തങ്കപ്പന്, രതീഷ്, കൃഷ്ണന്‍കുട്ടി, രഘു, സുലേഖ, അബൂബക്കര്‍, ഷാജി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ബിജെപി നേതാക്കളായ വയയ്ക്കല്‍ മധു, എം.സുനില്‍, മൗട്ടത്ത് മോഹനന് ഉണ്ണിത്താന്, രാജിപ്രസാദ്, മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.രാധാമണി, വിഎച്ച്പി സംസ്ഥാന ജോയിന്റ് സെക്രട്ടറി കുളത്തൂപ്പുഴ ഉണ്ണികൃഷ്ണന്, ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി ആര്.ഗോപാലകൃഷ്ണന്, ബിജെപി പുനലൂര്‍ മണ്ഡലം പ്രസിഡന്റ് ആലഞ്ചേരി ജയചന്ദ്രന്, ചടയമംഗലം പ്രസിഡന്റ് വയ്യാനം സുനില്‍, ആര്‍എസ്എസ് കാര്യകര്‍ത്താക്കളായ ഉമേഷ്ബാബു, ജയപ്രകാശ്, ആര്.ബാബു എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: