പാലക്കാട്: അട്ടപ്പാടിയില്‍ കഴിഞ്ഞ അമ്പതുവര്‍ഷത്തെ ആദിവാസി ക്ഷേമപ്രവര്‍ത്തനത്തെ സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രമിറക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. അട്ടപ്പാടിയിലെ സാമ്പാര്‍കോട്, നെല്ലിപ്പതി, വട്ടലക്കി എന്നീ ഊരുകളില്‍ സന്ദര്‍ശനം നടത്തിയശേഷം പത്രസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച് അട്ടപ്പാടിയില്‍ തുടര്‍ക്കഥയാകുന്ന നവജാതശിശുക്കളുടെ പട്ടിണിമരണം സാക്ഷരകേരളത്തിന് അപമാനമാണ്. ഉത്തരേന്ത്യയില്‍പ്പോലും ഇത്തരമൊരു ദുരന്തമുണ്ടായിട്ടില്ല. ആദിവാസികളുടെ സ്വത്വബോധം നഷ്ടപ്പെട്ടതാണിതിനു കാരണം. ശിശുമരണത്തിലെ ഒന്നാപ്രതി സര്‍ക്കാരാണ്. തൊട്ടടുത്ത മലപ്പുറം ജില്ലയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോടിക്കണക്കിനു രൂപ വികസനത്തിന്റെ പേരില്‍ ചെലവഴിക്കുമ്പോള്‍ അട്ടപ്പാടി പൂര്‍ണമായും അവഗണിക്കപ്പെടുകയാണ്. ആദിവാസികളുടെ ക്ഷേമത്തിനു വേണ്ടി രൂപീകരിച്ച് അഹാഡ്സ് ഇല്ലാതാക്കി. ദേശവിരുദ്ധപ്രവര്ത്തനത്തിലേര്പ്പെടുന്ന സംഘടനകള്‍ പല ഊരുകളിലും ഇവരെ മുതലെടുക്കുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വികസന പദ്ധതികള്‍ ഊരുവികസന ജനകീയ സമിതികളിലൂടെ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആദിവാസികള്‍ക്കിടയില്‍ ഹൈന്ദവ സംഘടനകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുമെന്നും കുമ്മനം പറഞ്ഞു.
എം.സി. വത്സന്, ടി.എസ്. നാരായണന്, കെ.പി. ഹരിദാസ്, പ്രമോദ്കൃഷ്ണ, സി. ചെന്താമരാക്ഷന്, പി. അരവിന്ദന്, പി. രാമചന്ദ്രന് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: