ബര്‍മിംഘാം: ഐപിഎല്‍ സ്പോട്ട് ഫിക്സിംഗുകള്ക്കും വിവാദങ്ങള്‍ക്കും വിട നല്കി ടീം ഇന്ത്യ ഇന്ന് വീണ്ടും ക്രീസിലേക്ക്. ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തിനാണ് ടീം ഇന്ത്യ ഇന്ന് പാഡണിയുന്നത്. അയല്‍ക്കാരായ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ഐപിഎല്‍ മത്സരങ്ങള്‍ക്കുശേഷം കാര്യമായ വിശ്രമമില്ലാതെയാണ് ടീം ഇന്ത്യ ചാമ്പ്യന്‍സ് ലീഗിനായി ഒരുങ്ങിയിരിക്കുന്നത്.
ഓപ്പണര്‍മാരായി വിരേണ്ടര്‍ സെവാഗും ഗൗതം ഗംഭീറും ഇല്ലാതെയാണ് ടീം ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാനിറങ്ങുന്നത്. ഇരുവര്‍ക്കും പകരമായി മുരളി വിജയും ശിഖര്‍ ധവാനുമാണ് ഇന്ത്യന്‍ ഇന്നിംഗ്സ് ഒാപ്പണ്‍ ചെയ്യുക. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ വിരാട് കോഹ്ലി, സുരേഷ് റെയ്ന, ദിനേശ്കാര്‍ത്തിക്, രോഹിത് ശര്‍മ്മ എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ മുഴുവനും. ഒപ്പം ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജ, ആര്. അശ്വിന് എന്നിവരും ഇന്ത്യക്കായി അണിനിരക്കും. ഇഷാന്ത് ശര്‍മ്മ നയിക്കുന്ന പേസ് ബൗളിംഗ് നിരയും മികച്ച പ്രകടനം നടത്തുമെന്ന വിശ്വാസത്തിലാണ് ക്യാപ്റ്റന്‍ ധോണി. ഇഷാന്തിന് പുറമെ ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ഇര്ഫാന് പഠാന് വിനയ്കുമാര്‍ എന്നിവരടങ്ങിയതാണ് ഇന്ത്യന്‍ പേസ് നിര.
ആഞ്ചലോ മാത്യൂസിന്റെ നേതൃത്വത്തിലാണ് സിംഹളപട ഇന്ത്യക്കെതിരെ സന്നാഹ പോരാട്ടത്തിന് ഇറങ്ങുന്നത്. മുന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ദ്ധനെ, ദില്ഷന്, ചണ്ഡിമല്‍, സംഗക്കാര, ഓള് റൗണ്ടര്‍ തീസര പെരേര തുടങ്ങിയവരാണ് ബാറ്റിംഗ് നിരയിലെ വിശ്വസ്തര്‍. സൂപ്പര്‍ഫാസ്റ്റ് ബൗളര്‍ മലിംഗ നയിക്കുന്ന ബൗളിംഗ്നിരയില് നുവാന്‍ കുലശേഖര, കുശല്‍ പെരേര, ഹെറാത്ത്, എറംഗ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: