ബാങ്കോക്ക്: പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് ദ്വിദിന സന്ദര്‍ശനത്തിനായി ഇന്നലെ തായ്ലാന്റിലെത്തി. വ്യാപകമായ സ്വതന്ത്ര വ്യാപാര കരാറിനുള്ള രൂപരേഖയെക്കുറിച്ചും ഉഭയകക്ഷി ബന്ധത്തെ തന്ത്രപ്രധാന കൂട്ടുകെട്ടിലെത്തിക്കാനും ആവശ്യമായ ചര്‍ച്ചകള്‍ അദ്ദേഹം തായ് പ്രധാനമന്ത്രി യിംഗ്ലുക് ഷിനവാത്രയുമായി നടത്തും.
ടോക്കിയോവില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് പ്രധാനമന്ത്രി ബാങ്കോക്കിലെത്തിയത്. സൈനികേതര ആണവ സഹകരണത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടി ആണവസുരക്ഷയ്ക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് അദ്ദേഹം ജപ്പാന് ഉറപ്പുനല്‍കി. കിഴക്കിന് പ്രാധാന്യം നല്കുന്ന നയം ഉയര്‍ത്തിപ്പിടിച്ച് ഉന്നതതല സംഘവും സന്ദര്‍ശനത്തിനായി പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ആസിയാന്‍ മേഖലയിലേക്ക് കടക്കുന്നതിന് തായ്ലാന്റിനെ പ്രധാനകവാടമായി കരുതുന്നതായും ഉഭയകക്ഷി ബന്ധത്തെ തന്ത്രപ്രധാന പങ്കാളിത്തമാക്കി മാറ്റുമെന്നും ഇന്ത്യന്‍ സംഘം വ്യക്തമാക്കി.
ഈ വര്‍ഷം തന്നെ ഇന്ത്യ-തായ്ലാന്റ് സ്വതന്ത്ര വ്യാപാര കരാര്‍ വ്യാപകമാക്കുന്നതിന് തീരുമാനത്തിലെത്തുമെന്നും ഇതിനായി ഇരുരാജ്യങ്ങളും ചേര്‍ന്ന് രൂപരേഖ തയ്യാറാക്കുമെന്നും തായ്ലാന്റിലെ ഇന്ത്യന്‍ അംബാസഡര്‍ അനില്‍ വാധ്വ ദേശീയ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ നവംബറില്‍ ദല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ അല്‍പ്പം പുരോഗതി ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സേവന മേഖലകള്‍ എങ്ങനെ ബന്ധിപ്പിക്കാമെന്ന ദൗത്യം മറികടക്കലാണ് പ്രയാസമേറിയ കാര്യം. അദ്ദേഹം പറഞ്ഞു.
2010 ജനുവരി മുതല്‍ 84 ഇന ചരക്കുകള്‍ക്ക് നികുതി ഇളവ് ഏര്‍പ്പെടുത്തി സ്വതന്ത്ര വ്യാപാര കരാര്‍ നടപ്പാക്കിയിരുന്നു. ഇത് ഉഭയകക്ഷി വ്യാപാരത്തിനെ അഭിവൃദ്ധിപ്പെടുത്തി. അങ്ങനെ ഇരുരാജ്യങ്ങളും തമ്മിലുള്ള അന്യോന്യവ്യാപാരം 2012-13ല്‍ 9.2 ദശലക്ഷം യുഎസ് ഡോളറിലെത്തി. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ പ്രഖ്യാപിച്ചതു പോലെ തന്ത്രപ്രധാന പങ്കാളിത്തത്തിലെത്തണമെന്ന ഇരുകൂട്ടരുടെയും ആഗ്രഹം ഇവിടെയും പ്രതിഫലിച്ചതായി സിംഗിന്റെ സന്ദര്‍ശനത്തിനിടെ തായ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
തുടര്‍ച്ചയായുള്ള ഉന്നതതല അന്യോന്യ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രത്യേകിച്ചും തായ്ലാന്റിന്റെ പടിഞ്ഞാറ് നോക്കിയുള്ള നയവും ഇന്ത്യയുടെ കിഴക്ക് നോക്കിയുള്ള നയവും കൂടുതല്‍ അടുപ്പമേകാന് കാരണമായി. സന്ദര്‍ശനത്തിനിടെ കുറ്റവാളികളെ കൈമാറല്‍, ഐടി, വിദ്യാഭ്യാസം, പണം കടം കൊടുക്കല്‍ സംബന്ധിച്ച് സാമ്പത്തിക അന്വേഷണ സംഘത്തിന് അനുമതിയേകല് തുടങ്ങിയ വിഷയങ്ങളില്‍ ധാരണാപത്രം ഒപ്പുവയ്ക്കുമെന്നാണ് കരുതുന്നത്. കൂടാതെ ഭൂരാഷ്ട്ര തന്ത്രം, ഇന്ത്യ-തായ്ലാന്റ്-മ്യാന്മാര് എന്നീ ത്രിരാഷ്ട്ര ദേശീയ പാത പദ്ധതി, പ്രതിരോധം, ശാസ്ത്ര സാങ്കേതികം, വിദ്യാഭ്യാസം, സംസ്കാരം എന്നീ വിഷയങ്ങളിലും തായ് സംഘം സിംഗുമായി ചര്‍ച്ച നടത്തും.
2004ല്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയിയുടെ തായ് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രിയായ മന്മോഹന് സിംഗ് ആദ്യമായാണ് ഇവിടെ സന്ദര്‍ശിക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുലോക് ചാറ്റര്‍ജി, വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി, മറ്റു ചില ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും പ്രധാനമന്ത്രിയോടൊപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: