മൂവാറ്റുപുഴ: കഴിഞ്ഞ ശനിയാഴ്ച നെല്ലാട് രാമനാട്ട് മാളിക വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ അഡ്വ. മനു മാത്യുവിന്റെ കൊലപാതകത്തില്‍ പിതൃ സഹോദരന് രാമനാടന്‍ ജോസിനെ കുന്നത്തുനാട് സി ഐ സി. കെ ബാബു അറസ്റ്റ് ചെയ്തു. മനുവിന്റെ സംസ്കാരം ഇന്ന് നടക്കാനിരിക്കെയാണ് ജോസിനെ അറസ്റ്റ് ചെയ്തത്. ഐ പി സി 304 പ്രകാരം കൊലപാതകമാകാത്ത കുറ്റകരമായ നരഹത്യ നടക്കത്തക്ക രീതിയില്‍ വൈദ്യുതി പ്രവഹിപ്പിച്ച് കൊല നടത്തുവാന്‍ സാഹചര്യമുണ്ടാക്കിയെന്നാണ് ജോസിനെതിരെ ചുമത്തിയിട്ടുള്ള കുറ്റം. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ കുന്നത്ത് നാട് സി ഐയുടെ ഓഫീസില്‍ വച്ച് ചോദ്യം ചെയ്യലിനിടെയാണ് ജോസിനെ അറസ്റ്റ് ചെയ്തത്.
കൊലപാതകം നടത്തിയെന്ന് ഇയാള്‍ സമ്മതിച്ചിട്ടില്ലെങ്കിലും അമിതമായി മദ്യപിച്ചിരുന്നതായും അമ്പതിനായിരം രൂപ ആവശ്യപ്പെട്ട് മനു ഇയാളുമായി കലഹിച്ച സാഹചര്യത്തില്‍ മനുവിനെ മൃഗീയമായി മര്‍ദ്ദിച്ചതായും ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതിനിടെ നടന്ന പിടിവലിയില്‍ വീടിനുള്ളില്‍ അലങ്കോലമായി പാകിയിരുന്ന വൈദ്യുതി ലൈനുകളില്‍ നിന്നും മനുവിന് ഷോക്കേല്‍ക്കുകയായിരുന്നു എന്ന് ജോസ് പറയുന്നു.
മരണകാരണം വൈദ്യുതി ആഘാതമാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മനുവിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ഇയാളെ വീട്ടിലേക്ക് ക്ഷണിക്കുകയും കൊലനടത്തുകയുമായിരുന്നെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ജോസിനെതിരെ ചുമത്തിയിട്ടുള്ളത്.
മരണമടഞ്ഞ മനുവിന്റെ മുത്തച്ഛന് നാല്‍പ്പത് വര്‍ഷം മുമ്പ് ഇതേ വീട്ടില്‍ കൊല്ലപ്പെട്ടിരുന്നു. മക്കള്‍ കൊലപ്പെടുത്തിയതെന്നാണ് പറയുന്നതെങ്കിലും ആരുംപിടിക്കപ്പെട്ടില്ല. തുടര്‍ന്ന് 1988ല്‍ മനുവിന്റെ പിതാവ് മാത്യുവിനെ ജോസ് കൊലപ്പെടുത്തിയിരുന്നു. ഒരു സഹോദരനെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇതിന് രണ്ട് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച ജോസിനെ സുപ്രീം കോടതി തെളിവില്ലാത്തതിന്റെ അടിസ്ഥാനത്തില്‍ വെറുതെ വിടുകയായിരുന്നു. കോലഞ്ചേരി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ജോസിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: