ആലുവ: മാധവ്ജി ക്ഷേത്രങ്ങളില്‍ക്കൂടി സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ യത്നിച്ചുവെന്ന് ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി എന്‍.സി.വിഷ്ണു നമ്പൂതിരി അഭിപ്രായപ്പെട്ടു. വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ നടന്ന മാധവ്ജി അനുസ്മരണസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ക്ഷേത്ര ആചാരാനുഷ്ഠാനങ്ങള്‍ നശിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിലാണ് ശക്തമായ ഉപാസനയിലൂടെ ക്ഷേത്രസങ്കല്‍പ്പം സാധാരണക്കാരില്‍ എത്തിക്കാന്‍ മാധവ്ജി യത്നിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
തന്ത്രവിദ്യാപീഠം രക്ഷാധികാരി പാലയ്ക്കല്‍ മാധവ മേനോന് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ മണ്ണാറശ്ശാല സുബ്രഹ്മണ്യന് നമ്പൂതിരി ദീപപ്രോജ്വലനം നടത്തി. മുഖ്യാതിഥി ടി.എസ്.ജഗദീശന് മാധവ്ജി അനുസ്മരണ പെന്ഷന് വിതരണം ചെയ്തു. വര്‍ക്കിംഗ് പ്രസിഡന്റ് ഗോപാലകൃഷ്ണന് കുഞ്ഞി സ്വാഗതം പറഞ്ഞു.
ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി.മേനോന്, ധര്‍മ്മജാഗരണ്‍ പ്രമുഖ് വി.കെ.വിശ്വനാഥന്, മുന്‍ ബിഎംഎസ് ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് രാ.വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു. നേരത്തെ മാധവ്ജി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. രാവിലെ മഹാഗണപതിഹോമം, ഗുരുപൂജ എന്നിവ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: